കല്ലമ്പലം: രണ്ട് പതിറ്റാണ്ടായി കല്ലമ്പലം കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യം യാഥാർത്ഥ്യമായി. "കല്ലമ്പലത്തും വേണം ഫയർ സ്റ്റേഷ൯" എന്ന തലക്കെട്ടിൽ കഴിഞ്ഞ ജൂൺ 20 ന് കേരളകൗമുദിയിൽ വന്ന വാർത്തയാണ് അടിയന്തിരമായി ഫയർ സ്റ്റേഷ൯ തുടങ്ങാ൯ പ്രചോദനമായത്. ഫയർ സ്റ്റേഷ൯ ഇന്ന് നാടിന് സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയ൯ ഓൺ ലൈനിലൂടെ ഉദ്ഘാടനം നിർവഹിക്കും. നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസിനു സമീപമാണ് ഫയർ സ്റ്റേഷ൯ പ്രവർത്തിക്കുക. 2018ൽ ആണ് നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസിനു സമീപം ഫയർ യൂണിറ്റിന് സ്ഥലം വിട്ടു നൽകാൻ ധാരണയായത്. അഡ്വ.വി. ജോയി എം.എൽ.എ യുടെ പരിശ്രമ ഫലമായാണ്‌ വേഗത്തിൽ ഫയർ സ്റ്റേഷ൯ എന്ന നാട്ടുകാരുടെ സ്വപ്നം പൂവണിഞ്ഞത്. തിരക്കേറിയതും വ്യാപാര വ്യവസായ സമുച്ചയങ്ങൾ കൊണ്ട് സമ്പന്നവുമായ കല്ലമ്പലത്ത് അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ തീ അണയ്ക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സിന്റെ സഹായം തേടണം. എന്നാൽ അവർ എത്തുമ്പോഴേക്കും ഭൂരിഭാഗവും കത്തി തീർന്നിരിക്കും. ദേശീയ പാതയിലെ അപകടങ്ങൾ നേരിടുന്നതിനായി ആറ്റിങ്ങൽ വർക്കല മണ്ഡലങ്ങളിൽ ഓരോ ഫയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവയ്ക്കൊന്നും തന്നെ കല്ലമ്പലം മേഖലകളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. തിരക്കേറിയ റോഡുകളിൽ കൂടി വകുപ്പുതല വാഹനങ്ങൾക്ക് എളുപ്പത്തിൽ എത്താൻ കഴിയാത്തതാണ് കാരണം. ഇത് നാട്ടുകാരുടെയും മേലുദ്യോഗസ്ഥരുടെ അപ്രീതിക്കും ഇടയാക്കിയിരുന്നു. ക്വാറികൾ ധാരാളമുള്ള പള്ളിക്കൽ, മടവൂർ,കരവാരം പ്രദേശങ്ങളിൽ മുങ്ങിമരണങ്ങൾ പതിവാണെങ്കിലും സമയത്തെത്താൻ കഴിയാത്ത അഗ്നിശമനാ യൂണിറ്റിന്റെ ദുരവസ്ഥയിൽ നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. നാവായിക്കുളം കേന്ദ്രീകരിച്ചുള്ള ഫയർ സ്റ്റേഷൻ കല്ലമ്പലം, പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജനങ്ങൾക്ക്‌ ഏറെ ഗുണം ചെയ്യും.

പാഞ്ഞെത്തിയിട്ടും...

തീപിടിത്തം, റോഡപകടങ്ങൾ തുടങ്ങി വൈദ്യുതി അപകടങ്ങൾ വരെ അടിക്കടി ഉണ്ടാകുന്ന കല്ലമ്പലം മേഖലയിൽ നിലവിൽ രക്ഷാപ്രവർത്തനത്തിനായി എത്തുന്നത് പത്ത് കീലോമീറ്റർ ദൈർഘ്യമുള്ള ആറ്റിങ്ങൽ വർക്കല യൂണിറ്റുകളിൽ നിന്നുള്ള അഗ്നിശമനസേനയാണ്. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞെത്തുന്ന അഗ്നിശമന സേനയ്ക്ക് പല സന്ദർഭങ്ങളിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമായിരുന്നില്ല.