vishnu-narayanan-nambooth

കുയിലുകളായ കുയിലുകളൊക്കയും മഹാവിദൂരതകളിലേക്ക് പറന്നുപോയി. കവിതയുടെ പൂങ്കാവനം ശൂന്യമായി തീരുന്നു. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിയോഗവും അതിൻെറ തീഷ്ണമായ ഒരനുഭവം പങ്കുവയ്ക്കുന്നു. പഴകിയ ഒരു സൈക്കിൾ ചവിട്ടി തിരുവനന്തപുരം നഗരത്തിലൂടെ കടന്നുപോകുന്ന വിഷ്ണുനാരായണൻ നമ്പൂതിരിയെ ആരാധനയോടെ നാേക്കിനിന്നിട്ടുണ്ട്. എനിക്കപ്പോൾ തോന്നിയിരുന്നത് അദ്ദേഹം സൈക്കിളിലല്ല സഞ്ചരിക്കുന്നത് എന്നാണ്. ഒരു കവിക്കു മാത്രം സങ്കല്പിക്കാവുന്ന കാവ്യസാമ്രാജ്യം കീഴടക്കിക്കൊണ്ട് ഒരു തേര് തെളിക്കുകയായിരുന്നു. ആ ഓർമ്മയ്ക്കു മുന്നിൽ സങ്കടത്തോടെ ശിരസ് കുനിക്കുന്നു.

ഇന്ത്യൻ കാവ്യ പാരമ്പര്യത്തിന്റെ അനുഗ്രഹീത പ്രവാഹമാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകൾ. അതിന്റെ വിശുദ്ധിയും ഭാവതീഷ്ണതയും കവിതവായിച്ചവർ ഒരിക്കലും മറക്കില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം എന്ന കവിതയിൽ തുടങ്ങുന്ന ആ സർഗാത്മകത മാറിവന്ന കാലങ്ങളിൽ വർത്തമാനകാലത്തിന്റെ കാലുഷ്യംകണ്ട് നടുങ്ങിപ്പോയതുപോലെ തോന്നും. ആ കവിതകളിലൊക്കയും അതിന്റെ അനുരണനങ്ങളുണ്ടായിരുന്നു. അവയെല്ലാം ആത്മവിശുദ്ധിയുടെ കവിതകളായിരുന്നു. ആരണ്യകം, ഉജ്വയിനിയിലെ രാപകലുകൾ തുടങ്ങിയവയിലൊക്കെ ഉത്തമ കവിതയുടെ സൗന്ദര്യം നിറഞ്ഞുനിൽക്കുന്നു. ഭാരതീയ സംസ്കാരത്തിന്റെ പിൻതുടർച്ചക്കാരനും ആരാധകനുമെന്ന നിലയിൽ കവിയുടെ ജീവിതത്തിന് ഒരു പൗരാണിക ഭംഗിയുണ്ടായിരുന്നു. അത് ആ വ്യക്തി മഹത്വത്തിനുമുണ്ടായിരുന്നു. അന്തസംഘർഷങ്ങളുടെ മുഴക്കങ്ങളാണ് യഥാർത്ഥ കവിത എന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു.

തന്റെ ജീവിതകാലം മുഴുവൻ കവിതയെ ഉപാസിച്ചുകൊണ്ട് ജീവിച്ചു. എന്റെ ജീവിതത്തിൽ എനിക്കെന്നും സന്തോഷത്തോടെ ഓർമ്മിക്കാവുന്ന ഒരു സന്ദർഭമുണ്ട്. കേരള സാഹിത്യ അക്കാഡമിയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ കാൽക്കൽ എഴുത്തച്ഛൻ പുരസ്കാരം വച്ച് നമിക്കാൻ യോഗമുണ്ടായത്.

അക്കിത്തവും സുഗതകുമാരിയും നീലമ്പേരൂരുമൊക്കെ പാട്ട് മതിയാക്കിപോയി. ജീവിതം അത്രമേൽ ശൂന്യമായതുപോലെ തോന്നുന്നു.