pinarayi

'താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് ' എന്നത് വളരെ പഴക്കമുള്ള ചൊല്ലാണ്. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും തീരുമാനിച്ച കാര്യത്തിൽ മാറ്റം വരുത്തില്ലെന്ന നിലപാടുകാരാണ് ഈ ചൊല്ലിനെ അന്വർത്ഥമാക്കുന്നത്. കേട്ടുപഠിച്ച കാലം മുതൽ മനസിൽ ഒരു മുദ്രാവാക്യം പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ചൊല്ല് കൊണ്ടു നടക്കുന്നതും. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പിണറായി എടുത്ത ധീരമായനിലപാട് നാം കണ്ടതുമാണ്. അന്നും താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന തത്വത്തിൽ അദ്ദേഹം ഉറച്ചു നിന്നു. പിന്നീട് സർക്കാരിന്റെ നിലപാടിൽ നിന്ന് പിന്നോട്ടു പോകേണ്ടി വന്നെങ്കിൽ അത് പിണറായിയുടെ നിലപാടു മാറ്റമായി കാണേണ്ടതില്ല, മറിച്ച് അയ്യപ്പന്റെ അപാര ശക്തി അദൃശ്യമായി പ്രവർത്തിച്ചതാണെന്ന് എല്ലാ പിണറായി ഭക്തരുംഉറച്ചു വിശ്വസിക്കുന്നു.ശബരിമല വിഷയത്തിൽ കോടതി വിധി വന്നപ്പോൾ ഭക്തർക്ക് വേണ്ടിയുംദേവസ്വം ബോർഡിന് വേണ്ടിയും മന്ത്രി കടകംപളളി സുരേന്ദ്രനും അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാറും ചില അഭിപ്രായങ്ങൾ പറഞ്ഞെങ്കിലും തീർത്തും കർശനമായി അവരെ വിലക്കാനും തിരുത്താനും പിണറായി കാട്ടിയ ആർജ്ജവവും എടുത്തു പറയേണ്ടതാണ്.

ഇപ്പറഞ്ഞതൊക്കെ കാലഹരണപ്പെട്ട കാര്യങ്ങളാണെങ്കിലും വർത്തമാന കാലത്ത് പഴഞ്ചൊല്ലിന് വീണ്ടും പ്രസക്തി കൂടുകയാണ്.സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ കുറെ നാളുകളായി നടക്കുന്ന സമരങ്ങളാണ് ഇപ്പോൾ ഇത് പറയാൻ കാരണം. ഏതാണ്ട് അര ഡസൻ സംഘടനകളാണ് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിത കാല സമരം നടത്തിവരുന്നത്. ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്സ് അസോസിയേഷൻ, സിവിൽ പൊലീസ് ഓഫീസേഴ്സ് റാങ്ക് ഹോൾഡോഴ്സ് അസോസിയേഷൻ,പ്രൊട്ടക്റ്റഡ് ടീച്ചേഴ്സ് അസോസിയേഷൻ, ഒളിമ്പിക് മെഡൽ ജേതാക്കൾ, വനം വാച്ചർ റാങ്ക് ഹോൾഡേഴ്സ് , കെ.എസ്.ആർ.ടി.സി ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് തുടങ്ങി നീണ്ടു പോകുന്ന സമരക്കാരുടെ പട്ടിക. പാർട്ടിയുംജാതിയും മതവും യോഗ്യതയും ഒന്നും പരിഗണിക്കാതെ, സമരക്കാർക്കെല്ലാം ഉറച്ച പിന്തുണ നൽകി സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസുകാരുടെ പന്തൽ ഇതിനെല്ലാം പുറമെയും. ഒരാഴ്ച മുതൽ ഒന്നര മാസം വരെ നീണ്ടു നിൽക്കുന്ന സമരങ്ങളാണ് ഇതിൽ പലതും. സെക്രട്ടേറിയറ്റിന് മുന്നിലെ പതിവ് ആചാരമായി ഈ സമരങ്ങൾ മാറിയിട്ടുണ്ടെന്നു തന്നെ പറയാം.ട്രെയിനിംഗ് പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ പല പൊലീസ് ഉദ്യോഗസ്ഥർക്കും സെക്രട്ടേറിയറ്റ് പരിസരമല്ലാതെ പുറം ലോകം കാണാൻ ഇതേ വരെ യോഗംകിട്ടിയിട്ടില്ലെന്നതാണ് സങ്കടം. സമരക്കാർക്ക് പിന്തുണ അർപ്പിക്കാനെത്തി, സമരഗേറ്റിന് മുന്നിലെ ബാരിക്കേഡ് കുലുക്കി ഉറപ്പിച്ച് ജലപീരങ്കി വാഹനത്തിലെ ചെളിവെള്ളത്തിൽ കുളിച്ചു മടങ്ങുന്ന പ്രതിഷേധ തൊഴിലാളികളും പതിവ് കാഴ്ചയായിരിക്കുന്നു.സർക്കാർ ചർച്ചയ്ക്ക് വിളിക്കണമെന്നതാണ് സമരം ചെയ്തു കുഴഞ്ഞ പല സംഘടനകളുടെയും അവസാന ആഗ്രഹം. പക്ഷേ 'പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെ' ന്ന ശൈലിയാണ് സർക്കാരിന്റേത്.

