
വെള്ളറട: കാട്ടുമൃഗങ്ങളുടെ ശല്യം കാരണം കൃഷി ചെയ്ത് കുടംബം പുലർത്താൻ കഴിയാതെ മലയോര കർഷകർ. വന്യ ജീവികൾ കൃഷി നശിപ്പിക്കുന്നത് തടയാൻ അധികൃതർ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കൃഷി ചെയ്യാൻ കഴിയാതെയായിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. നിവേദനങ്ങൾ നിരവധി നൽകി. തിരഞ്ഞെടുപ്പിൽ മാത്രം കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളുമെത്തും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തങ്ങളുടെ കാര്യം മറക്കുമെന്ന് മലയോര കർഷകർ പറയുന്നു. ഹെക്ടർ കണക്കിന് സ്ഥലങ്ങളാണ് കൃഷിയിറക്കാനാകാതെ തരിശാക്കിയിട്ടിരിക്കുന്നത്. മാവും പുളിയും പ്ളാവും കായ്ച്ചു തുടങ്ങിയതോടുകൂടി വാനരന്മാർ അവയ്ക്ക് വേണ്ടെങ്കിലും അവയെല്ലാം അടിച്ചും തൊഴിച്ചും കളയുകയാണ്. കാട്ടുപന്നിയാകട്ടെ കുലയ്ക്കാറായ വാഴകൾ കുത്തിമറിച്ചശേഷം സ്ഥലം വിടുകയും ചെയ്യുന്നു. ഒരു കാലത്ത് എല്ലാ നാണ്യവിളകളും കൃഷി ചെയ്ത് കർഷകർക്ക് ആദായം ലഭിച്ചിരുന്നു. എന്നാൽ ഇന്ന് കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയാണ്. വനാതിർത്തി കഴിഞ്ഞെത്തുന്ന വന്യജീവികളെ തടയുന്നതിനുള്ള മാർഗങ്ങൾ അധികൃതരിൽ നിന്ന് ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
മരച്ചീനി, വാഴ, ചേമ്പ്, ചേന, മറ്റുനാണ്യവിളകൾ കൃഷിചെയ്യാൻ കഴിയുന്നില്ല. കാട്ടിൽ നിന്നും കൂട്ടമായി എത്തുന്ന കാട്ടുപന്നികളും വാനരപ്പടയും മുഴുവൻ കൃഷിയും നശിപ്പിക്കുകയാണ്.
വന്യജീവി ശല്യം രൂക്ഷമായിരിക്കുന്നത്
വെള്ളറട, അമ്പൂരി, കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ പന്നിമല, തേക്കുപാറ, കുട്ടമല, കണ്ടംതിട്ട, പാമ്പരംകാവ്, പുറുത്തിപ്പാറ, വാഴിച്ചൽ എന്നിവടങ്ങളിൽ
തേങ്ങയും വിടില്ല
നാളികേരത്തിന് മാർക്കറ്റിൽ നല്ല വിലയുണ്ടെങ്കിലും മലയോരത്തെ കർഷകൻ അന്യദേശങ്ങളിൽ നിന്നും എത്തുന്ന നാളികേരത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തെങ്ങുകളുടെ മണ്ടയിൽ വെള്ളയ്ക്കയാകുമ്പോൾ തന്നെ മുഴുവനും വാനരന്മാർ താഴെയിറക്കും.
മലയോരത്തെ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര പദ്ധതികൾ നടപ്പിലാക്കണം. വാനരന്മാരെ പിടികൂടാൻ കർഷകർ തയ്യാറായാൽ വനം വകുപ്പ് അധികൃതരിൽ നിന്നും നടപടി ഉണ്ടാകാതെ സംരക്ഷിക്കണം.
കർഷകർ