
തിരുവനന്തപുരം: നിയമസഭാ സീറ്ര് വിഭജനവുമായി ബന്ധപ്പെട്ട് ജനതാദൾ-എസ് നേതൃത്വവുമായി സി.പി.എം നാളെ ഉഭയകക്ഷി ചർച്ച നടത്താനിരിക്കെ, ലോക് താന്ത്രിക് ജനതാദളുമായുള്ള ലയനനീക്കം വീണ്ടും ചർച്ചയാക്കി ജനതാദൾ-എസ് നേതൃത്വം.എൽ.ജെ.ഡിക്ക് വടകര വിട്ടുനൽകേണ്ടി വരുന്നതിലെ പ്രതിസന്ധിയാണ് ജെ.ഡി.എസിനെ വലയ്ക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നതിലൂടെ അതൃപ്തിയിലായ സി.കെ. നാണുവിനെ അനുനയിപ്പിച്ച് നിറുത്താൻ അദ്ദേഹത്തിന്റെ സിറ്റിംഗ് സീറ്റായ വടകര പിടിവള്ളിയാണ്. എന്നാൽ, പഴയ സോഷ്യലിസ്റ്റ് ശക്തികേന്ദ്രമായ വടകരയിൽ എൽ.ജെ.ഡിക്കും സ്വാധീനമുള്ളതിനാൽ അവർക്ക് നൽകേണ്ടി വന്നേക്കാം. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ലയനനീക്കം ജെ.ഡി.എസ് സജീവമാക്കുന്നതെന്ന ചിന്ത എൽ.ജെ.ഡി നേതൃത്വത്തിനുണ്ട്.
കഴിഞ്ഞ ദിവസം ജെ.ഡി.എസ് അഖിലേന്ത്യാ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയ ജെ.ഡി.എസ് സംസ്ഥാന നേതാക്കൾ എൽ.ജെ.ഡിയുമായുള്ള ലയന ആവശ്യം വീണ്ടുമുയർത്തി. ദേവഗൗഡ തന്നെ ഇക്കാര്യം പരസ്യമായി ഉന്നയിച്ചു. നേരത്തേ ലയനത്തിന് താല്പര്യം കാട്ടിയിരുന്ന എൽ.ജെ.ഡി ഇപ്പോൾ അത്ര താല്പര്യം കാട്ടുന്നില്ല. ലയനം നടന്നാൽ ചിലപ്പോൾ ശ്രേയാംസ് കുമാറിന്റെ എം.പി സ്ഥാനം കൂറുമാറ്റ പ്രശ്നത്തിൽ കുടുങ്ങിയേക്കാം.
എൽ.ജെ.ഡിക്ക് അഖിലേന്ത്യാതലത്തിൽ സ്വന്തമായി പാർട്ടി ചിഹ്നം പോലുമില്ലാതിരിക്കെ ലയിക്കുന്നതല്ലേ നല്ലതെന്ന് ജെ.ഡി.എസ് ചോദിക്കുന്നു. മന്ത്രി കെ. കൃഷ്ണൻകുട്ടി എൽ.ജെ.ഡി നേതൃത്വവുമായി ആശയവിനിമയം നടത്തി വരുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ലയനം അപ്രായോഗികമാണെന്ന വിലയിരുത്തലും എൽ.ജെ.ഡി നേതൃത്വത്തിലുണ്ട്.
രണ്ട് പാർട്ടികൾക്കുമായി ഏഴോ, എട്ടോ സീറ്റുകൾ അനുവദിക്കാനാണ് സാദ്ധ്യത. കഴിഞ്ഞ തവണ ഇടതുമുന്നണിയിൽ ജെ.ഡി.എസ് മാത്രമായിരുന്നു. അഞ്ച് സീറ്റു ലഭിച്ചതിൽ മൂന്നിടത്ത് വിജയിച്ചു. കോവളത്തും അങ്കമാലിയിലും പരാജയപ്പെട്ടു. അഞ്ചും മൂന്നും എന്ന നിലയിലോ നാലും മൂന്നും എന്ന നിലയിലോ ജെ.ഡി.എസിനും എൽ.ജെ.ഡിക്കും സീറ്റ് കിട്ടുമെന്ന് ഇരു പാർട്ടി നേതൃത്വങ്ങളും കരുതുന്നുണ്ട്. അഞ്ചിൽ കുറയാതിരിക്കാനാണ് ജെ.ഡി.എസിന്റെ ശ്രമം.