akkitham-visnu-narayanan

തിരുവനന്തപുരം: കവിതയുടെ ശ്രീകോവിലിൽ ആത്മാവിൻെറ പ്രസാദം നിവേദിച്ച വിഷ്ണുനാരായണൻ നമ്പൂതിരി കാലഘട്ടത്തെ പൂജിച്ച കവിയാണ്. എഴുത്തും വായനയും പ്രഭാഷണവുമായി നിറഞ്ഞു നിന്ന നമ്പൂതിരി എന്നും നിറചൈത്യമായിരുന്നു. എളിമ പെരുമയായി കണ്ട് ജീവിതം നയിച്ച വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകൾ പ്രസാദം പോലെ മനസിൽ കുളfർമ പകരുന്നതാണ്. ഒരു പൂജാരി കവിയായി മാറുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന ആദ്ധ്യാത്മികതയുടെ ദിവ്യാംശം ആ കവിതകളിൽ സ്ഫുരിച്ചു നിന്നു.

തിരുവനന്തപുരം നഗരത്തിലെ സാഹിത്യ സദസുകളിൽ വിഷ്ണുനാരായണൻ നമ്പൂതിരി പകർന്ന് നൽകിയ വാക്കുകൾ ആസ്വാദകരെ സാഹിത്യത്തിൻെറ അപാരതലങ്ങളിലേക്കാണ് കൊണ്ടു പോയത്. സൈക്കിൾ ചവിട്ടി നഗരത്തിലൂടെ കവി വന്നിരുന്ന ദൃശ്യം നഗരഭൂപടത്തിലെ മായാകാഴ്ചയാണ്. അദ്ധ്യാപകൻെറ മേൽവിലാസത്തിനപ്പുറത്ത് കവിയുടെ മേലങ്കിയാണ് എന്നും വിഷ്ണുനാരായണൻ നമ്പൂതിരിയെ ആനന്ദം കൊള്ളിച്ചത്. മുണ്ടും വലിയ ജുബ്ബയുമണിഞ്ഞ് ചെറുചിരിയിൽ കവി വരുമ്പോൾ അത് മറ്റുള്ള കവികളിൽ നിന്നുള്ള വേറിട്ട കാഴ്ചയായി മാറുമായിരുന്നു.

വിഷ്ണുനാരായണൻ നമ്പൂതിരി എന്നും ഗുരുവായി കണ്ടത് അക്കിത്തത്തെയായിരുന്നു. ശിക്ഷ്യനെ കാണാൻ ഗുരു ഒരിക്കൽ വന്നു. അതൊരുവല്ലാത്ത സമാഗമായിരുന്നു. ആ കൈകൾ ഒരുമിച്ച് ചേർന്ന് സ്നേഹം പകുത്തു. സന്തോഷം കൊണ്ട് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വാക്കുൾ തുളുമ്പി. ‘എനിക്കൊരു ഗുരുവേയുള്ളൂ... അത് അവിടുന്നാണ്’... പറഞ്ഞ് തീരുംമുമ്പേ അക്കിത്തത്തിന്റെ ഇരുകൈയും തന്റെ നെറ്റിയോട് ചേർത്തുവച്ചു, വന്ദിച്ചു.

പത്തുവർഷത്തിന്റെ ഇടവേളയിലായിരുന്നു രണ്ടുകവികളുടെ കൂടിക്കാഴ്ച. പ്രായവും ആരോഗ്യസ്ഥിതിയും മറന്ന് ആഹ്ലാദത്തിലായി ഇരുവരും. പണ്ട്, താൻ മേൽശാന്തിയായിരിക്കെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ അക്കിത്തം വന്നതടക്കമുള്ള കാര്യങ്ങൾ ഓർമ്മകളായി തിളങ്ങി. അതായിരുന്നു ഇരുവരും തമ്മിലുള്ള അവസാനത്തെ സമാഗമം. ഗുരുവിന് പിന്നാലെ ശിഷ്യനും കവിതകളില്ലാത്ത ലോകത്തേക്ക് യാത്രയാകുമ്പോൾ കവിതയുടെ ശ്രീകോവിലിൻെറ ഒരുവാതിൽകൂടി അടയുകയാണ്.