
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ പരസ്പരം വിപ്പ് ലംഘനം ചൂണ്ടിക്കാട്ടി നൽകിയ അയോഗ്യതാ ഹർജികൾ നിലനിൽക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഉത്തരവ്. ഹർജികൾ നിലനിൽക്കില്ലെന്ന ഇരു വിഭാഗത്തിന്റെയും വാദം തള്ളിയാണ് സ്പീക്കറുടെ വിധി. ഇതിന്മേൽ തുടർ വാദം ഉണ്ടാകും. അടുത്ത മാസം വീണ്ടും ഇരു വിഭാഗത്തെയും വിസ്തരിച്ചേക്കും.
കഴിഞ്ഞ വർഷം ആഗസ്റ്റ് 24ന് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിലും രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും ജോസ് വിഭാഗം വിട്ടുനിന്നത് വിപ്പ് ലംഘനമെന്നാണ് ജോസഫിന്റെ ഹർജി. എന്നാൽ നിയമസഭാ കക്ഷി വിപ്പ് റോഷി അഗസ്റ്റിനാണെന്നും പ്രമേയ ചർച്ചയിലും രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും വിട്ടുനിൽക്കണമെന്ന് നിർദ്ദേശിച്ച് അദ്ദേഹം നൽകിയ വിപ്പ് ജോസഫും മോൻസ് ജോസഫും ലംഘിച്ചെന്നുമാണ് ജോസിന്റെ ഹർജി.
ഇരു വിഭാഗത്തിന്റെയും വാദം സ്പീക്കർ ഒന്നിലേറെ തവണ കേട്ടിരുന്നു. ഏത് വിഭാഗത്തിനെതിരെ അയോഗ്യത കല്പിച്ച് വിധിയുണ്ടായാലും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സമാകില്ല.