
'കാലത്തമ്മ കഞ്ഞിതരും കുട്ടകത്തിൽ
മുങ്ങിത്തപ്യാലൊന്നോ രണ്ടോ വറ്റും കിട്ടും."
എന്നൊക്കെ പാടിനടക്കാൻ പറ്റിയ സാഹചര്യമല്ല ഇന്ന് കേരളത്തിൽ. എല്ലാവർക്കും നോട്ടം ആഴക്കടലിലാണ്. അവിടെല്ലാം അടിച്ചുവാരി കിട്ടുന്നതൊക്കെ വാരിക്കൂട്ടാനാണ് തിടുക്കം. ആകപ്പാടെ സമൃദ്ധിയുടെ കാലം. കിറ്റും കിറ്റക്‌സുമായി കേരളം കിഴക്കമ്പലമാകുന്ന മട്ടുണ്ട്. പത്രം തുറന്നാൽ ഐശ്വര്യ കേരളം. വയറുനിറയെ സർക്കാർ പരസ്യങ്ങളുടെ സമ്പദ് സമൃദ്ധി. ടി.വി തുറന്നാൽ സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഉരുൾപൊട്ടൽ. സുഭിക്ഷകേരളം, സമ്പന്നകേരളം, നാടെങ്ങും ചുവപ്പുപരവതാനി വിരിച്ചപോലെ ചീരക്കൃഷി. വാർദ്ധക്യ പെൻഷൻകൊണ്ടുള്ള ആഹ്‌ളാദ പൂത്തിരികൾ!
എല്ലാവർക്കും ആനന്ദം, ഇനിയും മുന്നോട്ട്. ഭരിക്കുന്നവർക്കും ഭരണീയർക്കും നല്ല കാലം. ഭൂമിക്കും ആകാശത്തിനും വായുവിനും വെള്ളത്തിനും ആഴക്കടലിനും കഷ്ടകാലം! കേന്ദ്രവും സംസ്ഥാനവും മത്സരിച്ചാണ് ആദായ വില്പന. വിത്തു കുത്തിത്തിന്നുകഴിഞ്ഞു. നാടുനീളെ അന്താരാഷ്ട്ര ബക്കറ്റുപിരിവ്. കടം വാങ്ങൽ മഹോത്സവം.
ആഴക്കടൽ അടിച്ചുവാരാൻ, അരിച്ചുപെറുക്കാൻ അന്താരാഷ്ട്ര യന്ത്രാസുരന്മാർ, എല്ലാറ്റിനും നോക്കുകൂലി പ്രധാനം. തൂപ്പുകാരെ മുതൽ വൈസ് ചാൻസലർമാരെ വരെ മുൻകൂട്ടി നിയമിക്കും. തൊട്ടുനിന്നവർക്കെല്ലാം അടുത്തൂൺ. അഞ്ചേകാലും കോപ്പും.
ഐ.ജി ആയാലും ചീഫ് സെക്രട്ടറിയായാലും വാക്കൈപൊത്തി വിനീത വിധേയനായി നിന്നോളണം. അടുത്തൂൺ പറ്റിയാൽ ഒരു സമ്മാനപ്പൊതി കിട്ടും. കുറച്ചുകാലംകൂടി ദിവാൻ പേഷ്ക്കാരായി ശ്രീപദ്മനാഭന്റെ ചോറുണ്ണാം.
പ്രവേശനം പിൻവാതിൽ വഴിമാത്രം. മുൻവാതിലുകൾ അടച്ച് ഭദ്രമാക്കിയേക്കണം. വി.ഐ.പി വിനിമയങ്ങൾ അടുക്കളവാതിൽ വഴി ക്രമീകരിക്കുന്നതാണ്. കുത്തിയിരുന്ന് പഠിച്ചവരും റാങ്ക് നേടിയവരും നടുറോഡിൽ തലകുത്തി മറിയട്ടെ. ഇടയ്ക്കിടെ പൊലീസിന്റെ ജലധാരയും രക്തരൂക്ഷിത പരിഗണനകളും കൊടുത്തോട്ടെ. മഹത്തായ നാടകത്തിന്റെ കർട്ടൻ വീണ്ടും ഉയരാൻ പോകുന്നു. എല്ലാം ധരിക്കുമെന്ന് സ്വപ്നം കണ്ട് പാവം പൗരന്മാർ കാത്തിരിക്കട്ടെ. എല്ലാം വാരിക്കെട്ടി, സ്വന്തക്കാരെ വലിച്ചുകയറ്റി, ലാസ്റ്റ് ബസ് പുറപ്പെടാറായി.
അകലംപാലിച്ച്, മാസ്‌ക്കിട്ട്, കൈകഴുകി തയ്യാറായി നിന്നോളൂ.
ഇപ്പം ശരിയാക്കിത്തരാം.
( ലേഖകന്റെ ഫോൺ : 9447575156 )