
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ അദ്ധ്യാപക സംഘടനയായ കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ 30ാം സംസ്ഥാന സമ്മേളനത്തിന് നാളെ പതാക ഉയരും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാറും ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തൈക്കാടുള്ള കെ.എസ്.ടി.എ സംസ്ഥാന സെന്റർ ഹാൾ, ചാല ഗവ.മേഡൽ ബോയ്സ് എച്ച്.എസ്.എസ്, ഗാന്ധിസ്മാരക ഹാൾ എന്നിവിടങ്ങളിലാണ് മൂന്ന് ദിവസത്തെ സമ്മേളനം. വെള്ളിയാഴ്ച രാവിലെ ഒൻപതിന് ആലപ്പുഴ വലിയചുടുകാട് പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പതാകജാഥ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം വെങ്ങാനൂർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽനിന്ന് കൊടിമര ജാഥയ്ക്കും തുടക്കമാകും. 3.45ന് തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എസ് ഗ്രൗണ്ടിൽ പതാക, കൊടിമര ജാഥകൾ സംഗമിക്കും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ ആനാവൂർ നാഗപ്പൻ പതാക ഉയർത്തും.
ശനിയാഴ്ച രാവിലെ 10ന് കെ.എസ്.ടി.എ സംസ്ഥാന കൗൺസിൽ സ്‌റ്റേറ്റ് സെന്റർ ഹാളിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നായനാർ പാർക്കിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച പ്രതിനിധി സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും. രാവിലെ 11.30ന് വിദ്യഭ്യാസ സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് രണ്ടിന് യാത്രഅയപ്പ് സമ്മേളനം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സമ്മേളന സ്വാഗതസംഘം ചെയർമാൻ വി. അജയകുമാർ, കെ.എസ്.ടി.എ സെക്രട്ടറിമാരായ എൻ.ടി. ശിവരാജൻ, ഡി. സുധീഷ്, വൈസ് പ്രസിഡന്റ് ടി.കെ.എ. ഷാഫി എന്നിവരും പങ്കെടുത്തു.