crab-house

ജീവിതയാത്രയിൽ ഉലഞ്ഞുപോയവർക്കായി കരുണാർദ്രമായ മനസുകൾ തണൽ പങ്കുവയ്‌ക്കുന്നൊരിടം - 'ക്രാബ് ഹൗസ്. അനന്തശയനത്തിന്റെ പരിരക്ഷ നിറയുന്ന തിരുവനന്തപുരത്ത് നിർദ്ധന കാൻസർ രോഗികൾക്ക് സൗജന്യമായി ഭക്ഷണവും താമസവും ലഭ്യമാക്കി പരിരക്ഷിക്കാനൊരിടം.

'കാൻസർ റെമഡി അസിസ്റ്റൻസ് ബ്യൂറോ' ( ക്രാബ് )മാനുഷിക മൂല്യങ്ങൾ പരിരക്ഷിക്കപ്പെടണമെന്ന് വാദിക്കുന്ന ഒരു സംഘത്തിന്റെ കൂട്ടായ്മയാണ്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും കേരളത്തിനു പുറത്തുനിന്നും കാൻസർ ചികിത്സയ്‌ക്കായി തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ നിരവധി പേരെത്തുന്നുണ്ട്. ഇവരിൽ ഈ നഗരം അപരിചിതമായ നിസഹായരായ കുറെ മനുഷ്യരുണ്ട്. അവർ ചിലരിൽ നിന്ന് ചൂഷണം നേരിടുന്നുമുണ്ട്. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞവരാണ് ഈ കാരുണ്യ ഉദ്യമത്തിന് നെടുംതൂണുകളായത്. മെഡിക്കൽ കോളേജിന് അടുത്തുണ്ടായിരുന്ന സജി കരുണാകരന്റെ ലാബ് സെന്ററിൽ ഒന്നിച്ചു കൂടിയാണ് 'ക്രാബ് ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 'കാൻസർ റെമഡി അസിസ്റ്റൻസ് ബ്യൂറോ"യ്ക്കു രൂപം നൽകിയത്.

1999 ജനുവരി 26ന് ടി.സി ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് അനുസരിച്ചുള്ള രജിസ്ട്രേഷനോടു കൂടി ക്രാബ് നിലവിൽ വന്നു.

നിർദ്ധനരായ കാൻസർ രോഗികൾക്ക് സൗജന്യമായി താമസസൗകര്യവും ഭക്ഷണവും നൽകാനായി ക്രാബ് നിർമ്മിച്ചിരിക്കുന്ന ഒരു സാന്ത്വന സങ്കേതമാണ് 'ക്രാബ് ഹൗസ്." ഈ ജഗത്തിലെ സകലതിനെയും സംരക്ഷിച്ചു മരുവുന്ന മഹാശക്തിക്കു മുമ്പിൽ ധ്യാനപൂർണതയോടെയാണ് ഒന്നരക്കോടിയിലധികം രൂപ ചെലവഴിച്ച് ക്രാബ് ഹൗസ് പൂർത്തീകരിച്ചത്.

മനുഷ്യത്വമെന്ന വാക്കിന്റെ വിസ്തൃതി ഉൾക്കൊള്ളുന്ന ക്രാബിന് , മനുഷ്യത്വം പകരുന്നതിൽ കർണഭാവം പൂണ്ടിരുന്ന ചില സമുന്നതരുടെ ഔദാര്യപൂർവമായ നിർദ്ദേശങ്ങളും സഹകരണവും ലഭിക്കുന്നുണ്ടായിരുന്നു. ലക്ഷ്യബോധം തെറ്റാതെ മുന്നോട്ടു പോകാൻ ക്രാബിനെ നയിച്ചവരാണവർ. സ്മരണാദ്രമായ വിഷാദത്തോടെ ആ സ്ഥാപക നേതാക്കളെ ഓർക്കുകയാണ്. റിട്ടയേർഡ് ജസ്റ്റിസ് പത്മനാഭൻ, മുൻ എം.പി എ. ചാൾസ്, എം.എസ്. ശ്രീനിവാസൻ, എം.എസ്. രവി, ഡോ. സുകുലാൽ, ഡോ. സുന്ദരം എന്നിവരാണവർ. ഇന്നവർ നമ്മോടൊപ്പമില്ല. എങ്കിലും ഉദ്ദേശലക്ഷ്യങ്ങളുടെ സാധൂകരണത്തിനായി ചൈതന്യബദ്ധമായ നേതൃത്വം നൽകി ക്രാബിനെ മുന്നോട്ടു നയിക്കുന്ന സമാരാദ്ധ്യർ കൂടെയുണ്ട്. വക്കം പുരുഷോത്തമൻ, ഡോ. ശശിതരൂർ എം.പി., റിട്ട. ജസ്റ്റിസ് ആർ. രാജേന്ദ്രബാബു, റിട്ട. ജസ്‌റ്റിസ് എസ്. സിരി ജഗൻ, ദീപു രവി - ചീഫ് എഡിറ്റർ കേരളകൗമുദി, ഡോ. കെ. സുധാകരൻ, (ഡയറക്‌ടർ, ന്യൂ അൽ എയ്‌ൻ മെഡിക്കൽ സെന്റർ യു.എ.ഇ ) ഡോ. ഷാജി പ്രഭാകരൻ (റിട്ട. പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരം ). എന്നീ സമുന്നത വ്യക്തിത്വങ്ങളാണ് ക്രാബ് ഹൗസിന്റെ രക്ഷാധികാരികൾ.

