
മൂത്രവ്യവസ്ഥയിലെ തടസം കാരണമാണ് ഏതാണ്ട് അഞ്ച് ശതമാനം പേരിലും വൃക്ക പരാജയം ഉണ്ടാകുന്നത്. മൂത്രതടസംകാരണം വൃക്കയിൽ ട്യൂബ്യൂൾസിന് പ്രവർത്തനം തകരാറിലാകുന്നതാണ് കാരണം.
ദീർഘമായ രോഗചരിത്രം ചോദിച്ചു മനസിലാക്കുകയാണ് ആദ്യം വേണ്ടത്. വൃക്കയിൽ കല്ലുകൾ നിറഞ്ഞ് മൂത്രതടസം ഉണ്ടാവുക,യുറിറ്ററിൽ ഇരുവശത്തും തടസമുണ്ടാവുക,പ്രോസ്റ്റേറ്റ് വീക്കം, പ്രോസ്റ്റേറ്റ് കാൻസർ ഇവ കാരണം മൂത്ര തടസം ഉണ്ടാവുക മുതലായ കാരണങ്ങൾ കൊണ്ട് വൃക്കപരാജയം ഉണ്ടാകാം.
വൃക്കയിലെയും മൂത്രനാളികളിലെയും മൂത്രതടസം കാരണം വയറിന്റെ മുകൾഭാഗത്തായി വേദന ഉണ്ടാവുക, മൂത്രത്തിൽ കൂടി രക്തം പോവുക മുതലായ രോഗലക്ഷണങ്ങൾ പ്രകടമാവും. നിയന്ത്രണവിധേയമല്ലാത്ത, ദീർഘനാൾ നീണ്ടുനിൽക്കുന്ന പ്രമേഹം കാരണം വൃക്കകളുടെ ആന്തരിക ഭാഗങ്ങൾ അടർന്ന് യുറിറ്ററിൽ തടസമുണ്ടാക്കുന്ന പാപിലറി നെക്രോസിസ്, രണ്ട് യുറിറ്ററിലും തടസം ഉണ്ടാക്കുകയാണെങ്കിൽ വൃക്കപരാജയം എന്നിവ ഉണ്ടാക്കാം.
വയറിൽ ചെയ്യുന്ന ശസ്ത്രക്രിയകളിലെ പിഴവുകൾകാരണം യുറിറ്ററുകളിൽ അടവുകൾ ഉണ്ടാകുകയും അതിലൂടെ വൃക്കപരാജയം സംഭവിക്കാം.
വയറ്റിലെ മറ്റ് അവയവങ്ങളിൽ ഉണ്ടാകുന്ന കാൻസറുകൾ വ്യാപിച്ച് രണ്ട് യുറിറ്ററുകളിൽ തടസം ഉണ്ടാക്കുകയാണെങ്കിൽ വൃക്കപരാജയം ഉണ്ടാകാം. ഗർഭാശയമുഖത്തെ കാൻസർ, ഗർഭപാത്രത്തിലെ കാൻസർ, അണ്ഡാശയ കാൻസർ, വൻകുടലിലെ കാൻസർ, മൂത്രാശയ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ മുതലായവ കാരണം യുറിറ്ററുകൾ രണ്ടും തടസപ്പെടുകയാണെങ്കിലും ഇത് സംഭവിക്കാം.
രോഗ നിർണയവും ചികിത്സയും
രോഗിയുടെ വിശദമായ പരിശോധന രോഗനിർണയത്തിന് സഹായിക്കും. രക്തം, മൂത്രം മുതലായവയുടെ ലാബ് പരിശോധനകൾ, അൾട്രാസൗണ്ട് സ്കാൻ, സി.ടി സ്‌കാൻ, എം.ആർ.ഐ സ്‌കാൻ മുതലായവ രോഗനിർണയത്തിന് സഹായകരമാണ്.
ചികിത്സ പ്രധാനമായും സർജിക്കലാണ്. വൃക്കകളിലെ തടസം പി.സി.എൻ വഴി പരിഹരിക്കാം. അൾട്രാസൗണ്ട് സ്‌കാൻ സഹായത്തോടെ ഇരു വൃക്കകളിലേക്കും ട്യൂബ് കടത്തി മൂത്രം വെളിയിലേക്ക് കളയുന്ന രീതിയാണിത്. രണ്ടു യുറിറ്ററിലും സ്റ്റെന്റ് ഇടുന്നത് മറ്റൊരു ചികിത്സാരീതിയാണ്. ഇവ രണ്ടും രോഗിയുടെ ജീവൻ രക്ഷിക്കുന്ന ചികിത്സാരീതികളാണ്.
ഇരു യുറിറ്ററുകളിലെയും തടസങ്ങൾ യു.ആർ.എസ് വഴി നീക്കം ചെയ്യാം. ഇരു വൃക്കകളിലെയും തടസങ്ങൾ പി.സി.എൻ.എൽ ചികിത്സ വഴി മാറ്റാം. മറ്റു ശസ്ത്രക്രിയകളിലെ പിഴവ് കൊണ്ട് യുറിറ്ററുകളിൽ തടസം ഉണ്ടാവുകയാണെങ്കിൽ അത് നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.
മൂത്രസഞ്ചിയിലെയും പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെയും കാൻസറുകൾ മൂത്രതടസം ഉണ്ടാക്കുകയാണെങ്കിൽ പി.സി.എൻ, സ്റ്റെന്റുകൾ മുതലായവ വഴി ചികിത്സിക്കാം.
വയറിലെ മറ്റു അവയവങ്ങളിലെ കാൻസർ ഉദാഹരണത്തിന്, അണ്ഡാശയം, ഗർഭാശയം, ഗർഭാശയമുഖം, വൻകുടൽ - ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് വൃക്കപരാജയം പരിഹരിക്കാം.
മൂത്രതടസം കാരണമുള്ള വൃക്കപരാജയം ശസ്ത്രക്രിയകൾ കൊണ്ട് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
ഡോ. എൻ. ഗോപകുമാർ
(എം.എസ്. എം.സിഎച്ച് (യൂറോ),
എഫ്.ഇ.ബി.യു, എഫ്. ആർ.സി.എസ്)
യൂറോളജിസ്റ്റ് ആൻഡ്
ആൻഡ്രോളജിസ്റ്റ്
ഫോൺ : 09447057297.