
തിരുവനന്തപുരം: ലോക്ഡൗണിൽ കോയമ്പത്തൂരിൽ കുടുങ്ങിപ്പോയ 6 മലയാളി വിദ്യാർത്ഥിനികൾ സഹായം തേടി വിളിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ. പക്ഷേ, ആരോ അവർക്ക് കൊടുത്ത നമ്പർ തെറ്റി. വിളിച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ.
കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയിൽ ഒപ്‌ടോമെട്രി പരിശീലനത്തിനെത്തിയ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ യുവതികളെ സുരക്ഷിതമായി ലോക് ഡൗൺ സമയത്ത് നാട്ടിലെത്തിച്ചതിന്റെ കഥ ഉമ്മൻചാണ്ടി നർമ്മത്തിൽ പൊതിഞ്ഞ് ഓർത്തെടുത്തു. അത്തരം 99 സംഭവങ്ങളുമായി രണ്ടു ഭാഗങ്ങൾ ഇറങ്ങിയ കുഞ്ഞൂഞ്ഞ് കഥകളുടെ മൂന്നാംഭാഗമായ 'കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞ്' കഥകളുടെ പ്രകാശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
പി.ടി ചാക്കോ രചിച്ച 'കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞൂ' കഥകൾ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ശശിതരൂർ എം.പി മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണിക്ക് നൽകി പ്രകാശനം ചെയ്‌തു.അഗാധമായ മനുഷ്യസ്‌നേഹത്തിന്റെ ഗാഥകളാണ് ഓരോ സംഭവത്തിലുമുള്ളതെന്ന് ശശി തരൂർ പറഞ്ഞു. കൊവിഡും ലോക്ഡൗണും ദുരിതങ്ങൾ വിതറിയ നാളുകളിൽ തനിക്ക് മുന്നിലെത്തിയ പ്രശ്നങ്ങളിൽ വീട്ടിലിരുന്ന് പരിഹരിഹാരം കാണാൻ ഉമ്മൻചാണ്ടി നടത്തിയ ഒറ്റയാൾ പോരാട്ടങ്ങളാണ് മൂന്നാം വാല്യത്തിന്റെ മർമ്മം. ആൾക്കൂട്ടത്തിനു നടുവിലാണ് അദ്ദേഹം ഊർജ്ജസ്വലനാവുന്നതെന്നും അദ്ദേഹം പറഞ്ഞു.വി.എസ് ശിവകുമാർ എം.എൽ.എ,കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി, യൂത്ത് കോൺഗ്രസ് നേതാവ് വീണാ നായർ തുടങ്ങിയവരും പങ്കെടുത്തു.