qq

തിരുവനന്തപുരം: കൊവിഡിന്റെ പുതിയ മൂന്ന് വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിർബന്ധമാക്കി. 22 മുതൽ നടപ്പാക്കിയ പുതിയ സംവിധാനം ബ്രിട്ടൻ, ഗൾഫ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കാണ് കർശനമാക്കിയത്. വിമാനത്തിൽ കയറണമെങ്കിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് എടുക്കണം. ഇവിടെ ഇറങ്ങുമ്പോൾ വീണ്ടും ടെസ്റ്റിന് വിധേയമാകണം. ഇതിനെല്ലാം സ്വന്തം പോക്കറ്റിൽ നിന്ന് പണവും നൽകണം.

വിദേശങ്ങളിൽ നിന്ന് വരുന്നവരെല്ലാം സമ്പന്നരല്ല. ഒരു ടെസ്റ്റിന് 1700രൂപയാണ് തിരുവനന്തപുരത്തെ നിരക്ക്.

പണച്ചെലവിന് പുറമെ ഇത് നടത്തിയെടുക്കാനുള്ള സമയചെലവും തിരക്കുമാണ് യാത്രക്കാരെ പ്രയാസത്തിലാക്കുന്ന മറ്റൊരു പ്രശ്നം. തിരുവനന്തപുരത്ത് സ്വകാര്യലാബുകാരുടെ പതിനാറ് കൗണ്ടറുകളുണ്ട് . ഒന്നിലേറെ വിമാനങ്ങൾ അടുത്തടുത്ത സമയങ്ങളിൽ എത്തുമ്പോൾ എല്ലാ കൗണ്ടറുകളിലും വൻതിരക്കാണ്. രണ്ടരമണിക്കൂർ വരെ ടെസ്റ്റിനായി ചെലവഴിക്കേണ്ടിവരുന്നുണ്ട്. സ്രവം നൽകിയശേഷം യാത്രക്കാർക്ക് പോകാം. ടെസ്റ്റ് ഫലം വരാൻ എട്ടുമണിക്കൂറെടുക്കും. പോസിറ്റിവാണെങ്കിൽ വീണ്ടും പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാകണം. കൊവിഡിന്റെ പുതിയ വകഭേദമുണ്ടോ എന്നറിയാനുള്ള മുൻകരുതലാണിത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും എയർപോർട്ട് അതോറിറ്റിയുടെയും കർശന നിർദ്ദേശമുള്ളതിനാൽ ഇളവ് നൽകാനാവില്ലെന്ന് തിരുവനന്തപുരം വിമാനത്താവളം അധികൃതർ പറഞ്ഞു. പരിശോധനാ നിരക്ക് സംസ്ഥാന സർക്കാർ നിശ്ചയിച്ചതാണ്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് യാത്രക്കാർ വരുന്നതെങ്കിലും ഇവിടെ നടത്തിയ പരിശോധനയിൽ പോസിറ്റീവായ അനുഭവം മിക്ക ദിവസങ്ങളിലും ഉണ്ടെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.കൊച്ചിയിൽ ഇരുപതും കോഴിക്കോട് മൂന്നും ആർ.ടി.പി.സി.ആർ. കൗണ്ടറുകളുണ്ട്.

കൊള്ളയടിക്കരുത്: പ്രവാസികൾ

കൊവിഡ് നിയന്ത്രണ നടപടികളുടെ പേരിൽ വിമാനത്താവളങ്ങളിൽ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് യാത്രക്കാരുടെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.പ്രവാസികളുടെ കൊവിഡ് പരിശോധന സൗജന്യമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. പരിശോധനയുടെ പേരിൽ വിമാനത്താവളങ്ങളിൽ പകൽക്കൊള്ളയാണ് നടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ജോലിയും കൂലിയുമില്ലാതെ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും കാരുണ്യത്തിൽ മാസങ്ങളോളം കഴിഞ്ഞ ശേഷം നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളാണ് ഏറെയും.