
തിരുവനന്തപുരം: യു.ഡി.എഫ് കേരള യാത്രാ സമാപനച്ചടങ്ങിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അതേ നാണയത്തിൽ തിരിച്ചടിച്ച് സി.പി.എം. രാഹുൽഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജന്റിന്റേത് പോലെയായത് ഞെട്ടിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചു.
സ്വർണക്കടത്ത് കേസിൽ അന്വേഷണം ഇഴയുന്നുവെന്നും, ഇടതുകൊടി പിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സ്വർണക്കടത്ത് വരെ നടത്താമെന്നും രാഹുൽഗാന്ധി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലടക്കം സി.പി.എമ്മിന്റെ വിമർശനങ്ങൾക്ക് കാര്യമായ മറുപടി നൽകാതിരുന്ന രാഹുൽഗാന്ധി, സമീപകാലത്ത് കേരളത്തിലെത്തിയപ്പോഴും കേന്ദ്ര അന്വേഷണ ഏജൻസികളെ ബി.ജെ.പിസർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് വിമർശിച്ചതാണ്. അതിൽ നിന്ന് മാറിയാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി രംഗത്തെത്തിയത്. സി.പി.എം- ബി.ജെ.പി ബാന്ധവമെന്നാരോപിച്ചുള്ള കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും പ്രചാരണതന്ത്രത്തിന്, അതേ ആരോപണം തിരിച്ചുയർത്തിയാണ് സി.പി.എമ്മിന്റെ പ്രത്യാക്രമണം. ഇതോടെ, തിരഞ്ഞെടുപ്പ് ഗോദയിലെ അജൻഡയായി രാഹുൽ-സി.പി.എം വാക്പോര് മാറി.
ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നതിൽ ബി.ജെ.പിയുടെ അതേ ശബ്ദമായിരുന്നു രാഹുൽഗാന്ധിക്കുമെന്ന് സി.പി.എം കുറ്റപ്പെടുത്തി. ഈ സമീപനമാണ് പല സംസ്ഥാനങ്ങളിലെയും കോൺഗ്രസ് എം.എൽ.എമാർക്ക് ബി.ജെ.പിയാകാൻ ഉത്തേജനം നൽകുന്നത്. യു.ഡി.എഫിന്റെ ജാഥയിൽ ബി.ജെ.പിക്കെതിരെ ഉരിയാടാതിരുന്നത് യാദൃശ്ചികമല്ലെന്നും വ്യക്തമായി.
സംസ്ഥാന സർക്കാരിനെപ്പറ്റി രാഹുൽഗാന്ധി നടത്തിയ ആക്ഷേപങ്ങൾ തരംതാണതായിപ്പോയി. കള്ളക്കടത്ത് കേസും തൊഴിൽ പ്രശ്നവും സംബന്ധിച്ച പരാമർശങ്ങൾ കേന്ദ്രത്തിൽ ഭരണത്തിലിരുന്ന കോൺഗ്രസിനെക്കുറിച്ചായിരിക്കും. ഭരണസ്വാധീനമുപയോഗിച്ച് അനധികൃതമായി സമ്പാദിച്ച സ്വത്തിന്റെ പേരിൽ അന്വേഷണ ഏജൻസികളുടെ മുമ്പിൽ നിൽക്കുന്ന വധേരയുടെ ചിത്രവും രാഹുൽ ഗാന്ധിയുടെ ഓർമ്മയിലുണ്ടായിരിക്കും.
ഇടതുപക്ഷത്തെ വേട്ടയാടുന്നതിൽ കേന്ദ്ര ഏജൻസികൾക്ക് വേഗത പോരെന്നാണ് വിമർശനം. സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യമെടുത്ത് നിൽക്കുന്ന വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്നതും ഓർക്കണം.
രാജ്യത്ത് വിദേശ ട്രോളറുകൾക്ക് കടൽ തീറെഴുതിക്കൊടുത്തത് 1991ൽ കോൺഗ്രസാണ്. കാർഷികമേഖലയെ കോർപ്പറേറ്റ് ശക്തികൾക്ക് വിട്ടുകൊടുത്ത ഉദാരവത്കരണ നയവും കോൺഗ്രസിന്റേതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ് പ്രഖ്യാപിച്ച നിയമമാണ് ഇപ്പോൾ ബി.ജെ.പി നടപ്പാക്കിയത്. അതിനെതിരെ വയനാട്ടിൽ ട്രാക്ടർ റാലി നടത്തിയ രാഹുൽഗാന്ധി സ്വയം പരിഹാസ്യനാവുകയായിരുന്നു. ബി.ജെ.പിയുടെ നാവായി മാറുന്ന കോൺഗ്രസിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരണമെന്നും സി.പി.എം പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.