yahiya

 പിന്നിൽ സ്വത്തുതർക്കം

കിളിമാനൂർ: തട്ടത്തുമല പാറക്കടവിൽ വൃദ്ധൻ കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വൃദ്ധന്റെ മരുമകനെ കിളിമാനൂർ പൊലീസ് അറസ്റ്റുചെയ്‌തു. മടത്തറ തുമ്പമൺ തൊടി എ.എൻ.എസ് മൻസിലിൽ യഹിയ (75) മരിച്ച സംഭവത്തിൽ അബ്ദുൾ സലാമാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. യഹിയയുടെ ഒപ്പമുണ്ടായിരുന്ന അബ്ദുൾ സലാമിന്റെ മകൻ അഫ്സലിന് (14) ഗുരുതരമായി പരിക്കേറ്റു. അഫ്സൽ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി. ഗോപകുമാറിന്റെ മേൽനോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ സനൂജ്, എസ്.ഐമാരായ ടി.ജെ. ജയേഷ്, അബ്ദുൾ ഖാദർ, ഷാജി, റാഫി, സുരേഷ്, എ.എസ്.ഐ ഷജിം, സി.പി.ഒ സജിത്ത്, മണിലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.

സ്റ്റേ ഓർഡർ പ​ക​യ്ക്ക്

കാ​ര​ണ​മാ​യി

അബ്ദുൾ സലാമും യഹിയയും തമ്മിലുള്ള സ്വത്തുതർക്കത്തെക്കുറിച്ച് കൊട്ടാരക്കര കുടുംബകോടതിയിൽ കേസ് നിലവിലുണ്ട്. വിധി അനുകൂലമാക്കാൻ അബ്ദുൾ സലാം തന്റെ പേരിലുള്ള വസ്‌തുക്കൾ സഹോദരങ്ങളുടെയും സുഹൃത്തിന്റെയും പേരിൽ മാറ്റിയിരുന്നു. ഇതിനെതിരെ ഭാര്യ ചൊവ്വാഴ്ച കോടതിയിൽ നിന്നും സ്റ്റേ ഓർഡർ വാങ്ങിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിനായി അബ്ദുൾ സലാമിന്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകുന്നതിനായി യഹിയയും അഫ്സലും കോടതി ജീവനക്കാരനും തട്ടത്തുമല പാറക്കട ജംഗ്ഷനിൽ നിൽക്കുമ്പോൾ പിന്തുടർന്നെത്തിയ അബ്ദുൾ സലാം വാഹനം വേഗത കൂട്ടി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഹോസ്‌പിറ്റലിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇരുകൂട്ടരും തമ്മിലുള്ള വൈരാഗ്യവും സ്വത്ത് തർക്കവും കണക്കിലെടുത്ത് പ്രതിയെ വിശദമായി ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതിയെ റിമാൻഡ് ചെയ്‌തു