കണ്ണ് തുറക്കാത്ത ദൈവം

തൊണ്ട പൊട്ടിയുള്ള മുദ്രാവാക്യം വിളിയിലൂടെ പ്രതിഷേധിച്ച് സർക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന പരമ്പരാഗത സമരശൈലി അപ്രസക്തമാണെന്ന തിരിച്ചറിവ് സമരക്കാർക്കുമുണ്ട്. അതിന് പുത്തൻ മാർഗങ്ങൾ അവർ സ്വീകരിച്ചു തുടങ്ങി. തലകുത്തി നിൽക്കുക, പിന്നോട്ടു നടക്കുക, പിച്ചപ്പാത്രവുമായി പ്രകടനം നടത്തുക, ശവമഞ്ചവുമായി പ്രകടനം നടത്തുക, സമരപ്പന്തലിന് മുന്നിൽ മത്സ്യകച്ചവടം നടത്തുക, പ്രതീകാത്മകമായി കെട്ടിത്തൂങ്ങുക,പൊള്ളുന്ന ടാർ റോഡിലൂടെ നട്ടുച്ചയ്ക്ക് മുട്ടിലിഴയുക, തലകുത്തി മറിയുക തുടങ്ങി അതി നൂതനമായ സമരമാർഗങ്ങളാണ് ഓരോ വിഭാഗം സമരക്കാരും പയറ്റിയത്. പക്ഷെ കരിങ്കല്ലിന് കാറ്റുപിടിച്ചാലെന്ന പോലെയാണ് സർക്കാരിന്റെ , പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെനിലപാട്. സെക്രട്ടേറിയറ്റിന് മുന്നിലെ ഈ കോലാഹലങ്ങളൊന്നും കണ്ട ഭാവം മുഖ്യമന്ത്രി നടിച്ചില്ല. ഒരു തരത്തിലുള്ള ചർച്ചയും വേണ്ടെന്ന നിലപാടിൽ മുഖ്യനും സർക്കാരും ഉറച്ചു നിന്നു. അപ്പോഴാണ് പൊടുന്നനെ ഒരു തിരിച്ചറിവ് ഉണ്ടാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. സമരക്കാരെ പിന്തുണയ്ക്കുന്നത് യൂത്ത് കോൺഗ്രസാണ്. ഉദ്യോഗാർത്ഥികളുടെ സമരത്തിന് പൊതു സമൂഹത്തിന്റെ പിന്തുണ ഏറിവരികയാണ്. ഈ തരിച്ചറിവുകൾ വന്നതോടെയാണ് നിലപാട് മെല്ലെമാറ്റി കുരുക്കിൽ നിന്ന് തലയൂരണമെന്ന ബോധം സർക്കാരിന് കൈവന്നത്. ദേശീയ ഗെയിംസിൽ വെള്ളി , വെങ്കല മെഡലുകൾ നേടിയ 82 കായിക താരങ്ങളുടെ സമരംആദ്യം അവസാനിപ്പാനുള്ള ഒത്തുതീർപ്പ് ശ്രമം അങ്ങനെയാണ് ഉടലെടുത്തത്. അവർക്ക് വേണ്ടി പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകാമെന്ന ഉറപ്പ് സർക്കാരിൽ നിന്ന് ലഭിച്ചതോടെ മെഡൽ ജേതാക്കൾ സമരത്തിൽ നിന്ന് പിന്മാറി. പക്ഷെ അപ്പോഴും മറ്റു സമരക്കാരുടെ കാര്യത്തിൽ തീരുമാനമായില്ല. ഇനിയെങ്കിലും മുഖ്യമന്ത്രി നിലപാട് മാറ്റി തന്റെ മുയലിന് കൊമ്പില്ലെന്ന യാഥാർത്ഥ്യത്തിലേക്ക് വരുമോയെന്നാണ് ഇടതുപക്ഷ അനുകൂലികളടക്കമുള്ളവർ ഉറ്റുനോക്കുന്നത്. അങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയില്ലെങ്കിൽ സർക്കാരിനുണ്ടാവുന്ന നാറ്റം അല്പം കടുത്തതുമായിരിക്കും.