it

തിരുവനന്തപുരം: ഐ.ടി, ഐ.ടി അനുബന്ധ മേഖലയിൽ ജോലിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതി രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമ ബോർഡിനായിരിക്കും നടത്തിപ്പ് ചുമതല. പെൻഷൻ, കുടുംബ പെൻഷൻ, പ്രസവാനുകൂല്യം, വിവാഹാനുകൂല്യം, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര ആനുകൂല്യം എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്.

പത്ത് ജീവനക്കാരിൽ താഴെയുള്ള ഐ.ടി സംരംഭകരെയും പദ്ധതിയിലുൾപ്പെടുത്തും. സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെ ഐ.ടി, ഐ.ടി അനുബന്ധ ജീവനക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. ജീവനക്കാരും കുടുംബാംഗങ്ങളുമാണ് ക്ഷേമനിധിയുടെ പരിധിയിൽ വരിക. 18നും 55നുമിടയ്ക്ക് പ്രായമുള്ളവർക്ക് അംഗത്വത്തിന് അർഹതയുണ്ടാകും. പ്രതിമാസം 100 രൂപ വീതമാണ് അംഗങ്ങളുടെയും തൊഴിലുടമയുടെയും അംശാദായം. സ്വയംസംരംഭകർ 200 രൂപ അടയ്ക്കണം. 10 വർഷം തുടർച്ചയായി വിഹിതമടയ്ക്കുന്നവർക്ക് 60 വയസ് പൂർത്തിയാവുകയോ ശാരീരിക അവശത മൂലം രണ്ട് വർഷത്തിലധികം തുടർച്ചയായി ജോലി ചെയ്യാനാവാതെ വരികയോ ചെയ്താൽ പെൻഷൻ ലഭിക്കും.

3000 രൂപയാണ് പ്രതിമാസ പെൻഷൻ. കുടുംബ പെൻഷനും ക്ഷേമനിധിയുടെ ഭാഗമാണ്.