
തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തെ പൊതിയുന്ന പുരുഷാരം.. എങ്ങും ആർപ്പുവിളികൾ... വാദ്യമേളങ്ങളുടെ ചടുലതാളം.. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ പുറത്ത്, സുവർണ്ണ തിടമ്പും, വർണ്ണക്കുടകളും, വെഞ്ചാമരവും, വിശറിയുമേന്തിയ വ്രതാനുഷ്ഠാനക്കാർ .. ആനക്ക് പനയോലക്കുമപ്പുറം, നിവേദ്യങ്ങളായി ഭക്തജനങ്ങൾ സമർപ്പിക്കുന്ന വിശിഷ്ട ഭക്ഷണങ്ങൾ. പഴക്കുല, വെള്ളരിക്ക,കക്കിരി തുടങ്ങി പലതും... ആത്മ നിർവൃതിയിൽ തുമ്പിക്കൈ ഉയർത്തി അനുഗ്രഹ മേകുന്ന തലയെടുപ്പുള്ള ഗജവീരന്മാർ ...
ജഗന്നാഥ ക്ഷേത്രത്തിൽ ദശകങ്ങളായി നടക്കുന്ന ആനകളുടെ എഴുന്നള്ളത്ത് ഇത്തവണ കൊവിഡ് മാനദണ്ഡമനുസരിച്ച് ഒരു ആനയിൽ മാത്രമാക്കി ചുരുക്കിയിരിക്കുകയാണ്. മുൻ വർഷങ്ങളിൽ 130 പരിപാടികളെങ്കിലും കിട്ടിയിരുന്ന സ്ഥാനത്ത് ഈ കൊവിഡ് വർഷത്തിൽ കേവലം എട്ട് പരിപാടി മാത്രമാണ് ലഭിച്ചതെന്ന് എഴുന്നള്ളത്തിനെത്തിയ ഓലയമ്പാടി മണികണ്ഠന്റെ മുഖ്യ പാപ്പാൻ രാമചന്ദ്രൻ പറഞ്ഞു. ജീവിതത്തിൽ ഇത്രയേറെ വിഷമങ്ങളനുഭവിച്ച കാലം മുമ്പുണ്ടായിട്ടില്ല. പരിപാടികളില്ല. ആനക്ക് ഭക്ഷണം കൊടുക്കണം.ശമ്പളമില്ല പട്ടിണിയും, അർദ്ധ പട്ടിണിയുമാണ്. സർക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയില്ല.
പ്രസാദ് തളാപ്പ്, ഗജേന്ദ്രൻ ബാലുശ്ശേരി, ധനഞ്ജയൻ ബാലുശ്ശേരി, ഗണപതി തളിപ്പറമ്പ് എന്നി ആനകളാണ് മണികണ്ഠന് പുറമെ ജഗന്നാഥന് ഉത്സവ പ്രദക്ഷിണത്തിന് പതിവായി എത്താറുള്ളത്. ഇത്തവണ ഇവരാരും ജഗന്നാഥ സവിധത്തിലെ അതിവിശാലമായ പൂഴി പ്പരപ്പിൽ തലയെടുപ്പോടെ എഴുന്നള്ളില്ല
ഉത്സവനാളിൽ ഗുരുപ്രതിമക്ക് മുന്നിലെ മണ്ഡപത്തിൽ ഒരുക്കി വെക്കുന്ന ചമയങ്ങൾക്ക് പോലും ആനച്ചന്തമാണ്. ഒരു മാസം വേണം ഒരുക്കങ്ങൾക്ക്. വ്രതാനുഷ്ഠാനങ്ങളോടെയാണ് ചടങ്ങുകളിൽ പങ്കെടുക്കുക. ഉത്സവനാളുകളിൽ മാത്രമല്ല, പ്രതിമാസ സംക്രമ നാളുകളിലും എഴുന്നള്ളത്ത് നടക്കും .ഉത്സവത്തിന് ഒരാഴ്ച മുമ്പുതന്നെ ഉൾവിളിയുണ്ടാവുമെന്ന് ദശകങ്ങളായി എഴുന്നള്ളത്തിൽ പങ്കെടുക്കുന്ന വി.പി. അജിത്ത് പറഞ്ഞു. ആത്മനിർവൃതിയുടെ നാളുകൾ കൈമോശം വന്നതിലുള്ള മനോവിഷമമാണ് സൂർജിത്ത് ശിവദാസ് പ്രകടിപ്പിച്ചത്. സുബോധ്, ഉണ്ണി, കെ. ആകാശ്, അദ്വൈത്, അശ്വമേധ്, സമത്ത് സൂരജിത്ത്, സംഗീർത്ഥ്, സിദ്ധാർത്ഥ് പ്രമോദ് തുടങ്ങിയവരും ഏറെ സങ്കടത്തിലാണ്.