f

തിരുവനന്തപുരം: 2020ലെ കുംഭമാസം, ആറ്രുകാലിൽ ഉത്സവം തുടങ്ങിയപ്പോൾ തന്നെ കിഴക്കേകോട്ട ഉൾപ്പെടെ നഗരത്തിലെ നിരത്തുകളിൽ മൺകലങ്ങൾ നിരന്നു. പൊങ്കാല അർപ്പിക്കാൻ വരുന്നവർ മാത്രമല്ല, നഗരവാസികൾ വീടുകളിലേക്ക് മൺപാത്രങ്ങൾ വാങ്ങുന്നതും പൊങ്കാല സീസണിലാണ്. ഒരു മൺപാത്ര നിർമ്മാണ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഒരു വർഷത്തെ ചെലവിനുള്ള വക ലഭിക്കുന്നത് ഉത്സവ സീസണുകളിലാണ്. 2021 കുംഭ മാസമായപ്പോൾ പരമ്പരാഗതമായി മൺപാത്രം നിർമ്മിക്കുന്നവരുടെ വീടുകളോട് ചേർന്നുള്ള പാത്ര നിർമ്മാണശാലകളെല്ലാം ഭാഗികമായി മാത്രം പ്രവർത്തിക്കുന്നു. കഴിഞ്ഞ തവണ ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷം കൊവിഡ് കാരണം കരിക്കകം,​ പഴഞ്ചിറ ക്ഷേത്രങ്ങളിൽ ഉൾപ്പെടെ സമൂഹ പൊങ്കാല ഒഴിവാക്കി. ഇത്തവണ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി ഒതുങ്ങുമ്പോൾ നിരാശയ്ക്കപ്പുറം വേദനയാണ് തൊഴിലാളികൾക്ക്.

'കഴിഞ്ഞ വർഷം നിർമ്മിച്ച കലങ്ങൾ പോലും ഇതുവരെ വിറ്റുപോയിട്ടില്ല. ബാങ്ക് വായ്പ എടുത്തതൊന്നും അടച്ചുതീർക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ''- പാമാംകോട് പരമ്പരാഗതമായി മൺമാത്രം നിർമ്മിച്ച് വിൽക്കുന്ന വിജയകുമാർ പറഞ്ഞു. ആര്യനാട്, വെമ്പായം, തൊഴുക്കൽ, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ മൺപാത്ര നിർമ്മാണ തൊഴിലാളികളുടെയും അവസ്ഥ ഇതുതന്നെയാണ്. ആറ്റുകാൽ പൊങ്കാലയ്ക്ക് മൺകലം പ്രധാനമായതിനാൽ ലക്ഷക്കണക്കിന് മൺകലങ്ങളാണ് വിറ്റുപോകുന്നത്. കലം എത്തിക്കുന്നതനുസരിച്ച് ഒരു ലക്ഷത്തിലേറെ രൂപയുടെ വരുമാനം ഒരു സീസണിൽ ലഭിക്കും. ഈ ഒരു വർഷം കച്ചവടമൊന്നും നടന്നില്ല,​ സർക്കാർ സഹായം ലഭിച്ചില്ലെന്നും ഇവർക്ക് പരാതിയുണ്ട്. കളിമണ്ണ് എടുക്കാൻ ഇവർക്ക് അവകാശമില്ല. ഒരു കൊല്ലം മുമ്പ് ഒരു മിനിലോറി മണ്ണിന് 13,000 രൂപയായിരുന്നത് ഇപ്പോൾ 27,000 ആയി. അതിനു പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മൺകലം എത്തുന്നതും ഇവർക്ക് തിരിച്ചടിയാണ്.