
സംവരണം സർക്കാരിന്റെ ഔദാര്യമല്ല. ഭരണഘടന വാഗ്‌ദാനം ചെയ്തിരിക്കുന്ന അവകാശമാണ്. നൂറ്റാണ്ടുകളായി അധികാരത്തിന്റെ ഒരു കസേരയിലും ജാതിയുടെ പേരിൽ അടുപ്പിക്കാതെ അകറ്റി നിറുത്തുകയും സാമ്പത്തികമായും സാമൂഹ്യമായും ബൗദ്ധികമായും ചൂഷണം ചെയ്യുകയും ചെയ്തതിന് ജനാധിപത്യ ഭരണം നടത്തുന്ന പ്രായശ്ചിത്വ പരിഹാര കർമ്മമാണ് സംവരണം. അത് ഉദ്യോഗസ്ഥ തലത്തിലും തിരഞ്ഞെടുപ്പ് രംഗത്തും നിലനിൽക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ സംവരണം ഇല്ലായിരുന്നെങ്കിൽ എത്ര പട്ടികജാതിക്കാർ അസംബ്ളിയും പാർലമെന്റും കാണുമായിരുന്നു. എത്ര പിന്നാക്കക്കാർക്ക് സെക്രട്ടേറിയറ്റിലും മറ്റുമിരുന്ന് ജോലി ചെയ്യാൻ കഴിയുമായിരുന്നു.
സംവരണം തുടർന്നാൽ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ നിലവാരം കുറയുമെന്ന് വാദിച്ചിരുന്നവരാണ് ഇപ്പോൾ മുന്നാക്കക്കാർക്കും സംവരണം വേണമെന്ന് അലമുറയിടുകയും 90 ശതമാനവും മുന്നാക്കക്കാർ ഇപ്പോൾ തന്നെ ജോലി ചെയ്യുന്ന ദേവസ്വം ബോർഡിൽ അത് സാധിച്ചെടുക്കുകയും ചെയ്തത്. ചായക്കടക്കാരന്റെ മകൻ എന്നും കുന്നും കടുപ്പത്തിൽ ചായ അടിച്ചുകൊണ്ടിരിക്കണമെന്നും ചെത്തുകാരന്റെ മകൻ ചെത്തിക്കൊണ്ടിരിക്കണമെന്നും ആഗ്രഹിക്കുന്ന മാടമ്പി സ്വഭാവക്കാരുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും നിർഭാഗ്യവശാൽ അവരാണ് ഇപ്പോഴും പല വകുപ്പുകളുടെയും സ്റ്റിയറിംഗ് പിടിക്കുന്നത്. പിന്നാക്കക്കാരുടെ ക്ഷേമത്തിനുവേണ്ടി സർക്കാർ തീരുമാനമെടുത്താലും നടപ്പിലാവുമ്പോൾ അത് അട്ടിമറിച്ച് ഇവർ വണ്ടി മുന്നാക്കക്കാരുടെ ബസ് സ്റ്റാൻഡിൽ കൊണ്ടുനിറുത്തി കട്ടപ്പുറത്ത് കയറ്റും. സർക്കാരിന്റെ വിവിധ വകുപ്പുകളിലും യൂണിവേഴ്സിറ്റിയുടെ ഭരണത്തിലും മറ്റും ഇതൊക്കെ എത്രയോ തവണ കേരളം കണ്ടിട്ടുള്ളതാണ്. ഇത്തരം മാടമ്പികളുടെ ദുഷ്ടലാക്കുകൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന പത്രധർമ്മമാണ് കേരളകൗമുദി എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ളത്.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് രൂപീകരിച്ച വേളയിൽ തന്നെ ഈ സർവീസിന്റെ രണ്ട് സ്ട്രീമുകളിൽ സംവരണം വേണ്ട എന്ന നിലപാടാണ് സർക്കാർ എടുത്തത്. അഥവാ അങ്ങനെ പറഞ്ഞ് സർക്കാരിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഉന്നത ഉദ്യോഗസ്ഥ ശ്രേണിയിലുള്ള ചില മാടമ്പികളും 'മാടമ്പിനി"കളും ശ്രമിച്ചത്. അത് പൊളിച്ചത് കാര്യകാരണസഹിതം കേരളകൗമുദി നിരന്തരം പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ്. പിന്നാക്ക ജാതിയിൽപ്പെട്ട ചില ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സഹായം അത്തരം റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് ഞങ്ങളുടെ ലേഖകർക്ക് ലഭിച്ചിട്ടുണ്ട് എന്നത് ഇവിടെ മറച്ചുവയ്ക്കുന്നില്ല.
