checkdam

പേരാമ്പ്ര: വേനൽ അനുദിനം കനക്കുമ്പോൾ മലയോരത്തെ ചെക്ക്ഡാമുകൾ നോക്കുകുത്തികളായി. കൂരാച്ചുണ്ട് പഞ്ചായത്തിലെ പതിനാറിലധികം ചെക്ക്ഡാമുകൾ ഉണ്ടായിട്ടും അധികൃതർ അവ വേണ്ടത്ര പരിപാലിക്കുന്നില്ല. ജല ശ്രോതസുകളിൽ വെള്ളം സംഭരിക്കാനും സമീപത്തെ കൃഷിയിടങ്ങളിൽ ജലലഭ്യത ഉറപ്പു വരുത്താനുമാണ് ചെക്ക്ഡാമുകൾ സ്ഥാപിച്ചത്. ഇവ ഉപയോഗശൂന്യമായതിനാൽ
മേഖലയിലെ അത്തിയോടി തോട്, ചന്തത്തോട് തുടങ്ങി പ്രധാന തോടുകളിലെല്ലാം വെള്ളം കുറഞ്ഞ സ്ഥിതിയാണ്. അങ്ങാടിയിലും മറ്റും വെള്ളം വേനൽ കാലത്ത് ആവശ്യത്തിന് വെള്ളം ലഭ്യമാകണമെങ്കിൽ ചെക്ക്ഡാമുകൾ കാര്യക്ഷമമാകണമെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ പല ചെക്ക്ഡാമുകളും തകർന്ന് ഉപയോഗശൂന്യമായിട്ട് കാലം കുറെയായെന്നും കൈതക്കൊല്ലി ചെക്ക്ഡാം തകർന്നിട്ട് വർഷം പലത് കഴിഞ്ഞെന്നും നാട്ടുകാർ പറയുന്നു. കടുത്ത വേനൽ എത്തുന്നതിന് മുൻപ് ചെക്ക്ഡാമുകൾ ഷട്ടറിട്ട് ജലക്ഷാമം പരിഹരിക്കാനും, തകർന്ന ചെക്ക്ഡാമുകൾ നവീകരിക്കാനും പഞ്ചായത്ത് ഭരണസമിതി ഉടൻ ഇടപെടണമെന്ന് സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പീറ്റർ കിക്കിണിപ്പാറ, രമ ബാബു, എം.വിനു, പി.കെ. സോബിൻ എന്നിവർ സംസാരിച്ചു.