
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സി.പി.ഗോപകുമാർ രാജി വച്ചു. റിട്ട പൊലീസ് ഓഫീസറായ ഗോപകുമാർ ചുമതലയേറ്റിട്ട് രണ്ടു മാസമേ ആയുള്ളൂ. സുപ്രീംകോടതി നിയോഗിച്ച ഭരണസമിതിയും എക്സി.ഓഫീസറും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് പിന്നിലെന്നറിയുന്നു.നേരത്തെയുണ്ടായിരുന്ന എക്സിക്യൂട്ടീവ് ഓഫീസറെയും ഭരണസമിതിയെയും സുപ്രീംകോടതിയാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ എക്സിക്യൂട്ടീവ് ഓഫീസറെ ജില്ലാ ജഡ്ജി ചെയർമാനായ ഭരണ സമിതിയാണ് നിയമിക്കുന്നത്. അധികാരങ്ങൾ തീരെ കുറവുമാണ്. ശംഖുമുഖത്തെ ആറാട്ട് മണ്ഡപത്തിന് സമീപം നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത് എക്സിക്യൂട്ടീവ് ഓഫീസർ നൽകിയ കത്തിന് ഭരണസമിതിയുടെ അംഗീകാരമില്ലെന്നതായിരുന്നു പ്രധാന തർക്കം. ദീർഘനാളായി മുടങ്ങിക്കിടക്കുന്ന മേൽക്കൂരയുടെ നിർമ്മാണം പുനരാരംഭിക്കാൻ എക്സിക്യൂട്ടീവ് ഓഫീസർ ശ്രമിച്ചതും തന്നിഷ്ടപ്രകാരമാണെന്ന പരാതി ഭരണസമിതിക്കുണ്ടായിരുന്നു. ഒരു ഭക്തൻ 25 ലക്ഷം രൂപ ക്ഷേത്രത്തിന്റെ പൊതുഫണ്ടിലേക്ക് ഏത് ആവശ്യത്തിനെന്ന് വ്യക്തമാക്കാതെ നൽകിയിരുന്നു. ഇതിൽ നിന്നും രണ്ടു ലക്ഷം രൂപ ക്ഷേത്രത്തിലെ ഓഡിറ്ററുടെ നിർദ്ദേശപ്രകാരം ഉദയാസ്തമന പൂജയ്ക്ക് മാറ്റിനൽകാൻ ആവശ്യപ്പെട്ടു. പണം നൽകിയ ഭക്തന്റെ അനുവാദമില്ലാതെ തുക മാറ്റിനൽകാൻ സാധിക്കില്ലെന്ന ഓഫീസറുടെ നിലപാടും ഭരണസമിതിയുടെ എതിർപ്പിന് കാരണമായെന്നാണ് പറയുന്നത്.
എക്സിക്യൂട്ടീവ് ഓഫീസറുടെ വാഹനം ഭരണസമിതി അംഗങ്ങൾക്ക് നൽകണം, അംഗങ്ങളുടെ വിളിപ്പുറത്ത് ഓഫീസർ എത്തണം,ക്ഷേത്രാചാരങ്ങളിൽ ഓഫീസർക്കുള്ള ചുമതല പുനർനിർണയിക്കണം തുടങ്ങിയ സമിതിയുടെ നടപടികൾ അംഗീകരിക്കാനാകില്ലെന്ന് സി.പി.ഗോപകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതിയോഗത്തിന് പിന്നാലെ അദ്ദേഹം ചെയർമാൻ ഉൾപ്പെടെയുള്ളവർക്ക് രാജിക്കത്ത് ഇ-മെയിലിൽ അയയ്ക്കുകയായിരുന്നു.
''ഉദ്യോഗസ്ഥനും സമിതിയുമായി പ്രത്യക്ഷത്തിൽ പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇക്കാര്യം അന്വേഷിക്കും''.
:-കുമ്മനം രാജശേഖരൻ,
സമിതി അംഗം
''ഭരണസമിതിയുടെ ചട്ടങ്ങളനുസരിച്ച് പ്രവർത്തിക്കാൻ ബാദ്ധ്യസ്ഥനാണ് ഉദ്യോഗസ്ഥൻ. അദ്ദേഹത്തിന് ഭരണസമിതിയുമായി വിയോജിപ്പുള്ളതായി അറിയില്ല. ആരോഗ്യകാരണങ്ങളാണ് രാജിക്കു കാരണമായി അറിയിച്ചത്''
ആദിത്യവർമ്മ, സമിതി അംഗം
'' ഭക്തരുടെ ആവശ്യം നടപ്പാക്കാൻ ഉദ്യോഗസ്ഥൻ ശ്രമിക്കണം . വ്യക്തിപരമായ പ്രശ്നമോ, നിയന്ത്രണങ്ങളോ ഉണ്ടായിട്ടില്ല. ഒൻപതു വർഷത്തിന്ശേഷം സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി നിയമിച്ച ഉദ്യോഗസ്ഥൻ ഉത്തരവനുസരിക്കാൻ ബാദ്ധ്യസ്ഥനാണ് ''
-പ്രൊഫ.മാധവൻ നായർ,
സമിതി അംഗം.