basheer

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീ‌ർ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ സി.സി.ടി.വി ദൃശ്യങ്ങൾ കോടതിയിൽ പൂർണമായും പകർത്തി തീർന്നില്ല. ഇതിനാൽ ദൃശ്യത്തിന്റെ കോപ്പി പ്രതിഭാഗത്തിന് കോടതി കൈമാറിയില്ല. ബുധനാഴ്ച ഉച്ചയ്ക്ക് അടച്ചിട്ട കോടതി മുറിയിൽ ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചെങ്കിലും കോടതി സമയം കഴിഞ്ഞിട്ടും ഇത് പൂർണമായി പകർത്താനായില്ല. രണ്ട് ഡി.വി.ആറുകൾ ഉണ്ടായിരുന്നതിൽ ഒന്നിന്റെ ദൃശ്യങ്ങൾ മാത്രമാണ് പകർത്താനായത്. രണ്ടാമത്തെ ഡി.വി.ആറിലുളള ദൃശ്യങ്ങൾ കേസ് വീണ്ടും പരിഗണിയ്ക്കുന്ന മാർച്ച് 2ന് പകർത്തും.

കോടതി നിർദ്ദേശ പ്രകാരം എത്തിയ ഹൈടെക് സെൽ എസ്.പി.എ. ഷാനവാസ്, ഡിവൈ.എസ്.പി ഇ.എസ്.ബിജിമോൻ എന്നിവരുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കോടതിയിൽ തൊണ്ടി മുതലായി നൽകിയിരുന്ന ഡി.വി.ആറിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയത്. അപകട സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് പ്രതികൾ നൽകിയ ഹർജിയിൽ ദൃശ്യങ്ങൾ നൽകാൻ നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. രണ്ട് ഡി.വി.ആറിലെയും ദൃശ്യങ്ങൾ പൂർണമായി പകർത്തിയ ശേഷമേ അവ പ്രതികൾക്ക് കൈമാറുകയുളളൂ. പ്രതികളുടെ അഭിഭാഷകർ, സർക്കാർ അഭിഭാഷകൻ, മജിസ്‌ട്രേറ്റ് എന്നിവരുടെ മുന്നിൽ വച്ചാണ് ദൃശ്യങ്ങൾ പകർത്തുന്നത്.

2019 ആഗസ്റ്റ് 3 ന് പുലർച്ചെയാണ് കെ.എം. ബഷീർ കൊല്ലപ്പെട്ടത്. ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസുമാണ് പ്രതികൾ.