
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27ന് രാവിലെ 10.50നാണ് അടുപ്പുവെട്ട്. വൈകിട്ട് 3.40ന് നിവേദ്യം. രാവിലെ 10.20ന് ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. കണ്ണകീ ചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിക്കഴിഞ്ഞാലുടൻ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിക്ക് കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം അഗ്നി സഹമേൽശാന്തിക്ക് കൈമാറും. ക്ഷേത്രത്തിന് മുന്നിലുള്ള പണ്ടാര അടുപ്പിൽ തീ പകരുന്നത് സഹ മേൽശാന്തിയാണ്. പണ്ടാര അടുപ്പിൽ തീ പകരുമ്പോൾ കരിമരുന്ന് പ്രയോഗമുണ്ടാകും. ഇത് അറിയിപ്പായി കണക്കാക്കി സമീപത്തെ വീടുകളിലെ പൊങ്കാല അടുപ്പുകൾ കത്തിക്കാം. അന്യദേശത്തുള്ള ഭക്തർക്ക് ക്ഷേത്രം അധികൃതർ അറിയിച്ച പ്രകാരം പൊങ്കാല ഒരുക്കാം. വൈകിട്ട് 3.40ന് പൊങ്കാല നിവേദ്യം. വീടുകളിലൊരുക്കുന്ന പൊങ്കാല ഭക്തർക്ക് സ്വയം നിവേദിക്കാം. ദേവീ വക കുത്തിയോട്ട ബാലനെ രാത്രി 7.30ഓടെ ദേവീ സന്നിധിയിലെത്തിച്ച് ചൂരൽക്കുത്തും. തുടർന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ മണക്കാട് ശാസ്‌താക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടക്കും. തട്ടംപൂജയും നിറപറയും പുഷ്‌പാഭിഷേകവും ഒഴിവാക്കിയിട്ടുണ്ട്. രാത്രി 11ന് ദേവിയെ ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളിക്കും. 28ന് രാത്രി 9.15ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവത്തിന് സമാപനമാകും. ട്രസ്റ്റ് ചെയർമാൻ ശശിധരൻ നായർ, പ്രസിഡന്റ് ബി. അനിൽകുമാർ, സെക്രട്ടറി കെ. ശിശുപാലൻ നായർ, വൈസ് പ്രസിഡന്റ് വി. ശോഭ, ജോയിന്റ് സെക്രട്ടറി എം.എ. അജിത്കുമാർ, ട്രഷറർ പി.കെ. കൃഷ്ണൻനായർ എന്നിവർ പങ്കെടുത്തു.