
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,06,500 ഡോസ് കൊവിഡ് വാക്‌സിനുകൾ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. തിരുവനന്തപുരത്ത് 1,38,000 ഡോസും എറണാകുളത്ത് 1,59,500 ഡോസും കോഴിക്കോട് 1,09,000 ഡോസ് വാക്‌സിനുമാണ് എത്തുന്നത്. കേന്ദ്രത്തിന്റെ മാർഗ നിർദ്ദേശം വരുന്നതനുസരിച്ച് 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. ഇതിനുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാനതലത്തിൽ ആരംഭിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് തൊട്ടടുത്ത പ്രദേശത്ത് വാക്‌സിൻ എടുക്കുന്നതിനുള്ള കേന്ദ്രങ്ങൾ ഒരുക്കും. 300 ഓളം സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ എടുക്കുവാനുള്ള സൗകര്യം ഒരുക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി. സ്കൂളുകളും, കല്യാണമണ്ഡപങ്ങളും ഹാളുകളും കേന്ദ്രങ്ങളായി തിരഞ്ഞെടുക്കും. കേന്ദ്രത്തിൽ നിന്ന് അനുമതി കിട്ടിയതിനുശേഷമേ ഇതിന് അന്തിമ രൂപമാവുകയുള്ളൂ.
വാക്‌സിനേഷൻ പ്രക്രിയ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം അവലോകനം ചെയ്തു.
കൊവിഡ് ഇന്നലെ 3677
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 63,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ആണ്. 14 മരണങ്ങളും സ്ഥിരീകരിച്ചു. 3351 പേർക്ക് സമ്പർക്ക രോഗബാധ. 228 പേരുടെ ഉറവിടം വ്യക്തമല്ല. 20 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 4652 പേരുടെ ഫലം നെഗറ്റീവായി. 51,879 പേർചികിത്സയിലുണ്ട്. 2,23,191 പേരാണ് നിരീക്ഷണത്തിലുള്ളത്.