
മാഹി /പുതുച്ചേരി: രാഷ്ട്രീയ കുതിരക്കച്ചവടത്തിന് മൂന്ന് പതിറ്റാണ്ട് മുമ്പ് വരെ കുപ്രസിദ്ധി നേടിയ പുതുച്ചേരിയിൽ വീണ്ടും 'ആയാറാം ഗയാറാം' രാഷ്ട്രീയത്തിന് കൊടിയേറി. തമിഴ്നാട്ടിൽ എം.ജി.ആർ. ഡി.എം.കെ വിട്ട് എ.ഐ.എ.ഡി.എം കെ. രൂപീകരിച്ചപ്പോൾ, തൊട്ട് പിന്നാലെ 1974ൽ നടന്ന തിരഞ്ഞെടുപ്പിൽ കാരിക്കാൽ സ്വദേശിയായ എ.ഐ.എ.ഡി.എം.കെ. നേതാവ് എസ്. രാമസ്വാമി മുഖ്യമന്ത്രിയായി. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ അധികാരമേറ്റെങ്കിലും അസംബ്ലിയിൽ ഭൂരിപക്ഷം തെളിയിക്കാനായില്ല. 21 ദിവസമായിരുന്നു ആ മന്ത്രിസഭയുടെ ആയുസ്.
പിന്നീട് പ്രസിഡന്റ് ഭരണത്തിലായി. 1977 ൽ കോൺഗ്രസ് എസ് പിന്തുയോടെ രാമസ്വാമി വീണ്ടും മുഖ്യമന്ത്രിയായി. ഒരു വർഷം പൂർത്തിയാകും മുമ്പ് കോൺഗ്രസ് എസ് പിന്തുണ പിൻവലിച്ചു. 1980 വരെ രാഷ്ട്രപതി ഭരണമായി. 1983ൽ കോൺഗ്രസ് പിന്തുണയോടെ ഡി.എം.കെ. നേതാവ് ഡി. രാമചന്ദ്രൻ മുഖ്യമന്ത്രിയായി അധികാലം കഴിയും മുമ്പേ കോൺഗ്രസ് പിന്തുണ പിൻവലിച്ചു. വീണ്ടും രാഷ്ട്രപതി ഭരണമായി.1990ൽ ജനതാദളിന്റെ പിന്തുയോടെ ഡി.എം.കെ നേതാവ് ഡി. രാമചന്ദ്രൻ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്തുണ പിൻവലിച്ചതിനാൽ ഒരു വർഷം കൊണ്ട് താഴെ ഇറണ്ടേണ്ടി വന്നു. 1991ൽ കോൺഗ്രസ് നേതാവ് വി. വൈദ്യലിംഗം മുഖ്യമന്ത്രിയായി പിന്നീടിങ്ങോട്ട് 2016ൽ വി. നാരായണസ്വാമി മുഖ്യമന്ത്രിയാകും വരെ ഭരണസ്ഥിരതയുണ്ടായിരുന്നു. അതിനിടയിൽ പലരും കാല് മാറി, കളം മാറ്റി ചവിട്ടിയെങ്കിലും അത് ഭരണസ്ഥിരതയെ പ്രതികൂലമായി ബാധിച്ചിരുന്നില്ല.
ആസൂത്രിതമായ അട്ടിമറി ഇപ്പോഴാണ് പുതുച്ചേരി കാണുന്നത്. തെന്നിന്ത്യയിലെ ഏക കോൺഗ്രസ് സർക്കാർ നിലനിന്ന ഈ കൊച്ചു കേന്ദ്ര ഭരണ പ്രദേശത്ത് നാരായണസ്വാമിയുടെ ഭരണത്തിന്റെ ആദ്യ നാൾ തൊട്ട് ലഫ്. ഗവർണർ കിരൺ ബേദിയുമായുള്ള ശീതസമരമായിരുന്നു ഭരണം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലായിരുന്നു. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും ജനപ്രതിനിധികളും ഗവർണർ ഹൗസിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന അവസ്ഥ പോലുമുണ്ടായി. അതിനിടെ മൂന്ന് ബി.ജെ.പി. നേതാക്കളെ ലഫ്. ഗവർണ്ണർ നോമിനേറ്റ് ചെയ്യുകയും ചെയ്തു. ഇതിലൊരാൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട ആളാണ്. നിയമിത എം.എൽ.എമാർക്ക് വോട്ടവകാശം ഉണ്ടെന്ന നില കൂടി വന്നപ്പോൾ 30 അംഗ സഭയിൽ മൂന്നെണ്ണമെന്നത് വലിയ സംഖ്യയായി. ഒരു കേന്ദ്ര മന്ത്രി കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പുതുച്ചേരിയിലെ ഒരു സ്വകാര്യ സ്റ്റാർ ഹോട്ടലിൽ ക്യാമ്പ് ചെയ്താണ് അട്ടിമറി നീക്കത്തിന് നേതൃത്വം നൽകിയത്.
