തിരുവനന്തപുരം: കൊല്ലം അഞ്ചൽ ഹെൽത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ഓസ്‌കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയുടെ റസൂൽ പൂക്കുട്ടി ഫൗണ്ടേഷൻ ആധുനികവത്ക്കരിക്കും. 28 സബ് സെന്ററുകൾ, 4 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 1 സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയാണ് ആധുനികവത്ക്കരിച്ച് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നത്. ഈ ആരോഗ്യ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും നാട്ടുകാർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഇതുസംബന്ധിച്ച ധാരണാപത്രം മന്ത്രി കെ.കെ. ശൈലജയുടെ സാനിദ്ധ്യത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ.ഖോബ്രഗഡെയും റസൂൽ പൂക്കുട്ടിയും ഒപ്പുവച്ചു.
അന്തർദേശീയ രംഗത്തെ പ്രമുഖ മലയാളികൾ ഇതുപോലെ ആരോഗ്യ സ്ഥാപനങ്ങളെ അധുനികമാക്കാൻ മുന്നോട്ട് വരുന്നത് മാതൃകാപരമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യ പരിപാലന സംവിധാനവും ഗ്രാമീണ മേഖലയിലെ ദരിദ്രരായ കുട്ടികൾക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യവും ഒരുക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. നേരത്തെ ഡയബറ്റിക്സ് കണ്ടുപിടിച്ച് ചികിത്സിച്ചിരുന്നെങ്കിൽ 63-ാം വയസിൽ തന്റെ മാതാവിനെ നഷ്ടമാവില്ലായിരുന്നു. ആ ഒരു വേദനയാണ് തന്റെ ഗ്രാമത്തിൽ ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയത്. താൻ പഠിച്ചത് സർക്കാർ സ്ഥാപനങ്ങളിലാണ്. 10 വയസുള്ളപ്പോൾ മരണക്കയത്തിൽ നിന്നും തന്നെ രക്ഷിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ്. അതിനാൽ തന്നെയാണ് സർക്കാർ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാൻ തീരുമാനിച്ചതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.