
റാങ്ക് ലിസ്റ്റിൽ മൂന്നിലൊന്ന് പേർക്ക് നിയമനം ഉറപ്പ്
തിരുവനന്തപുരം:സി.പി.ഒ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നത് സാദ്ധ്യമല്ലെന്നും റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോൾ മാത്രമേ കാലാവധി നീട്ടാൻ സാധിക്കൂവെന്നും പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.ഒ റാങ്ക് ലിസ്റ്റ് 2020 ജൂൺ 20 നാണ് അവസാനിച്ചത്. 2016ലെ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് അവസാനിച്ച ശേഷമുള്ള ഒഴിവുകൾ കോടതി വിധി അനുസരിച്ച് 2019ൽ ഇറങ്ങിയ ലിസ്റ്റിൽ നിന്നാണ് ശുപാർശ ചെയ്തത്. ഏറ്റവുമൊടുവിൽ 1200 ട്രെയിനികൾക്ക് കൂടി ഇതേ റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ നിയമന ശുപാർശ ചെയ്തിട്ടുണ്ട്.
2014 ലെ ലിസ്റ്റിൽ ഉൾപ്പെട്ട 11611 പേരിൽ നിന്ന് 4796 പേരെയും 2016 ലെ ലിസ്റ്റിലെ 9041 പേരിൽ നിന്ന് 5667 പേരെയും 2019ലെ ലിസ്റ്റിൽ ഉൾപ്പെട്ട 10937 പേരിൽ നിന്ന് 5609 പേരെയും നിയമിച്ചിട്ടുണ്ട്.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും ജോലി ലഭിക്കുമെന്ന് കരുതരുതെന്ന് പി.എസ്.സി ചെയർമാൻ പറഞ്ഞു. മെയിൻ ലിസ്റ്റിലുള്ള മൂന്നിലൊന്നുപേർക്ക് നിയമനം ലഭിക്കും. മുൻ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനശുപാർശയുടെ എണ്ണമോ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതുവരെ ലഭിച്ച ഒഴിവുകളുടെ എണ്ണമോ കണക്കാക്കി അതിന്റെ മൂന്നിരട്ടി ഉദ്യോഗാർത്ഥികളെയാണ് ഓരോ റാങ്ക് ലിസ്റ്റിലും ഉൾപ്പെടുത്തുന്നത്. എൻ.ജെ.ഡി ഉണ്ടായാൽ അത് പരിഹരിക്കാനാണ് ലിസ്റ്റ് വലുതാകുന്നത്. ഓരോ സംവരണ സമുദായത്തിനും അനുവദിച്ചിട്ടുള്ള റിസർവേഷൻ ക്വാട്ടയുടെ അഞ്ച് മടങ്ങ് ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയാണ് ഉപപട്ടികകളും തയ്യാറാക്കുന്നത്. എൽ.ജി.എസ്, എൽ.ഡി.സി പോലുള്ള തസ്തികകളുടെ റാങ്ക് ലിസ്റ്റുകളിൽ ഒരേ ഉദ്യോഗാർത്ഥികൾ തന്നെ ഇടംപിടിക്കുന്നതിനാലാണ് വലിയ ലിസ്റ്റുകൾ തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റ് ചെറുതാക്കാൻ കമ്മീഷന് സ്വന്തമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിഗ്രി അടിസ്ഥാന പൊതുപ്രാഥമിക
പരീക്ഷ മലയാളത്തിൽ
ഡിഗ്രി അടിസ്ഥാനമാക്കിയുള്ള തസ്തികകളിലേക്ക് പൊതുപ്രാഥമിക പരീക്ഷയുടെ ചോദ്യങ്ങൾ മലയാളത്തിലാക്കാൻ തീരുമാനിച്ചതായി പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. പ്ലസ് ടു തലം വരെയുള്ള തസ്തികകളുടെ പ്രാഥമിക പരീക്ഷ ഒറ്റഘട്ടമായി നടത്തും. ഡിഗ്രിതല പ്രാഥമിക പരീക്ഷയ്ക്കുള്ള കൺഫർമേഷൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൺഫർമേഷൻ നൽകിയശേഷം പരീക്ഷയ്ക്ക് എത്താത്തവർക്കെതിരെ നടപടിയെടുക്കുന്നത് പരിശോധിച്ചു വരികയാണ്. കൺഫർമേഷൻ നൽകിയ ശേഷം അപകടമുണ്ടാകുകയോ, അതേ ദിവസം മറ്റൊരു പരീക്ഷയ്ക്ക് പങ്കെടുക്കുകയോ, അസുഖം കാരണമോ പ്രസവസംബന്ധമായോ പങ്കെടുക്കാൻ കഴിയാതെ വന്നാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആദ്യഘട്ടം പത്താം തരം പൊതുപ്രാഥമിക പരീക്ഷയ്ക്ക് 24.3 ലക്ഷം അപേക്ഷകരിൽ പരീക്ഷയ്ക്ക് സന്നദ്ധരായത് 15.5 ലക്ഷം ഉദ്യോഗാർത്ഥികളാണ്.
കട്ട്ഓഫ് മാർക്ക് ഒഴിവു കണക്കാക്കി
പത്താം ക്ലാസ് പൊതുപ്രാഥമിക പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുന്നത് ഓരോ കാറ്റഗറിയിലുമുള്ള ഒഴിവുകൾ കണക്കാക്കി അതിന് ആനുപാതികമായാകും. ഒന്നിലധികം തസ്തികകളിൽ അപേക്ഷിച്ചിട്ടുള്ള ഒരു ഉദ്യോഗാർത്ഥിക്ക് ഓരോ തസ്തികയിലും വ്യത്യസ്ത കട്ട് ഓഫ് മാർക്കാകും ലഭിക്കുക.
കെ.എ.എസിന് 105 ഒഴിവുകൾ
കെ.എ.എസിന്റെ ഷോർട്ട് ലിസ്റ്റ് മാർച്ചിൽ പ്രസിദ്ധീകരിക്കും. ഓരോ സ്ട്രീമിലും 35 വീതം ആകെ 105 ഒഴിവുകളാണുള്ളത്. കൂടുതൽ ഒഴിവുകൾ പിന്നീട് റിപ്പോർട്ട് ചെയ്താൽ നിയമനം നടത്താൻ ആവശ്യമായ ഉദ്യോഗാർത്ഥികളെ ലിസ്റ്റിൽ ഉൾക്കൊള്ളിക്കും.