കാല് മാറ്റ വീരന്മാരെ ആദ്യം ചാക്കിട്ട് പിടിച്ചു. മുഖ്യമന്ത്രി മോഹിയായി നടക്കുന്ന നമശ്ശിവായത്തെയാണ് ആദ്യം പിടികൂടിയത്. ഡി.എം.കെ, എം.ഡി.എം.കെ, തമിഴ് മാനില കോൺഗ്രസ്, പുതുവൈ മുന്നേറ്റ കോൺഗ്രസ് എന്നിവയിലൂടെ കോൺഗ്രസിലെത്തിയ നമശ്ശിവായം ദില്ലിയിലെത്തി, പാർട്ടി അദ്ധ്യക്ഷനിൽ നിന്നാണ് ബി.ജെ.പി.അംഗത്വം സ്വീകരിച്ചത്. ഇദ്ദേഹത്തിന്റെ കാരണവരാണ് മുൻ മുഖ്യമന്ത്രിയും എൻ.ആർ. കോൺഗ്രസ് നേതാവുമായ എൻ. രംഗസ്വാമി. നിലവിൽ പ്രതിപക്ഷ നേതാവായിരുന്ന രംഗസ്വാമിയും മരുമകനായ നമശ്ശിവായവും തമ്മിലായിരിക്കും ഇനി എൻ.ഡി.എ. കൂടാരത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അങ്കം മുറുകുക.
അതിനിടെ, കോൺഗ്രസിനകത്തും കലാപക്കൊടി ഉയർന്നിട്ടുണ്ട്. വികസന മുരടിപ്പിനടക്കം കാരണമാകും വിധം ലഫ്. ഗവർണ്ണറുമായുള്ള ശീതസമരം നാരായണസ്വാമി പരിഹരിക്കേണ്ടതായിരുന്നുവെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പറയുന്നത്. ചുമതലയേറ്റ് ആറ് മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി, നോമിനേറ്റഡ് എം.എൽ.എമാരെ നിർദ്ദേശിക്കാത്ത സാഹചര്യത്തിലാണ് ലഫ്. ഗവർണ്ണർ സ്വന്തം നിലയിൽ മന്ത്രിസഭയെ മറികടന്ന് നിയമനം നടത്തിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത നാരായണസ്വാമിയെ വൻ ഭൂരിപക്ഷത്തിൽ ജയിച്ച ജോൺ കുമാറിനെ രാജിവെപ്പിച്ച് മത്സരിപ്പിച്ച് മുഖ്യമന്ത്രിയാക്കിയതിലും തുടക്കത്തിലേ എതിർപ്പുളവാക്കിയിരുന്നു.
മൂന്നംഗ ഹൈക്കമാൻഡ് പ്രതിനിധികൾ രണ്ടാഴ്ച മുമ്പ് പുതുച്ചേരിയിലെത്തിയപ്പോൾ രംഗസ്വാമിയെ തിരിച്ചു കൊണ്ടുവരാൻ ആലോചിച്ചിരുന്നു. മുൻ ആഭ്യന്തര മന്ത്രിയായിരുന്ന ഇ. വത്സരാജ് ഇതിന് മുൻകൈയെടുക്കുകയും ആദ്യവട്ട ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന പദവി നൽകുമെന്ന് പ്രഖ്യാപിക്കുന്ന പാർട്ടികൾക്കേ പിന്തുണയുള്ളൂവെന്ന് രംഗസ്വാമി പ്രഖ്യാപിച്ചത്. നാരായണ സ്വാമിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവരാനും, രംഗസ്വാമിയെ മുഖ്യമന്ത്രിയാക്കാനുമായിരുന്നു ഫോർമുല. എന്നാൽ പിന്നീട് നാരായണസ്വാമി ഇതിന് കൂട്ടാക്കിയില്ല. കോൺഗ്രസിൽ നിന്ന് രാജിവെച്ച രണ്ട് എം.എൽ.എമാർ മാത്രമേ ബി.ജെ.പി.യിലേക്ക് പോയിട്ടുള്ളൂ. മറ്റുള്ളവർ സ്വതന്ത്ര നിലപാടിലാണ്. ജയിച്ച് കഴിഞ്ഞാൽ സാഹചര്യം നോക്കി പിന്തുണ നൽകാമെന്നാണ് ഇവരുടെ നിലപാട്.