കെ.എ.എസിലേക്ക് എത്തിപ്പെടാൻ മൂന്ന് വഴിയാണുള്ളത്. നേരിട്ട് പരീക്ഷയെഴുതി വിജയിച്ച് വരുന്നവർ, ഗസറ്റഡ് റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥർക്കുള്ള രണ്ടാം സ്ട്രീം, ഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ള മൂന്നാം സ്ട്രീം. ഇതിൽ ആദ്യ വിഭാഗത്തിന് മാത്രമാണ് സർക്കാർ ആദ്യം സംവരണം അനുവദിച്ചത്. രണ്ടും മൂന്നും വിഭാഗങ്ങളിലുള്ളവർക്ക് നേരത്തെ തന്നെ സംവരണാനുകൂല്യം ലഭിച്ചിട്ടുള്ളവരാണെന്നും അതിനാൽ സംവരണം അനുവദിക്കേണ്ടന്നുമായിരുന്നു സർക്കാർ നിലപാട്. കേൾക്കുമ്പോൾ ഇത് ന്യായമാണെന്ന് ചിന്തിക്കാത്തവർക്ക് തോന്നാം. സംവരണത്തിനെതിരെ കോടതികളിൽ കേസിന് പോകുന്ന ചില സംഘടനകളും ഇതേ ന്യായമാണ് പറഞ്ഞത്. എന്നാൽ ഈ മൂന്ന് വിഭാഗത്തിലുള്ളവരും ഒരേ എഴുത്തുപരീക്ഷ എഴുതി അഭിമുഖവും കഴിഞ്ഞ് വരുന്നവരാണെന്ന വസ്തുത ഇവർ സൗകര്യപൂർവം മറച്ചുവച്ചു. ഒരേ പരീക്ഷ എഴുതി വരുന്നവർക്ക് വിഭിന്നമായ സംവരണ രീതി അനീതിയാണെന്നും കോടതികളിൽ നിലനിൽക്കില്ലെന്നുമാണ് ഞങ്ങൾ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടിയത്. അതുപോലെ സംഭവിക്കുകയും ചെയ്തു.
കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ബഹുമാനപ്പെട്ട ഹൈക്കോടതിയും മൂന്ന് സ്ട്രീമിലും സംവരണം അനുവദിച്ചു. അതോടെ ഇത് നിയമമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. ഇതിനെതിരെ സുപ്രീംകോടതിയിൽ ഒരു സാമുദായിക സംഘടന അപ്പീൽ നൽകി. ഈ കേസിൽ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും എതിർ സത്യവാങ്‌മൂലം സമർപ്പിക്കാതെ സർക്കാർ ഒളിച്ചുകളി നടത്തുന്നു എന്ന പിന്നാക്കക്കാർക്ക് അത്യന്തം പ്രാധാന്യമുള്ള ഒരു വാർത്തയാണ് ഇന്നലെ കേരളകൗമുദി മുഖ്യവാർത്തയായി പ്രസിദ്ധീകരിച്ചത്. കെ.എ.എസ് സംവരണം: അട്ടിമറിക്കാൻ മേലാളലോബി എന്ന തലക്കെട്ടിൽ കെ. പ്രസന്നകുമാർ എഴുതിയ റിപ്പോർട്ടാണത്. ഈ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് അതിന്റെ പ്രത്യാഘാതം മനസിലാക്കിയ സർക്കാർ ഉടൻ സത്യവാങ്‌മൂലം സമർപ്പിക്കാൻ സുപ്രീംകോടതിയിലെ സീനിയർ കൗൺസലിന് നിർദ്ദേശം നൽകിയതായാണ് ഞങ്ങൾ മനസിലാക്കുന്നത്. അത്രയും നല്ലത്. പക്ഷേ ഇക്കാര്യങ്ങളിൽ കണ്ണും കാതും തുറന്ന് ശ്രദ്ധിച്ചില്ലെങ്കിൽ ഏത് നിമിഷവും അട്ടിമറി നടക്കാം. പഴുതുകളുള്ള സത്യവാങ്‌മൂലമാണെങ്കിൽ പ്രത്യേകിച്ചും. ഈ കേസിൽ സർക്കാരിന് വേണ്ടി ഹാജരാകുന്നത് ജയ്‌ദീപ് ഗുപ്ത എന്ന അഭിഭാഷകനാണ്. ശിവശങ്കറിന് വേണ്ടിയും സുപ്രീംകോടതിയിൽ ഹാജരാകുന്നത് ഇതേ അഭിഭാഷകനാണ്. 16ന് കേസ് വാദത്തിനെടുത്തപ്പോൾ ജയ്‌ദീപ് ഗുപ്ത ഓൺലൈനായി ഹാജരാവുകയോ എതിർ വാദമുന്നയിക്കുകയോ ചെയ്തില്ല എന്നാണ് ഞങ്ങളുടെ മുഖ്യവാർത്തയിലെ പ്രധാന കണ്ടെത്തൽ. കെ.എ.എസ് സംവരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കാതിരുന്നത് വി.ആർ. ജോഷി കോ-ഓർഡിനേറ്ററായ സോഷ്യൽ ജസ്റ്റിസ് ഫോറത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷക ഇന്ദിരാ ജയ്‌സിംഗിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ്. 25 ലക്ഷം രൂപ ഫീസ് നൽകാതെ അവർ സാധാരണഗതിയിൽ ഹാജരാകാറില്ല. എന്നാൽ കേരളീയനും പിന്നാക്കക്കാരനുമായ നിയമരംഗത്തെ ഒരു ഉന്നത വ്യക്തിയുടെ ഇടപെടലിനെത്തുടർന്ന് നാമമാത്രമായ ഫീസ് വാങ്ങിയാണ് അവർ ഹാജരായത്. അവർ കാണിച്ച ആത്മാർത്ഥത പോലും പിണറായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ സർക്കാരിനില്ലെന്ന് വരുന്നത് നാണക്കേടാണ്. സംവരണം റദ്ദാക്കാൻ കഴിയാത്തത് സാധൂകരിക്കുന്ന പ്രധാന പോയിന്റുകൾ ചൂണ്ടിക്കാട്ടി പഴുതുകളില്ലാത്ത സത്യവാങ്‌മൂലം സർക്കാർ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഇത്തരം പ്രതീക്ഷകളാണല്ലോ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.