dd

കാഞ്ഞങ്ങാട്: വിഷം അകത്തുചെന്ന് മകനും സഹോദരിയും മരിച്ച സംഭവത്തിൽ യുവതിയെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റു ചെയ്തു. അജാനൂർ കടപ്പുറത്തെ സുഭാഷിന്റെ ഭാര്യ വർഷ ( 24 )യെയാണ് സി.ഐ പി.കെ. മണിയും സംഘവും അറസ്റ്റു ചെയ്തത്. അജാനൂർ കടപ്പുറത്തെ വസന്തൻ - സാജിത ദമ്പതികളുടെ മകളാണ് വർഷ. ഐ.പി.സി 304 ാം വകുപ്പ് അനുസരിച്ച് മനപൂർവ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് വർഷയെ പൊലീസ് അറസ്റ്റ്. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ (ഒന്ന്) ഹാജരാക്കിയ വർഷയെ റിമാന്റ് ചെയ്തു. ആത്മഹത്യ ചെയ്യാനായി വർഷ എലിവിഷം ചേർത്തുവച്ച ഐസ്ക്രീം കഴിച്ചാണ് നാലുവയസുള്ള മകൻ അദ്വൈദും വർഷയുടെ സഹോദരി ദൃശ്യയും (19) മരിച്ചത്.

ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം. മാനസികവിഷമത്തെ തുടർന്ന് ആത്മഹത്യചെയ്യാൻ തീരുമാനിച്ച വർഷ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഐസ്‌ക്രീമിൽ എലി വിഷം ചേർത്ത് കഴിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യവും തലവേദനയും അനുഭവപ്പെട്ടപ്പോൾ വിഷം കലർന്ന ഐസ്‌ക്രീം മേശപ്പുറത്ത് വച്ച് മുറിയിൽ കിടന്നുറങ്ങി. ഇതിനിടയിലാണ് അദ്വൈതും ദൃശ്യയും മേശപ്പുറത്തുണ്ടായിരുന്ന ഐസ്‌ക്രീം കഴിച്ചത്. മേശപ്പുറത്തുണ്ടായിരുന്ന ബിരിയാണി വർഷ അദ്വൈതിന് വാരിക്കൊടുക്കുകയും ചെയ്തു.

രാത്രിയോടെ അദ്വൈതിന് ശർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. പിറ്റേദിവസം രാവിലെ കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം വിഷാംശം മൂലമാണെന്ന് കണ്ടെത്തിയത്. ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നായിരുന്നു ആദ്യം കരുതിയത്. അദ്വൈത് മരിച്ചത് താൻ നൽകിയ ബിരിയാണി കഴിച്ചാണെന്ന് തെറ്റിദ്ധരിച്ച് ദൃശ്യ കൈഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമവും നടത്തി. പിന്നാലെ ദൃശ്യക്കും വർഷക്കും ഛർദ്ദി അനുഭവപ്പെടുകയും ഇവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. നില ഗുരുതരമായതിനാൽ വർഷയെ കോഴിക്കോട്ടെ മിംസ് ആശുപത്രിയിലേക്കും ദൃശ്യയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇളയകുട്ടി ഇശാനെയും മിംസ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. സുഖംപ്രാപിച്ച വർഷയും ഇശാനും വീട്ടിൽ തിരിച്ചെത്തിയെങ്കിലും ദൃശ്യ പരിയാരത്ത് വച്ച് ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു. വിവാഹശേഷം കുമ്പള സ്വദേശിയായ ഭർത്താവ് മഹേഷുമൊത്ത് സ്വന്തം വീട്ടിലാണ് വർഷ താമസിച്ചിരുന്നത്. പിന്നീട് ഇവർ വാടക വീടെടുത്ത് മാറി. സ്വന്തം നാട്ടിൽ വാടകവീടെടുത്ത് താമസംമാറാൻ മഹേഷ് തീരുമാനിച്ചതാണ് വർഷയെ പ്രകോപിച്ചതെന്നാണ് പൊലീസ് പറയുന്നത്.