minister

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ഉദ്യോഗാർത്ഥി പ്രശ്നവും ആഴക്കടൽ മത്സ്യബന്ധന വിവാദവും ചർച്ച ചെയ്യാതെ മന്ത്രിസഭായോഗം.

ഉദ്യോഗാർത്ഥികളുമായി കഴിഞ്ഞ ദിവസം അഡിഷണൽ ചീഫ്സെക്രട്ടറി ടി.കെ. ജോസും അഡിഷണൽ ഡി.ജി.പി മനോജ് എബ്രഹാമും ചർച്ച നടത്തിയിരുന്നെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല. ഇന്നലെ മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും വിവിധ വകുപ്പുകളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാനുള്ള നടപടി സ്വീകരിക്കുക മാത്രമേയുണ്ടായുള്ളൂ. ചർച്ചയിൽ ഉദ്യോഗസ്ഥർ നൽകിയ ഉറപ്പുകൾ രേഖാമൂലം നൽകണമെന്നായിരുന്നു ഉദ്യോഗാർത്ഥികളുടെ ആവശ്യം.

കൂടുതൽ തസ്തികകൾ സൃഷ്ടിച്ചതിലൂടെ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാനാകുമെന്നാണ് സർക്കാർവാദം. എന്നാൽ ഇതുകൊണ്ട് സമരം ചെയ്യുന്നവർക്ക് വലിയ പ്രയോജനമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പരമാവധി ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ നടപടിയെടുക്കുമെന്നല്ലാതെ മറ്റൊന്നും ചെയ്യാനാവില്ലെന്നാണ് മന്ത്രിമാരുടെ നിലപാട്.

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ കെ.എസ്.ഐ.ഡി.സി സ്വകാര്യകമ്പനിയുമായി ഒപ്പുവച്ച ധാരണാപത്രം കൂടി ഇന്നലെ വ്യവസായവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് പിൻവലിച്ചെങ്കിലും ഇതുസംബന്ധിച്ച വിഷയങ്ങളൊന്നും മന്ത്രിസഭയിൽ ചർച്ചയായില്ല.