job

തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളത്തിനായി മെഡൽ നേടിയ 82 കായിക താരങ്ങൾക്കും മറ്റ് ഉദ്യോഗാർത്ഥികൾക്കും നിയമനം ലഭിക്കാൻ

വിവിധ വകുപ്പുകളിലായി 313 തസ്തികകൾ സൃഷ്ടിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കായികതാരങ്ങൾക്കായി സൂപ്പർ ന്യൂമററി തസ്തികയാണ്. സായുധ പൊലീസിന്റെ പുതിയ ബറ്റാലിയനായി 113 തസ്തിക സൃഷ്ടിക്കും. ഇതടക്കമാണ് 313 തസ്തികകൾ. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ 3823 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ മൊത്തം എണ്ണം 4136 ആയി.

ഇതിനു പുറമേ, ആർട്സ് ആൻഡ് സയൻസ് കോളേജുകളടക്കമുള്ള എയ്ഡഡ് വിദ്യാലയങ്ങൾക്കും തസ്തികകൾ അനുവദിച്ചിട്ടുണ്ട്.

പുതിയ കെ.എ.പി ആറാം ബറ്റാലിയൻ കേന്ദ്രം കോഴിക്കോട് ജില്ലയിലായിരിക്കും. തുടക്കത്തിൽ ഇരുപത്തിയഞ്ച് വനിതകൾ അടക്കം നൂറു പൊലീസുകാരുണ്ടാവും. നഗരവത്കരണവും ആസൂത്രിത കുറ്റകൃത്യങ്ങളും തീവ്രവാദഭീഷണിയും കണക്കിലെടുത്താണ് പുതിയ ബറ്റാലിയൻ രൂപീകരിക്കാൻ തീരുമാനിച്ചത്.

മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ 82 കായിക താരങ്ങളെ കായിക യുവജനകാര്യ ഡയറക്ടറേറ്റിലാണ് സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമിക്കുക. പത്താംക്ളാസ് യോഗ്യത അടിസ്ഥാനമാക്കിയുള്ള ക്ളറിക്കൽ പോസ്റ്റിലാവും നിയമനം. സർക്കാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇവർ സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിൽ നിന്ന് പിന്മാറിയിരുന്നു.