cm-

വിവാദതീരുമാനങ്ങളും നടപടികളും വൈകിയാണെങ്കിൽപ്പോലും തിരുത്തുന്നത് നല്ല കാര്യമാണ്. സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കൈക്കൊണ്ട തീരുമാനങ്ങളിലേറെയും ഈ ഗണത്തിൽ പെടുത്താവുന്നതാണ്. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് ഈ തീരുമാനങ്ങൾക്ക് നിമിത്തമായിട്ടുണ്ടാകാം. എന്നിരുന്നാലും വലിയൊരു വിഭാഗം ജനങ്ങളെ പൊതുവേ തൃപ്തിപ്പെടുത്താൻ സർക്കാരിനു സാധിച്ചുവെന്നത് ഒട്ടും കുറച്ചുകാണേണ്ട കാര്യമല്ല. ശബരിമല സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെ എടുത്ത ഗുരുതര സ്വഭാവമുള്ളവ ഒഴികെയുള്ള കേസുകൾ പിൻവലിക്കണമെന്ന് വിവിധ കേന്ദ്രങ്ങൾ ദീർഘനാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി ഉണ്ടായതിന്റെ പ്രധാന കാരണം ശബരിമല വിധിയെ സർക്കാർ കൈകാര്യം ചെയ്തതിലെ പാളിച്ചയാണെന്ന് പൊതുവേ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇതോടനുബന്ധിച്ച് സംസ്ഥാനമൊട്ടുക്കും വിശ്വാസ സമൂഹം നടത്തിയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. നാലായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ പലരും തീർത്തും നിരപരാധികളുമാണെന്നത് വസ്തുതയാണ്. അതുപോലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തു നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്ത ഗുരുതരമല്ലാത്ത കേസുകളും പിൻവലിക്കുകയാണ്. ഗുരുതര സ്വഭാവമുള്ള കേസുകൾ തുടരുമെന്നു പറയുമ്പോഴും അതിന്റെ പരിണാമം ഏതുവിധത്തിലാകുമെന്ന് എല്ലാവർക്കും അറിയാം. ഇതുപോലുള്ള പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഭൂരിപക്ഷവും ഉപേക്ഷിക്കപ്പെടാറാണു പതിവ്. അഥവാ കോടതിയിൽ എത്തിയാലും തെളിവുകളുടെയും സാക്ഷികളുടെയും അഭാവത്തിൽ അധികമാരും ശിക്ഷിക്കപ്പെടാറുമില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വേലിയേറ്റമുണ്ടാക്കിയ ആഴക്കടൽ മത്സ്യബന്ധന പദ്ധതിയിൽ അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കിയതാണ് സർക്കാർ കഴിഞ്ഞ ദിവസം കൈക്കൊണ്ട മറ്റൊരു സുപ്രധാന തീരുമാനം. സംസ്ഥാനത്തിന്റെയും മത്സ്യമേഖലയുമായി ബന്ധപ്പെട്ട ജനവിഭാഗങ്ങളുടെയും താത്‌പര്യങ്ങൾക്ക് വിരുദ്ധമായ ഒരു സംരംഭത്തിന് സർക്കാർ എന്തിനു മുതിർന്നു എന്ന ചോദ്യം ഇപ്പോഴും ശേഷിക്കുകയാണ്. ഒട്ടും വിവേകപൂർവമായല്ല ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടായതെന്നത് അവസാന കാലത്ത് സർക്കാരിന് കളങ്കമായിത്തീരുകയും ചെയ്തു.

ബുധനാഴ്ച മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനങ്ങളിൽ ഏറ്റവുമധികം മാനുഷിക സ്പർശമുള്ളത് ദേശീയ ഗെയിംസിൽ പങ്കെടുത്ത് മെഡൽ വാങ്ങിയ 82 കായിക താരങ്ങൾക്ക് നിയമനം നൽകാനുള്ളതാണ്. ദേശീയ മെഡൽ ജേതാക്കൾപോലും ഒരു തൊഴിലിനായി സർക്കാരിനോട് യാചിക്കേണ്ടിവരുന്നത് വളരെ അപമാനകരമാണ്.

പിൻവാതിൽ നിയമനങ്ങൾക്കെതിരെ യുവജനങ്ങൾ സമരം ശക്തമാക്കിയ പശ്ചാത്തലത്തിൽ സർക്കാർ രണ്ടാഴ്ചയ്ക്കിടെ 4136 പുതിയ തസ്തികകൾ സൃഷ്ടിച്ചിരുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ കുറെയെണ്ണത്തിന്റെ കാലാവധി നീട്ടിയത് കഴിയുന്നത്ര ഒഴിവുകളിൽ നിയമനം സാദ്ധ്യമാക്കാൻ വേണ്ടിയാണ്.

അൻപതു വർഷം മുൻപ് നക്സൽ വേട്ടയ്‌ക്കിടെ പൊലീസ് വെടിവച്ചുകൊന്ന വർഗീസിന്റെ സഹോദരങ്ങൾക്ക് അൻപതുലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനുള്ള മന്ത്രിസഭാ തീരുമാനവും ഉചിതം തന്നെ. നല്ലൊരു പ്രായശ്ചിത്തമാണിത്.