
ലിൻകീഴ്: പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ പുത്തൻ സ്കൂൾ മന്ദിരങ്ങൾ നിർമ്മിച്ചിട്ടും മലയിൻകീഴ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് അവഗണന മാത്രമെന്ന് ആക്ഷേപം. ശാന്തമായ പഠനാന്തരീക്ഷവും ഭൂ - വിസ്തൃതിയുമുണ്ടായിരുന്ന ഈ സ്കൂളിന് ഇപ്പോൾ രണ്ട് ഏക്കർ 89 സെന്റ് മാത്രമാണുള്ളത്. ഇതേ കോമ്പൗണ്ടിൽ ഗവ. കോളേജിനും ഐ.ടി.ഐയ്ക്കും വേണ്ടി 6.5 ഏക്കർ സ്ഥലമാണ് വിട്ട് നൽകിയത്. സ്കൂൾ വകയായിരുന്ന സ്ഥലത്ത് മലയിൻകീഴ് ഗ്രാമപഞ്ചായത്ത് ഗസ്റ്റ് ഹൗസ് നിർമ്മിച്ചെങ്കിലും പുതിയ ഐ.ടി.ഐ അനുവദിച്ചപ്പോൾ ഗസ്റ്റ് ഹൗസ് വിട്ട് നൽകിയിരുന്നു. തുടർന്നാണ് സ്കൂൾ സ്ഥലം പുതിയ ഐ.ടി.ഐയ്ക്ക് വിട്ട് കൊടുത്തത്. അന്തർദേശീയ നിലവാരമുള്ള കോളേജും ഐ.ടി.ഐയും നിർമ്മിച്ച് പ്രവർത്തനമാരംഭിച്ചെങ്കിലും ഈ പഴയ ബോയ്സ് സ്കൂളിന് വികസനമൊന്നുമുണ്ടായില്ല. ഐ.ബി. സതീഷ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 2 കോടി 50 ലക്ഷം രൂപയും എഡ്യൂക്കേഷൻ ഫണ്ടിൽ നിന്ന് 50 ലക്ഷവും വിനിയോഗിച്ച് നിർമ്മിക്കുന്ന മൂന്ന് നിലകളുള്ള മന്ദിരത്തിൽ 15 ക്ലാസ് റൂം, ഓഫീസ്, ലാബ്, കംപ്യൂട്ടർ ലാമ്പ് എന്നിവ നൂതന രീതിയിലുള്ളതാകും. എന്നാൽ പുതിയ മന്ദിരത്തിന് ഭരണാനുമതി മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളു. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് മറ്റ് നടപടി പൂർത്തിയാകാൻ ഇടയില്ല.
വിദ്യാർത്ഥികളുടെ എണ്ണം
ഇംഗ്ലീഷ് - മലയാളം മീഡിനുകളിലായി 5 മുതൽ 10 വരെ- 350 കുട്ടികൾ
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ - 180ഉം
സ്ഥലം വിട്ട് നൽകിയപ്പോൾ സ്കൂൾ കളിക്കളവും നഷ്ടമായി. വിസ്തൃതിയേറിയ കളിക്കളം വിദ്യാർത്ഥികൾക്ക് മാത്രമല്ല പ്രദേശവാസികൾക്കും പരിശീലനക്കളരിക്കുകൂടിയായിരുന്നു. പൊലീസ്, ആർമി, ഫയർഫോഴ്സ് നേവി തുടങ്ങിയ ജോലികൾ തേടുന്നവർക്ക് കളിക്കളം ഉപകാരമായിരുന്നു. പുലർച്ചെയും വൈകിട്ടും കായിക പരിശീലനത്തിന് മറ്റ് സ്ഥലങ്ങളിൽ നിന്ന് പോലും നിരവധി പേരാണ് ഈ സ്കൂൾ കോമ്പൗണ്ടിൽ എത്തിയിരുന്നത്.
ഗണേഷ് കുമാർ മന്ത്രിയായിരുന്നപ്പോൾ സ്കൂൾ സന്ദർശിച്ച സമയത്ത് അന്തർദേശീയ നിലവാരമുള്ള സ്റ്റേഡിയം നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പദ്ധതി എങ്ങുമെത്തിയില്ല.
പുതിയ മന്ദിരം നിർമ്മിക്കുമ്പോൾ വിദ്യാർത്ഥികളുടെ കളിസ്ഥലം നഷ്ടമാകില്ല. ജില്ലാ പഞ്ചായത്ത് ഫണ്ട് 15 ലക്ഷം രൂപ വിനിയോഗിച്ച് സ്കൂളിൽ ഷട്ടിൽ, വോളിബാൾ, ബാസ്കറ്റ് ബാൾ, ഫുട്ബാൾ എന്നിവയ്ക്ക് പുതിയ മൾട്ടി പർപ്പസ് ഗ്രൗണ്ട് നിർമ്മാണം പുരോഗമിക്കുകയാണ്. പ്രദേശവാസികളുടെ കായിക പരിശീലനത്തിന് മറ്റ് വഴികൾ അവർ തേടേണ്ടിവരും. കോളേജിനും ഐ.ടി.ഐയ്ക്കും സ്കൂൾ സ്ഥലം വിട്ട് നൽകിയതിനാലാണ് അവ രണ്ടും മലയിൻകീഴ് കേന്ദ്രമായി പ്രവർത്തിക്കാൻ നിമിത്തമായത്.
എം. അനിൽകുമാർ,
പി.ടി.എ പ്രസിഡന്റ്