aattukal-ponkala

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആറ്റുകാൽ ഭഗവതിയുടെ ഭക്തർ ഇക്കൊല്ലം സ്വന്തം വീട്ടുമുറ്റത്ത് പൊങ്കാല ആർപ്പിക്കണമെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സഹമേൽശാന്തി ടി.കെ. ഈശ്വരൻ നമ്പൂതിരി 'കേരളകൗമുദി'യോടു പറഞ്ഞു. ക്ഷേത്രമുറ്റത്ത് പണ്ടാര അടുപ്പിൽ മാത്രമാണ് ഇത്തവണ പൊങ്കാല അടുപ്പൊരുങ്ങു. 27ന് രാവിലെ 10.50ന് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ വീടുകളിൽ ഒരുക്കിയിരിക്കുന്ന അടുപ്പുകളിൽ തീ കത്തിക്കാം. വൈകിട്ട് 3.40ന് പണ്ടാര അടുപ്പിൽ പൊങ്കാല നിവേദിക്കും. ഒപ്പം വീടുകളിൽ തയാറാക്കിയ നിവേദ്യത്തിൽ ഭക്തർക്കും നിവേദിക്കാം. വീടിനകവും പുറവും വൃത്തിയാക്കി വ്രതശുദ്ധിയോടെ പൊങ്കാല അർപ്പിക്കണമെന്നും ഈശ്വരൻ നമ്പൂതിരി പറഞ്ഞു.

വീടുകളിൽ പൊങ്കാല ഒരുക്കേണ്ടത് ഇങ്ങനെ

 പൊങ്കാല അ‌ർപ്പിക്കുന്ന സ്ഥലം ചാണകം മെഴുകുകയോ വെള്ളം തളിച്ചോ ശുദ്ധമാക്കണം

 കിഴക്ക് അല്ലെങ്കിൽ വടക്ക് ദിക്കിലേക്ക് നിന്ന് പൊങ്കാല തയാറാക്കേണ്ടത്.

 അടുപ്പിനടുത്ത് ഗണപതിക്ക് പടുക്ക ഒരുക്കാം.

 നിലവിളക്കിൽ തിരി കിഴക്കോട്ടും പടിഞ്ഞാറോട്ടമിട്ടാണ് കത്തിക്കേണ്ടത്.

 വിളക്ക് കത്തിക്കുമ്പോഴും അടുപ്പിൽ അഗ്നിപകരുമ്പോഴും നിവേദിക്കുമ്പോഴുമെല്ലാം മനസിൽ ദേവിയെ ധ്യാനിക്കണം

മന്ത്രോച്ചാരണം നിർബന്ധമില്ല. അറിയാവുന്നവർ സർവ മംഗള മംഗല്യേ മന്ത്രം ചൊല്ലാം

നിവേദ്യം തയാറാക്കിയ ശേഷം വീടിനുള്ളിൽ കയറുന്നത്കൊണ്ട് ദോഷമില്ല.

കിണ്ടിയിൽ ജലമെടുത്ത് പൂവുമായി അർപ്പിച്ച് നിവേദ്യം ദേവിക്ക് സമർപ്പിക്കാം