s

തിരുവനന്തപുരം: രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ സന്ദർശനം, നിയമന ആവശ്യവുമായി പുതിയ സംഘടനകളുടെ അരങ്ങേറ്റം, എല്ലാം കൂടി ചേർന്നതോടെ റാങ്ക് ഹോൾഡേഴ്സിന്റെ സമരവീര്യം ഏറുകയാണ്. അറ് സംഘടനകൾ ഇപ്പോൾ സമരമുഖത്തുണ്ട്.

സിവിൽ പൊലീസ് റാങ്ക്ഹോൾഡേഴ്സിന്റെ സമരം 18 ദിവസം പിന്നിട്ടു. ഇന്നലെ ഉച്ചയ്ക്ക് ചുട്ടുപൊള്ളുന്ന ടാർറോഡിലൂടെ മുട്ടിലിഴഞ്ഞാണ് അവർ പ്രകടനം നടത്തിയത്. പലരും ബോധമറ്റു വീണു. ചിലരുടെ മുട്ടുകൾ പൊട്ടി ചോര ഒലിച്ചു. കൂടുതൽ അംഗങ്ങൾ സമരമുഖത്തേക്ക് എത്തുകയും ചെയ്തു.

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് അസോസിയേഷൻ നടത്തുന്ന സമരം 30 ദിവസം പിന്നിട്ടു. ഉദ്യോഗസ്ഥ തലത്തിൽ നൽകിയ ഉറപ്പുകൾ ഉത്തരവായി ഇറക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് അവർ.

ദേശീയ ഗെയിംസിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയിട്ടുള്ള 82 കായിക താരങ്ങൾക്ക് നിയമനം നൽകാൻ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചതോടെ 45 ദിവസങ്ങളായി അവർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. എന്നാൽ മറ്റ് ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇപ്പോഴും സർക്കാർ നയം വ്യക്കമാക്കിയിട്ടില്ല.

ഉദ്യോഗാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് തുടങ്ങിയ സമരം 11 ദിവസം കഴിയുന്നു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.എസ്. നുസൂർ, റിജിൽമാക്കുറ്റി, റിയാസ് മുക്കോളി എന്നിവരാണ് ഇപ്പോൾ അനിശ്ചികാല നരാഹാരം നടത്തുന്നത്.