vishnu-narayanan-nambooth

ആറുപത് കൊല്ലക്കാലത്തെ സൗഹൃദമാണ് വിഷ്ണുവുമായുണ്ടായിരുന്നത്. അദ്ദേഹം കോഴിക്കോട് സെന്റ് ജോസഫ് കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ അപ്പുറത്ത് ഗുരുവായൂരപ്പൻ കോളേജിൽ വിദ്യാർത്ഥിയായിരുന്നു. വൈകുന്നേരങ്ങളിൽ കക്കാട് മാഷുടെ വീട്ടിൽ ഞങ്ങൾ കുറച്ചുപേർ ഒത്തുകൂടാറുണ്ടായിരുന്നു. ചിലപ്പോൾ നേരം പുലരും വരെ നീളുന്ന ആ കൂടലുകളാണത്. എൻ.വിയുടെ അരികിലും പലപ്പോഴും ചർച്ചകൾക്കായി ഞങ്ങൾ ഒന്നിച്ചുകൂടാറുണ്ടായിരുന്നു. അങ്ങനെ വളർന്നുവന്ന സൗഹൃദം ഒരു പോറലുപോലും ഏൽക്കാതെ ഇത്രയും കാലം നിലനിന്നു.

വൈലോപ്പിള്ളിയുടെ തുടർച്ചയും ഇടശ്ശേരിയുടെ ശക്തിയുടെ ബാക്കിയും കക്കാടിന്റെ പ്രതിഷേധത്തിന്റെ മൂർച്ചയും അക്കിത്തത്തിന്റെ ദർശനത്തിന്റെ ഉൾക്കാഴ്ചയും ഒരുമിച്ചു ചേരുന്ന കവിത്വമായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയുടേത്. അപൂർവമാണ് ഈ യോഗം എന്നു പറയാതെ വയ്യല്ലോ. ഒരിക്കലും ഒരു അവകാശവാദവും ഉന്നയിക്കാതെ എല്ലാവരെയും സ്നേഹിച്ചും എല്ലാവരെയും വിശ്വസിച്ചും ആശ്വസിപ്പിച്ചും പോന്ന ഒരു ജീവിതമാണ് അദ്ദേഹത്തിന്റേത്. അടുത്തുപെരുമാറിയ ആർക്കും അദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയുമായിരുന്നില്ല. നിറഞ്ഞ അറിവിന്റെ സൗമ്യതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.

എപ്പോഴെങ്കിലും തിരുവനന്തപുരത്ത് ചെല്ലുമ്പോൾ വിഷ്ണുവിനെ കാണാതെ തിരിച്ചുപോരാറില്ല. ഇപ്പോൾ ഈ കൊവിഡ് കാരണം യാത്രകളില്ലാത്തതുകൊണ്ട് കാണാൻ കഴിഞ്ഞില്ല. അതും ഈ മഹാമാരി കാലത്തിന്റെ ഒരു ശാപമാണല്ലോ. പ്രായം കൂടുതലാകുമ്പോൾ നമ്മുക്കൊക്കെയുണ്ടാകുന്ന വിഷമം കൂടെയുള്ളവർ ഓരോരുത്തരായി വിട്ടുപോകുന്നു എന്നതാണ്. ഇതൊരു അനിവാര്യതയാണെങ്കിലും ഒരു വലിയ വേദന കൂടിയാണ്. ആരോടും ഒരു തരത്തിലുള്ള മത്സരബുദ്ധിയും ഇല്ലാത്ത മനസായിരുന്നു അദ്ദേഹത്തിന്റേത്. തനിക്ക് എഴുത്തച്ഛൻ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ 'ഇതുകൊടുക്കേണ്ടത് രാധാകൃഷ്ണനാണ്' എന്നു പറയാനുള്ള വലിപ്പം അദ്ദേഹം കാണിച്ചു. ഞാൻ അദ്ദേഹത്തിന് ഒരു മറുപടി എഴുതി അയച്ചു. 'ഈ ഒരൊറ്റ പറച്ചിലുകൊണ്ട് ഇതിന് ലോകത്ത് ഏറ്റവും അർഹത വിഷ്ണുവിനാണ് എന്ന് തെളിയിച്ചിരിക്കുന്നു' എന്ന്.

ലോകത്ത് ഏതെങ്കിലും എഴുത്തുകാരൻ ഇങ്ങനെ ആരെയെങ്കിലും കുറിച്ച് പറഞ്ഞിരിക്കും എന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തിന്റെ ദാർശനികമായ ഔന്നത്യം വെറും നാട്യമായിരുന്നില്ല. വളരെ വലിയ ഔന്നത്യമുള്ള ആ ജീവൻ എന്നെന്നും ഈ ഭൂമിക്ക് ഇവിടെ ഇട്ടേച്ചു പോയ കവിതകളുടെ രൂപത്തിൽ അനുഗ്രഹമായി ഉണ്ടാകട്ടെ.