editorial

തന്ത്രപ്രധാനമായ നാല് മേഖലയിൽ മാത്രം പരിമിതമായ സർക്കാർ നിയന്ത്രണം നിലനിറുത്തിക്കൊണ്ട് മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്‌ക്കരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രസ്താവിച്ചു. ഇരുപത് കൊല്ലം മുമ്പാണ് ഏതെങ്കിലും ഒരു പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ പിറ്റേന്ന് ദേശീയബന്ദ് നടക്കുമായിരുന്നു. കാരണം സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ടോളം സർക്കാരും പൊതുമേഖലയും ചേർന്ന് എല്ലാം ശരിയാക്കുമെന്ന മൂഢവിശ്വാസത്തിലാണ് ജനങ്ങൾ കഴിഞ്ഞത്. ലോകം നമുക്ക് ചുറ്റും അതിവേഗം മാറിക്കൊണ്ടിരുന്നപ്പോഴും ഇന്ത്യ സോഷ്യലിസത്തിന്റെ ഹാങ്‌ ഓവറിൽ അഭിരമിച്ച് മുന്നോട്ടു പോയി. സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ടോളം ആകുമ്പോഴും വിചാരിച്ച വളർച്ച രാജ്യത്തിന് ഉണ്ടായിട്ടില്ല. ഇതിന്റെ പ്രധാന കാര്യങ്ങളിലൊന്ന് നേതാക്കൾ സകല പ്ളാറ്റ്‌ഫോമുകളിലും കയറിനിന്ന് സ്വകാര്യ മേഖലയെ ശത്രുവായിചിത്രീകരിച്ചതാണ്. പകരം പൊതുമേഖല എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം നൽകിക്കൊണ്ടുമിരുന്നു. സർക്കാരിന് ഒരു പിടിയുമില്ലാത്ത വിമാനക്കമ്പനി നടത്താനും ബാങ്ക് നടത്താനും മരുന്ന് കമ്പനി നടത്താനുമൊക്കെ ഇറങ്ങിത്തിരിച്ചു. ഇതൊക്കെ കോടികളുടെ നഷ്ടം വരുത്തിവച്ചതിനൊപ്പം സാമ്പത്തിക രംഗത്തെ മുരടിപ്പിക്കാനും ഇടയാക്കി. അമ്പതു വർഷം മുമ്പ് തന്നെ പൽക്കിവാലയെ പോലെയുള്ള ഒറ്റപ്പെട്ട ചിലർ ബഡ്‌ജറ്റ് പ്രഭാഷണങ്ങളുടെ ഭാഗമായി ഇന്ത്യ സാമ്പത്തികമായി ഉയരണമെങ്കിൽ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. പക്ഷേ ആ ഒറ്റപ്പെട്ട ശബ്ദങ്ങൾ വനരോദനങ്ങളായി പരിണമിച്ചു. ഇതേ കാര്യമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി പ്രസംഗത്തിൽ അസന്നിദ്ധമായി പറഞ്ഞത്.

''സർക്കാർ ശ്രദ്ധിക്കേണ്ടത് ജനക്ഷേമത്തിലാണ്. അല്ലാതെ പെരുമയുടെയും ആരുടെയെങ്കിലും സ്വപ്ന പദ്ധതി ആയിരുന്നതിന്റെയും പേരിൽ പൊതുമേഖലാ സ്ഥാപനങ്ങൾ നടത്താനാകില്ല. വ്യവസായങ്ങളെയും സംരംഭങ്ങളെയും പിന്തുണയ്ക്കുക എന്നതാവും സർക്കാരിന്റെ കടമ." യാഥാർത്ഥ്യ ബോധത്തോടെയാണ് പ്രധാനമന്ത്രി​ ഈ വാക്കുകൾ പറഞ്ഞതെന്ന് മനസി​ലാക്കാൻ സർക്കാർ നേതൃത്വം നൽകി​യ രംഗങ്ങളുടെ പരാജയവും നഷ്ടക്കണക്കും മാത്രം നോക്കി​യാൽ മതി​യാകും. നികുതിപ്പണത്തി​​ലേറെയും പൊതുമേഖലയുടെ നഷ്ടം നി​കത്താനാണ് ഇക്കാലമത്രയും ചെലവഴി​ച്ചുകൊണ്ടി​രുന്നത്. ഇനി​ അത് നടക്കി​ല്ല എന്നതാണ് പ്രധാനമന്ത്രി​ പറഞ്ഞതി​ന്റെ രത്നച്ചുരുക്കം. പകരം ആ പണം പാവങ്ങൾക്ക് ശുദ്ധജലവും ഗ്രാമങ്ങളി​ൽ റോഡുകൾ നി​ർമ്മി​ക്കാനും സ്കൂളുകൾ പണി​യാനും മറ്റും ചെലവഴി​ക്കും.

ഒരു ഉദാഹരണവും പ്രധാനമന്ത്രി​ പറഞ്ഞു. മൊബൈൽ ഫോൺ​ നി​ർമ്മി​ക്കാൻ സ്വകാര്യ കമ്പനി​കളെയാണ് ഏല്പി​ച്ചത്. അതി​ന്റെ ഫലമോ രാജ്യത്തെ പാവപ്പെട്ടവന്റെ കൈയി​ൽ വരെ സ്‌മാർട്ട് ഫോണായി​. ടെലി​കോം രംഗത്തെ സ്വകാര്യ കമ്പനി​കളുടെ മത്സരത്തി​ന് സർക്കാർ കളമൊരുക്കി​യതി​ന്റെ ഫലമായി​ നാമമാത്രമായ ചാർജി​ൽ ഫോൺ​ വി​ളി​ക്കാമെന്നായി​. പാവങ്ങൾക്ക് ഗുണം ലഭി​ക്കണമെങ്കി​ൽ സ്വകാര്യ മേഖല വളർന്നേ പറ്റൂ എന്ന യാഥാർത്ഥ്യം ഇപ്പോഴെങ്കി​ലും തുറന്ന് പറയാൻ പ്രധാനമന്ത്രി​ തയ്യാറായത് സ്വാഗതാർഹമാണ്. ഡെംഗ് സി​യാവോ പിംഗ് കമ്മ്യൂണി​സ്റ്റ് ആശയത്തി​ൽ കടി​ച്ചുതൂങ്ങാതെ സ്വകാര്യ കമ്പനികൾക്കായി​ വൻമതി​ലി​ന്റെ വാതി​ൽ മലർക്കെ തുറന്നി​ട്ടതുകൊണ്ടാണ് ചൈന വൻ സാമ്പത്തി​ക ശക്തി​യായി​ വളർന്നത്. വളർന്നുവരുന്ന ചെറുപ്പക്കാരെ ഓർത്തെങ്കി​ലും ഇന്ത്യയും വളർച്ചയ്ക്ക് തടസമാകുന്ന ആശയങ്ങൾ ഉപേക്ഷി​ക്കേണ്ട സമയമായി​. വൈകി​യാലും വി​വേകം വരുന്നത് നല്ലതാണല്ലോ.