
വാകീൻ ഗുസ്മാൻ അഥവാ ' എൽ ചാപ്പോ'.... ലോകത്തിലെ ഏറ്റവും അപകടകാരിയായ മയക്കുമരുന്ന് രാജാവ്. മെക്‌സിക്കോയിലെ കുപ്രസിദ്ധ ലഹരിമരുന്ന് മാഫിയ സംഘമായ സിനലോവ കാർട്ടലിന്റെ തലവനും കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ എൽ ചാപ്പോ ഇപ്പോൾ ജയിലിലാണ്. എന്നാൽ, കഴിഞ്ഞ ദിവസം എൽ ചാപ്പോയുടെ ഭാര്യ 31 കാരിയായ എമ്മ കൊറോനൽ ഐസ്പറോ അമേരിക്കൻ പൊലീസിന്റെ പിടിയിലായിരുന്നു.
ജയിലിൽ കഴിയുന്ന എൽ ചാപ്പോയ്ക്ക് അവിടെ നിന്ന് കൊണ്ടുതന്നെ ലഹരി മരുന്ന് ഇടപാടുകൾ നടത്താൻ സഹായിച്ചെന്ന പേരിലാണ് എമ്മ അറസ്റ്റിലായത്. കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ അമേരിക്കയിലേക്ക് കടത്താൻ പദ്ധതിയിട്ടിരുന്ന എമ്മ 2015ലും 2016ലും എൽ ചാപ്പോയുടെ ജയിൽച്ചാട്ട ഗൂഡാലോചനയിൽ പ്രധാന പങ്കാളിയായതായും പറയപ്പെടുന്നു.
ആരാണ് എമ്മ ?
മുൻ സൗന്ദര്യ മത്സര വിജയിയും മോഡലുമായ എമ്മയ്ക്ക് അമേരിക്കയിലും മെക്സിക്കോയിലും പൗരത്വമുണ്ട്. 2007ലാണ് എമ്മ തന്നേക്കാൾ 30 വയസ് കൂടിയ എൽ ചാപ്പോയെ കണ്ടുമുട്ടിയത്. 18 വയസായിരുന്നു അന്ന് എമ്മയുടെ പ്രായം. അതേ വർഷം തന്നെ ഇരുവരും വിവാഹിതരായി. എൽ ചാപ്പോയുടെ നാലാമത്തെ വിവാഹമായിരുന്നു ഇത്.
എൽ ചാപ്പോയുടെ സംസാര രീതിയാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്ന് എമ്മ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. എൽ ചാപ്പോ-എമ്മ ദമ്പതികൾക്ക് ഇരട്ട പെൺകുട്ടികളാണുള്ളത്. ഇരുവരുടെയും വിവാഹശേഷം ആഡംബര ജീവിതം അധികം ആസ്വദിക്കാനാകുന്നതിന് മുന്നേ എൽ ചാപ്പോ ജയിലിലായിരുന്നു.
എന്നാൽ, എൽ ചാപ്പോ വിചാരണ നേരിടുമ്പോഴും സോഷ്യൽ മീഡിയയിൽ എമ്മ സജീവമായിരുന്നു. തന്റെ ആഡംബര ജീവിതം വിളിച്ചോതുന്ന പോസ്റ്റുകളിലൂടെ എമ്മ പലപ്പോഴും വാർത്തകളിൽ ചർച്ചയാവുകയും ചെയ്തു. അക്കാലയളവിൽ, എമ്മയുടെ ഡിസൈനർ ഔട്ട്ഫിറ്റുകൾ ഫാഷൻ ലോകത്ത് വരെ ചർച്ചയായി.
ജനിച്ചത് സാൻഫ്രാൻസിസ്കോയിലാണെങ്കിലും സിനലോവ കാർട്ടലിന് സ്വാധീനമുണ്ടായിരുന്ന മെക്സിക്കോയിലെ ഡുരാങ്കോയിലാണ് എമ്മ വളർന്നത്.
മയക്കുമരുന്ന് കടത്തിയ കേസിൽ എമ്മയുടെ പിതാവ് 2017ൽ പൊലീസിന്റെ പിടിയിലായിരുന്നു. വിവാഹശേഷം മെക്സിക്കൻ പൊലീസിന്റെയും യു.എസ് അന്വേഷണ ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് കടക്കാൻ എൽ ചാപ്പോയ്ക്കൊപ്പം എമ്മയുമുണ്ടായിരുന്നു.
നിരവധി തവണ പൊലീസിന്റെ കൈയിൽപ്പെടുകയും രക്ഷപ്പെടുകയും ചെയ്തയാളാണ് എൽ ചാപ്പോ. 2015ൽ എൽ ചാപ്പോയുടെ ജയിൽച്ചാട്ടത്തിന് ബൃഹത്തായ പദ്ധതികളാണ് എമ്മയും സംഘവും ഒരുക്കിയതെന്നാണ് വിവരം. ജയിലിന് അടുത്തായി സ്ഥലം വാങ്ങിയ സംഘം ആയുധങ്ങളും എല്ലാ സജ്ജീകരണങ്ങളോട് കൂടിയ ട്രക്കും തയാറാക്കി. ജി.പി.എസ് സംവിധാനമുള്ള വാച്ച് ജയിലിനുള്ളിൽ എൽ ചാപ്പോയ്ക്ക് എത്തിച്ചു നൽകി. ഇതിലൂടെ എൽ ചാപ്പോയുടെ സ്ഥാനം കണ്ടെത്തി പുറത്തുനിന്ന് ജയിലിലേക്ക് ടണൽ നിർമിച്ചായിരുന്നു ജയിൽച്ചാട്ടത്തിന്റെ പദ്ധതി തയാറാക്കിയത്. 2016ൽ എൽ ചാപ്പോയെ വീണ്ടും പിടികൂടുകയും 2017ൽ യു.എസിന് കൈമാറുകയും ചെയ്യുകയായിരുന്നു.
എൽ ചാപ്പോയുടെ ജനപ്രീതി കണക്കിലെടുത്ത് 2019ൽ എമ്മ ഒരു വസ്ത്ര ബ്രാൻഡ് ആരംഭിച്ചിരുന്നു. ഒരു റിയാലിറ്റി ഷോയിലും എമ്മ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താനും ഒരു സാധാരണ സ്ത്രീയാണെന്നും ആളുകൾ തന്നെ മോശമായി ചിത്രീകരിക്കുന്നത് വളരെ സങ്കടകരമാണെന്നും എമ്മ തന്റെ അഭിമുഖങ്ങളിൽ ആവർത്തിച്ചിരുന്നു. എൽ ചാപ്പോയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിക്കാറുള്ള എമ്മ ഇപ്പോൾ മക്കളെ പരിപാലിക്കുന്നതിനാണ് തന്റെ മുൻഗണനയെന്ന് പറഞ്ഞിരുന്നു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്ന 62 കാരനായ എൽ ചാപ്പോയെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയുള്ള അമേരിക്കയിലെ കൊളറാഡോയിലെ ഫ്ലോറൻസിലുള്ള എ.ഡി.എക്‌സ് ഫെഡറൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.