chain

വർക്കല: ബൈക്കിലെത്തിയ രണ്ടംഗ സംഘം അഭിഭാഷകയുടെ ഒന്നരപ്പവന്റെ മാല കവർന്നു. ഇന്നലെ വൈകിട്ട് 4.30ഓടെ കാപ്പിൽ ജംഗ്ഷന് സമീപമാണ് സംഭവം. പരവൂർ കോടതിയിലെ അഭിഭാഷകയായ കാപ്പിൽ മഠത്തിൽ വീട്ടിൽ രേണുകയുടെ മാലയാണ് നഷ്ടമായത്. ഭർത്താവ് അഡ്വ. സത്യപാലനൊപ്പം പരവൂർ കോടതിയിൽ പോയി മടങ്ങിയെത്തി സ്‌കൂട്ടർ സുഹൃത്തിന്റെ വീട്ടിൽ പാർക്ക് ചെയ്‌തശേഷം റോഡിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം. പരവൂർ ഭാഗത്തുനിന്നുമാണ് രണ്ടംഗ സംഘമെത്തിയത്. ബഹളംവച്ചതോടെ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ പിന്തുടർന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. അയിരൂർ പൊലീസിൽ പരാതി നൽകി.