
കാസർകോട്: ബാർ ജീവനക്കാരനായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കൾ രംഗത്തുവന്നതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് രാജ് റസിഡൻസി ജീവനക്കാരനായ തൃക്കരിപ്പൂർ തൈക്കീൽ സ്വദേശി ദാമോദരന്റെ മകൻ കെ .വി. ദിലീഷിനെയാണ് (29) കന്നുവീട് കടപ്പുറത്തെ ശ്മാശാനത്തിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
കടപ്പുറത്ത് വളഞ്ഞുനിൽക്കുന്ന തെങ്ങിലാണ് മൃതദേഹം തൂങ്ങിനില്ക്കുന്ന നിലയിൽ ബുധനാഴ്ച രാവിലെ ആളുകൾ കണ്ടത്. കാഞ്ഞങ്ങാട് ബാറിൽ നിന്നും ജോലി കഴിഞ്ഞു നാട്ടിൽ എത്തിയ ശേഷം തൈക്കീൽ സ്വദേശിയും കടപ്പുറത്ത് താമസക്കാരനുമായ സുഹൃത്തിനെ കൊണ്ടാക്കാൻ ബൈക്കിൽ കന്നുവീട് കടപ്പുറത്ത് എത്തിയതാണ് ദിലീഷ് എന്ന് പറയുന്നു. ഇരുവരും നല്ല മദ്യലഹരിയിൽ ആയിരുന്നുവെന്നും പറയുന്നുണ്ട്. എന്നാൽ ദിലീഷിന്റെ മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തിയതാണ് സംശയം ജനിപ്പിച്ചത്. കൈക്കും കാലിനുമെല്ലാം പരിക്കുകളുണ്ട്. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റതാണോ ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചതാണോ എന്ന് വ്യക്തമല്ല. തൂങ്ങിമരിച്ച മറ്റു കാരണങ്ങളൊന്നും ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെ സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചതിന് ശേഷം മാത്രമേ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുള്ളൂവെന്നാണ് പൊലീസ് പറഞ്ഞത്.