
കണ്ണൂർ: പയ്യോളിയിൽ നിന്ന് വീട്ടുകാരുമായി പിണങ്ങി കണ്ണൂരിലെത്തിയ 26കാരിയെ പറശിനിക്കടവിലെ ലോഡ്ജിൽ കൊണ്ടുവന്ന് പീഡിപ്പിച്ച രണ്ട് ബസ് കണ്ടക്ടർമാരെ തളിപ്പറമ്പ് പൊലീസ് പിടികൂടി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പട്ടുവം പറപ്പൂലിലെ കുളിഞ്ച ഹൗസിൽ രൂപേഷ് (21), കണ്ണൂർ കക്കാട് സ്വദേശി മിഥുൻ (30) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ എ.കെ സജീഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് പയ്യോളി പൊലീസിന് കൈമാറി.
പയ്യോളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും വീടുവിട്ടിറങ്ങിയ യുവതി ബുധനാഴ്ച്ച സന്ധ്യയോടെയാണ് കണ്ണൂർ ബസ് സ്റ്റാൻഡിലെത്തിയത്. സഹായ വാഗ്ദാനവുമായി എത്തിയ ബസ് കണ്ടക്ടർമാരായ ഇരുവരും സുരക്ഷിതമായി താമസിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പറശിനിക്കടവിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ചത്. അവിടെ വെച്ച് യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് പയ്യോളി പൊലീസ് അന്വേഷണമാരംഭിച്ചത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസിൽ വിവരം നൽകുകയും തുടർന്ന് പ്രതികളെ പറശ്ശിനിയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. യുവതിയെയും പയ്യോളി പൊലീസിനു കൈമാറി.