ljd

 രഹസ്യ അജൻഡയെന്ന് ഷേക് പി. ഹാരിസ്

തിരുവനന്തപുരം: ജനതാദൾ ഗ്രൂപ്പുകൾ ലയിക്കണമെന്ന ജനതാദൾ-എസിന്റെ ആവശ്യം തള്ളി ലോക് താന്ത്രിക് ജനതാദൾ. ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾക്ക് തുരങ്കം വയ്ക്കാനുള്ള രഹസ്യ അജൻഡയുടെ ഭാഗമായാണ് ലയനമെന്ന ആവശ്യവുമായി ജെ.ഡി.എസ് പിന്നാലെ കൂടുന്നതെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽസെക്രട്ടറി ഷേക് പി. ഹാരിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലയന അജൻഡ ഇപ്പോൾ തങ്ങളുടെ മുന്നിലില്ല. ലയന ചർച്ചകൾ തൽക്കാലം വേണ്ടെന്ന് കഴിഞ്ഞ മാസം 13ന് ചേർന്ന എൽ.ജെ.ഡി സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചതും, അക്കാര്യം പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ എം.പി വ്യക്തമാക്കിയതുമാണ്. എന്നിട്ടും ഒഴിയാബാധ പോലെ ജനതാദൾ-എസ് പിന്നാലെ കൂടിയിരിക്കുകയാണ്. ഇടതുമുന്നണിയിൽ എൽ.ജെ.ഡിയുമായുള്ള സീറ്റ് വിഭജന ചർച്ച ഒരു റൗണ്ട് പൂർത്തിയായി. രണ്ടാംറൗണ്ട് ചർച്ചയിലേക്ക് കടക്കാനിരിക്കുമ്പോഴാണ് ലയന വാദവുമായി ജെ.ഡി.എസ് വീണ്ടും വരുന്നത്. ഇത് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കാനും, ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ചകളെ പ്രതിസന്ധിയിലാക്കാനുമാണ്.

വിവാഹത്തിന് മുമ്പ് വരന്റെയോ വധുവിന്റെയോ സ്വഭാവഗുണങ്ങളെക്കുറിച്ച് അന്വേഷിക്കുമല്ലോ. അത്തരമൊരന്വേഷണത്തിൽ ,ദേശീയതലത്തിൽ ജെ.ഡി.എസിനെക്കുറിച്ച് നല്ല അഭിപ്രായമല്ല. കർണാടകയിൽ ബി.ജെ.പിയുമായി ചേർന്ന് ലജിസ്ലേറ്റീവ് കൗൺസിലിൽ ഭരണം നടത്തുന്ന ആ പാർട്ടിയുടെ സഹായത്തോടെയാണ് ,അവിടെ ഗോവധ നിരോധനനിയമം നടപ്പാക്കിയത്. ബി.ജെ.പിയോടുള്ള രാഷ്ട്രീയനയത്തിലും സമീപനത്തിലും ജെ.ഡി.എസ് വ്യക്തത വരുത്തേണ്ടതുണ്ട്. സോഷ്യലിസ്റ്റ്, മതേതര മുന്നണിയെന്ന നിലയിൽ ഇടതുമുന്നണിക്ക് അംഗീകരിക്കാവുന്ന ബാന്ധവത്തെ മാത്രമേ എൽ.ജെ.ഡിക്ക് സ്വീകരിക്കാനാവൂ. അല്ലെങ്കിൽ, ദേശീയ നേതൃത്വവുമായുള്ള ബന്ധമുപേക്ഷിച്ച് സംസ്ഥാനഘടകം എൽ.ജെ.ഡിയുമായി ലയിക്കണം. അതിനുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണ്. ജെ.ഡി.എസിലെ നിരവധി പ്രവർത്തകരും നേതാക്കളും എൽ.ജെ.ഡിയിൽ ചേർന്ന് പ്രവർത്തിക്കുകയാണ്. തിരുവനന്തപുരത്ത് ജെ.ഡി.എസിന്റെ ഓഫീസ് എൽ.ജെ.ഡിയുടേതായി. പെരുമ്പാവൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും ജെ.ഡി.എസിൽ നിന്ന് പ്രവർത്തകരും നേതാക്കളും കൂട്ടത്തോടെ എൽ.ജെ.ഡിയിലെത്തുകയാണെന്നും ഷേക് പി. ഹാരിസ് പറഞ്ഞു.