ലൈസ ശ്രീനിവാസൻ ( ഡയറക്‌ടർ, കേരളകൗമുദി ), വി.പീറ്റർ, ബി. രാധാകൃഷ്‌ണൻ എന്നിവരാണ് ട്രസ്‌റ്റീസ്.

തിരുവനന്തപുരം ആർ.സി.സി കെട്ടിടസമുച്ചയത്തിൽ നിന്ന് മുക്കാൽ കിലോമീറ്റർ അടുത്താണ് 'ക്രാബ് ഹൗസ് ". ആർ.സി.സിയിൽ നിന്നിറങ്ങി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസ് കെട്ടിടവളപ്പിന് തെക്കുവശത്തുള്ള റോഡ് വഴി ഐറ്റിക്കോണമെന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ക്രാബ് ഹൗസിലെത്താം.

80 കിടക്കകളുള്ള 5500 ചതുരശ്രയടി വലിപ്പമുള്ള മൂന്നുനില കെട്ടിടമാണ് ക്രാബ് ഹൗസ്. ആദ്യമൊക്കെ കിട്ടിയിരുന്ന ധനസഹായങ്ങൾ ചേർത്തുവച്ചാണ് വർഷങ്ങൾക്ക് മുമ്പ് 10 സെന്റ് സ്ഥലം വാങ്ങിയത്. ഇക്കാലത്തിനിടയിൽ 8617 രോഗികളെ പരിചരിക്കാൻ കഴിഞ്ഞെന്ന ആത്മവിശ്വാസം കൈമുതലാക്കിയാണ് ക്രാബ് ഹൗസിന്റെ നിർമ്മിതിക്കിറങ്ങിയത്. കേരളത്തിലും വിദേശത്തുമുള്ള മഹദ് വ്യക്തികൾ നിർലോഭം നൽകിയ പണം കൊണ്ടാണ് ക്രാബ് ഹൗസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ക്രാബ് ഹൗസിന്റെ താഴത്തെനില കെ.വിശ്വംഭരന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ മകൻ പ്രസാദ് വിശ്വംഭരൻ (സിംഗപ്പൂർ) സമർപ്പിക്കുന്നു. ഒന്നാംനില എം.എസ്. ശ്രീനിവാസന്റേയും എം.എസ്. രവിയുടേയും സ്മരണയ്ക്കായി കേരളകൗമുദി സമർപ്പിച്ചിട്ടുള്ളതാണ്. രണ്ടാംനില വക്കത്ത് പി.ജെ. നീലകണ്ഠന്റേയും ഭാരതിയുടേയും ഓർമ്മയ്ക്കായി മകൻ രാജപ്പൻ (മുംബയ്) സമർപ്പണം ചെയ്തിരിക്കുന്നു.

ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകിട്ട് ആറുമണിക്കും ഇടയിൽ താമസത്തിനെത്തുന്ന നിർദ്ധനരായ കാൻസർ രോഗികൾക്കാണ് പ്രവേശനം. ഇവിടെ താമസിപ്പിക്കേണ്ട രോഗികളെ നിശ്ചയിക്കുന്നതിന് ആർ.സി.സിയിൽ നിന്നും ലഭിക്കുന്ന രേഖകൾ ആവശ്യമാണ്. ഒരു രോഗിയോടൊപ്പം ഒരാൾക്കുകൂടി താമസസൗകര്യം നൽകാനാവും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഫ്ളോറുകളാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. കൂട്ടിരിപ്പുകാർക്കും ഈ വേർതിരിവ് നിർബന്ധമായിരിക്കും.

ക്രാബിലെ അംഗങ്ങളായി കേരളത്തിലും വിദേശത്തും ഡോക്ടർമാരുണ്ട്. അവരുടെ മേൽനോട്ടത്തിൽ കാൻസർ രോഗം പ്രതിരോധിക്കുന്നതിനും രോഗനിവാരണത്തെക്കുറിച്ചും ബോധവത്‌കരണം നല്‌കുന്നുണ്ട്. ഒരു സൗഹൃദ പരിചരണസങ്കേതമായി ക്രാബ് ഹൗസിനെ നിലനിറുത്തുകയാണ് ലക്ഷ്യം.

ക്രാബ് ഹൗസ് ഒരു കാൻസർ രോഗിയുടെ അന്തിമ അഭയസങ്കേതമല്ല. അവരെ ജീവിതത്തിലേക്കു മടക്കി അയയ്ക്കാനുള്ള സന്നാഹപൂജയാണ് ക്രാബ് ഹൗസിന്റെ പരമമായ കർമ്മം.

ഡോ. ആർ. രാജേന്ദ്രൻ നായർ ( പ്രസിഡന്റ് ) സജി കരുണാകരൻ (സെക്രട്ടറി ) അഡ്വ. ജി. ശശിധരൻ ( ട്രഷറർ) എന്നിവരാണ് ക്രാബ് ഹൗസിന്റെ ഭാരവാഹികൾ.

ലേഖകന്റെ ഫോൺ: 9447555055.