
തിരുവനന്തപുരം: പ്രധാനമന്ത്റി രാജ്യത്തിന്റെ ആകാശവും ഭൂമിയും വിദേശ ശക്തികൾക്ക് തീറെഴുതുമ്പോൾ മുഖ്യമന്ത്റി നമ്മുടെ കടൽത്തീരങ്ങളെ അമേരിക്കൻ കമ്പനിയ്ക്ക് വിൽക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ആഴക്കടൽ കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയിൽ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ഇരുട്ടിൽ നിർത്തി സർക്കാർ നടപ്പാക്കാൻ നോക്കിയ ഒട്ടും സുതാര്യമല്ലാത്ത പദ്ധതിയാണ് ആഴക്കടൽ മത്സ്യബന്ധന കരാർ.പ്രതിപക്ഷം അത് തെളിവുകളോടെ പിടികൂടിയപ്പോൾ ജനങ്ങളെ വിഡ്ഢികളാക്കി തടിയൂരാനാണ് സർക്കാർ ശ്രമം.മുഖ്യമന്ത്റിയുടേയും മന്ത്റിമാരുടേയും അറിവോടെ ധാരണപത്രം ഒപ്പുവെച്ച ശേഷം ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റംകെട്ടിവച്ച് കൈകഴുകാനാണ് സർക്കാർ ശ്രമിക്കുന്നത്.പ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ കൈമെയ് മറന്ന് പ്രവർത്തിച്ച മത്സ്യത്തൊഴിലാളി സുഹൃത്തുക്കളെ ദുരിതത്തിലേക്ക് തള്ളിവിടാൻ കോൺഗ്രസ് ഒരിക്കലും അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സത്യാഗ്രഹത്തിന്റെ സമാപന സമ്മേളനം താരിഖ് അൻവർ ഉദ്ഘാടനം ചെയ്തു.രാവിലെ 9 മുതൽ വൈകിട്ട് 4 വരെയായിരുന്നു സത്യാഗ്രഹം.കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി ഫോണിലൂടെ ആശംസയർപ്പിച്ചു.
യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരൻ എം.പി, കെ.വി .തോമസ്, വൈസ് പ്രസിഡന്റുമാരായ ഡോ.ശൂരനാട് രാജശേഖരൻ, ശരത്ചന്ദ്രപ്രസാദ്,ടി.സിദ്ധിഖ്, എം.പി.മാരായ ശശിതരൂർ,ടി.എൻ. പ്രതാപൻ,ഡി.സി.സി പ്രസിഡന്റുമാരായ നെയ്യാറ്റിൻകര സനൽ,ബിന്ദുകൃഷ്ണ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി,കെ.പി.അനിൽകുമാർ,എം.എം. നസീർ,മണക്കാട് സുരേഷ്,എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം.വിൻസന്റ്,ഷാനിമോൾ ഉസ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.