
ആലപ്പുഴ: സ്വർണകടത്ത് സംഘത്തിന് മാന്നാറിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഒത്താശ ചെയ്ത കുറ്റത്തിന് രണ്ടുപേർ കൂടി കസ്റ്റഡിയിൽ. പരുമല സ്വദേശി കൊച്ചുമോൻ, മാന്നാർ സ്വദേശി ഷിഹാബ് എന്നിവരെയാണ് മാന്നാർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം മാന്നാർ സ്വദേശി പീറ്ററിനെ അറസ്റ്റു ചെയ്തിരുന്നു. സംഭവവുമായി ബന്ധമുള്ള പത്തോളം പേർക്കായി അന്വേഷണം ഊർജ്ജിതമാക്കി.
മാന്നാറിലെ ക്വട്ടേഷൻ സംഘത്തിലെ ചിലർ ഒത്താശ നൽകിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.
ദുബായിലെ സ്വർണക്കടത്ത് ഇടനിലക്കാരൻ ഹനീഫ്, തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കോഴിക്കോട് കൊടുവള്ളിയിലുള്ള സംഘമാണ് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികൾ സംസ്ഥാനം വിട്ടുപോയിട്ടില്ലെന്നാണ് സൂചന. ഇരുവരുടെയും വീടുകൾ പൊലീസ് പരിശോധിച്ചിരുന്നു. യുവതിയുടെ മൊബൈൽ ഫോണിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
തിങ്കളാഴ്ച പുലർച്ചെയാണ് മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. ബിന്ദു പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് ദിവസത്തെ ചികിത്സയ്ക്കു ശേഷമേ വീട്ടിലെത്തുകയുള്ളു. നിരീക്ഷിക്കാൻ ആശുപത്രിയിലും വീട്ടിലും പൊലീസിനെ നിയോഗിച്ചു.
നീളുന്ന ദുരൂഹത
തട്ടിക്കൊണ്ടു പോയവരിൽ രണ്ടുപേർ സുഹൃത്തുക്കളാണെന്ന ബിന്ദുവിന്റെ മൊഴി പൊലീസ് വിശകലനം ചെയ്യുകയാണ്. ദുബായിൽ നിന്ന് കൊടുത്തുവിട്ട ഒന്നരകിലോ സ്വർണം മാലിയിൽ ഉപേക്ഷിച്ചുവെന്നാണ് ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞത്. സുഹൃത്തായ ഫനീഫ കൊടുത്തിവിട്ട പൊതി സ്വർണമാണെന്ന് അറിയാതെയാണ് വാങ്ങിയത്. വിമാനത്തിൽ കയറിയശേഷമാണ് സ്വർണമാണെന്ന് അറിയുന്നത്. മാലി എയർപോർട്ടിൽ എത്തിയപ്പോൾ പേടിച്ച് അതവിടെ ഉപേക്ഷിച്ചാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. നിരപരാധിയാണെന്ന് മനസിലായപ്പോഴാണ് അക്രമിസംഘം വഴിയിൽ ഇറക്കിവിട്ടതെന്നും പുതിയ ചുരിദാറും ആയിരം രൂപയും നൽകിയെന്നും ബിന്ദു പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോയവരുമായി ബിന്ദു ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. ചെങ്ങന്നൂർ ഡിവൈ. എസ്.പി ആർ.ജോസിന്റെ നേതൃത്വത്തിൽ രണ്ട് സംഘമായി തിരിഞ്ഞാണ് അന്വേഷണം.
കസ്റ്റംസിന് പിന്നാലെ എൻഫോഴ്സ്മെന്റും
ആലപ്പുഴ: സ്വർണക്കടത്ത് സംഘത്തിന്റെ തട്ടിക്കൊണ്ടുപോകൽ സംഭവം കസ്റ്റംസിന് പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. വിവരങ്ങൾ പൊലീസ് ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റീജിയണൽ ഓഫീസിൽ അറിയിച്ചിട്ടുണ്ട്. ബിന്ദു ആറ് തവണ സ്വർണം കടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.