
തിരുവനന്തപുരം: വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ആത്മമിത്രം ആരായിരുന്നു? ഉത്തരം ഒരു കവിതയാണ്. 'ഉച്ചതിരിഞ്ഞെന്നോ ചങ്ങാതി? നിശ്ചയമൊട്ടും വരുന്നില്ല... ' ഈ കവിത സ്വീകരിക്കുമ്പോൾ ജോർജ് ഓണക്കൂറിന്റെ മനമൊന്ന് കുളിർത്തു. 'ഓണക്കൂറിന് വിഷ്ണുനാരായണൻ നമ്പൂതിരി' എന്ന് പേരിട്ടിരിക്കുന്ന കവിത എഴുതിയതിന് പിന്നിൽ ഒരു പശ്ചാത്തലമുണ്ട്.
വിഷ്ണുനാരായണൻ നമ്പൂതിരിയുടെ 'ആദമും ദൈവവും' എന്ന കവിത 1978 ലാണ് പ്രസിദ്ധീകരിച്ചത്. ദൈവം സ്വർഗത്തിൽ നിന്ന് സായാഹ്ന യാത്രയ്ക്ക് ഇറങ്ങവേ ഭൂമിയിൽ മറ്റൊരു ഏദൻതോട്ടം ദർശിച്ച് അന്ധാളിക്കുന്നു. രണ്ട് മനുഷ്യജീവികൾ മണ്ണിൽ കഠിനാദ്ധ്വാനം ചെയ്യുന്നു. അവർ ആദവും ഹവ്വയുമാണ്. പറുദീസയിൽ നിന്ന് താൻ പുറത്താക്കിയവർ. അവർ പുനർജനിയുടെ പ്രഭാതങ്ങൾ സൃഷ്ടിക്കുന്നു. മറ്റൊരു സ്വർഗം തീർക്കുന്നു. ദൈവം സന്തോഷിച്ചു, ഒപ്പം പശ്ചാത്തപിച്ചു.
ഈ കവിത ബി.എ, ബി.എസ്സി വിദ്യാർത്ഥികൾക്ക് പാഠ്യവിഷയമാക്കാൻ കേരള സർവകലാശാല മലയാളം ബോർഡ് ഒഫ് സ്റ്റഡീസ് അംഗമായിരുന്ന ജോർജ് ഓണക്കൂർ നിർദ്ദേശിച്ചു. കവിത ബിരുദ ക്ളാസുകളിൽ പഠിപ്പിച്ചു തുടങ്ങുംമുമ്പേ വേദജ്ഞാനികൾക്ക് സന്ദേഹമായി. ദൈവം പശ്ചാത്തപിക്കുകയോ? വിശ്വാസികൾ ഉറഞ്ഞുതുള്ളി. വിഷ്ണുനാരായണൻ നമ്പൂതിരി ആക്രമിക്കപ്പെടുമെന്ന നിലയിലായി. പ്രതിരോധം തീർക്കാൻ ഓണക്കൂർ മുന്നിട്ടിറങ്ങി. ആർച്ച് ബിഷപ്പ് ഹൗസിലെത്തി തിരുമേനിയെ കണ്ടു. അദ്ദേഹം കോപാകുലനാണ്. 'ആ കവി ഒരു നല്ല മനുഷ്യനാണല്ലോ എന്നിട്ടും ഇങ്ങനെയൊരു കവിത. അത് പഠിപ്പിക്കാനും വച്ചിരിക്കുന്നു.' തിരുമേനിയിൽ രോഷം ഉരുണ്ടുമൂടി.
ഓണക്കൂർ വിനയപൂർവം ചോദിച്ചു ''അങ്ങ് കവിത വായിച്ചോ?''
'ഇല്ല, നമ്മുടെ അച്ചന്മാർ വായിച്ച് അതിലെ അപകടം വ്യക്തമാക്കിത്തന്നു'.
ഓണക്കൂർ കവിത ചൊല്ലാൻ തുടങ്ങി.
തിരുമേനി കണ്ണും കാതുംകൂർപ്പിച്ചിരുന്നു. ആ മുഖത്ത് ഭാവങ്ങൾ മാറിമറിഞ്ഞു. അതൊരു പുഞ്ചിരിയായി മാറി. അതോടെ എതിർപ്പുകളെ പമ്പ കടത്തി പുസ്തകം കോളേജുക്ളാസുകളിൽ പഠനമായി നിറഞ്ഞു.
അതൊരു വലിയ സൗഹൃദത്തിന്റെ വഴിതുറക്കുകയായിരുന്നു. അതിനുമുമ്പേ വിഷ്ണുനാരായണൻ നമ്പൂതിരിയും ഓണക്കൂറും സുഹൃത്തുക്കളായിരുന്നെങ്കിലും ആത്മമിത്രങ്ങളെന്ന നിലയിലെത്തിയിരുന്നില്ല. ആ സൗഹൃദത്തിന്റെ ഉൾതുടിപ്പുകളാണ് കവിതയായി വിഷ്ണുനാരായണൻ നമ്പൂതിരി കുറിച്ച് ഓണക്കൂറിന് സമ്മാനിച്ചത്.