
തിരുവനന്തപുരം: ലാളിത്യം അതായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരി. കവിതകളാകട്ടെ വേദ സംസ്കാരത്തിലൂന്നിനിന്നുകൊണ്ട് അധുനിക കാലത്തെ ദർശിച്ചവയും. എഴുതിയ കവിതകളെക്കാൾ സൗമ്യമായിരുന്നു ജീവിതം. പഠനത്തിനു ശേഷം കോളേജിൽ എത്തിയത് ഇഗ്ലീഷ് അദ്ധ്യാപകനായി. പക്ഷേ, വേഷം വെളുത്തമുണ്ടും നീണ്ട ഖദർ ജൂബയും. വാഹനം സൈക്കിൾ! പാന്റ്സും ഷർട്ടുമൊക്കെ ധരിച്ച് 'ടിപ്പ്ടോപ്പാ'യി കാറിലും സ്കൂട്ടറിലുമൊക്കെ മറ്റ് ഇംഗ്ലീഷ് അദ്ധ്യാപകരെത്തിയിരുന്നതുകൊണ്ടു തന്നെ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വരവ് ചർച്ചയായി. 'ഇംഗ്ലീഷ് അദ്ധ്യാപകനല്ലേ പാന്റ്സ് ധരിക്കണം' പ്രിൻസിപ്പലിന്റെ നിർദ്ദേശത്തിന് കവിയുടെ മറുപടി - ''ഈ വേഷത്തിൽ വന്നു പഠിപ്പിച്ചിട്ടും മനസിലാവുന്നുണ്ടെന്നാണു കുട്ടികൾ പറയുന്നത്''.
'അത് നീ തന്നെയാണ്' എന്ന വേദപ്പൊരുൾ ഉൾക്കൊള്ളുന്ന വിഷ്ണു നാരായണൻ നമ്പൂതിരിയുടെ കവിതയാണ് 'കുറ്റവാളി'
വിയറ്റ്‌നാം വിപ്ലവം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട അമേരിക്കൻ ഭടനെക്കുറിച്ചുള്ള കവിതയാണത്. വിയറ്റ്‌നാമിലെ ജനതയിൽ അമേരിക്കൻ പട്ടാളക്കാരൻ കാണുന്നത് സ്വന്തം നാട്ടിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ അടിമകളുടെ നേതാവ് എബ്രാഹം ലിങ്കനെ. അയാൾ ആയുധം ഉപേക്ഷിക്കുന്നു. പിറകെ വധശിക്ഷ
''നിറതോക്കിങ്ങൊഴിച്ചോളൂ; പക്ഷേ, ചോര തെറിക്കവേ
ഞെട്ടെല്ലേ, വീഴ്‌വതിന്നെന്റെയല്ല ലിങ്കന്റെ രക്തമാം...''
വിഷ്ണു നാരായണൻ നമ്പൂതിരിയുടെ പ്രിയകവി കാളിദാസനായിരുന്നു. ഉജ്ജയിനിയിലെ രാപ്പകലുകളി'ൽ കാളിദാസനൊപ്പം രാപ്പകലെന്നില്ലാതെ അദ്ദേഹം നടക്കുകയാണ്. കാളിദാസന്റെ മാളവത്തിൽ മഴ പെയ്യുന്നത് അദ്ദേഹം വർണിക്കുന്നതിന് വിവിധ മാനങ്ങളാണുള്ളത്.
മാളവത്തിൽ പെയ്തലിയാനൊരു പടയണിയായി
മാരിമുകിൽകളേ പോരൂ! വിളിപ്പൂ ഞങ്ങൾ.
നാടു വാഴാൻ വാളെടുത്ത വെളിച്ചപ്പാടുകളല്ല
നാലു പുത്തന്നറ വിൽക്കും വിദഗ്ധരല്ല.
പൊടിയണിക്കൂന്തൽ മീതേ ഒഴിഞ്ഞ മൺകുടം പേറും
ഒരു കന്യ; തുരുമ്പിക്കുമൊരു കലപ്പ;
തളിർനാമ്പു നുള്ളിടുമ്പോൾ വിറക്കൊള്ളും കരം; അന്തി
ക്കറിയാതെ കൂമ്പുമുള്ളിൽ കിനിയും മൗനം....
കാളിദാസനെ കാണാൻ പറ്റാത്തതിന്റെ വിഷമം തിർന്നത് വൈലോപ്പിളളി ശ്രീധരമേനോനെ കണ്ടപ്പോഴാണെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. കാളിദാസൻ കഴിഞ്ഞാൽ വൈലോപ്പിള്ളി എന്ന് അദ്ദേഹം പറയുമായിരുന്നു.
'ഈ വിധം നെടുവീർപ്പിട്ട് അന്യോന്യം സ്വപ്നം കാണാൻ നാമിരുവരും ചെയ്ത പുണ്യമെന്താവാം തോഴീ'എന്നാണ് പ്രണയഗീതങ്ങളിൽ വിഷ്ണു നമ്പൂതിരി എഴുതിയത്. പുതിയൊരു പ്രണയസങ്കല്പമായിരുന്നു അത്. കവിത വായിച്ചിട്ട് വൈലോപ്പിള്ളി അദ്ദേഹത്തെ വിളിച്ചു 'പ്രേംജി' പ്രണയഗീതങ്ങൾ വായിച്ചപ്പോൾ വിഷ്ണുവിനെ അങ്ങനെ വിളിക്കണമെന്നു തോന്നി- എന്ന് വിശദീകരിക്കുകയും ചെയ്തു.
.