
റിട്ടയർ ചെയ്ത ഒരു പ്രൊഫസർ തൊട്ടടുത്ത ദിവസം ഒരു ക്ഷേത്രത്തിലെ ശാന്തിജോലിക്കു പോകുമെന്ന് ആരു കരുതും? പെൻഷൻ വേളയിൽ സംസ്‌കൃത സർവകലാശാലയിലെ ഉന്നതമായ ഒരു സ്ഥാനം അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു. അത് നിരാകരിച്ചുകൊണ്ട് ശാന്തിജോലിക്കുതന്നെ അദ്ദേഹം പോയി.
ഡബ്ല്യു ബി യേറ്റ്‌സിനെ കാളിദാസനൊപ്പം മനസിൽ പ്രതിഷ്ഠിച്ചിട്ടുള്ള കവി ഒരിക്കൽ അദ്ദേഹത്തിന്റെ നാടുകാണാൻ പോയി. കടൽ കടന്നുപോയതിനാൽ പൂജയ്ക്ക് അശുദ്ധിയുണ്ട് എന്നായി ചില ആചാരസംരക്ഷകർ. മറ്റൊരുഘട്ടത്തിൽ ക്ഷേത്രത്തിൽ ചെന്ന സുഗതകുമാരിയെ നമസ്‌കരിച്ചതിന്റെ പേരിലായി ബ്രാഹ്മണനായ മേൽശാന്തിക്ക് അയോഗ്യത!
വിഷ്ണുനാരായണൻ നമ്പൂതിരി കാലത്ത് നടക്കാനിറങ്ങുന്നു; എതിരെ പണ്ഡിതരത്നമായ കെ.പി. നാരായണ പിഷാരടി എത്തുന്നു. വർത്തമാനത്തിനിടെ കവി പറയുന്നു: 'മുപ്പതാണ്ടായീ മാഷേ ഗുരു വേഷമിട്ടു ഞാനാടുന്നു യഥാശക്തി'. താൻ പഠിപ്പിച്ചു തുടങ്ങിയിട്ട് ആറു പതിറ്റാണ്ടായി എന്നു പ്രതികരിക്കുന്ന പിഷാരടിമാഷ് ഒടുക്കം പഠിച്ചവൻ ഒരു ചെറുമനാണെന്നും മിടുമിടുക്കനാണെന്നും കാളിദാസ കാവ്യങ്ങൾ മൂന്നും വെടിപ്പായി തെളിഞ്ഞ് അവധാരണം ചെയ്യാൻ കഴിയുന്നവനാണെന്നും അഭിമാനപൂർവം കൂട്ടിച്ചേർക്കുന്നു.
പാരമ്പര്യത്തെയും ആധുനികതയെയും തന്റെ നിരുപമമായ സർഗസിദ്ധികൊണ്ടു വിളക്കിച്ചേർത്ത ഈ കവിയിൽ ഒരേസമയം കാളിദാസനും കാൾ മാർക്‌സുമുണ്ട്. 'ഹേ കാളിദാസ മഹാഭാഗ' എന്നും 'ഹേ കാളിദാസ മഹാസത്വ' എന്നും 'ഹേ കാളിദാസ മനീഷിൻ' എന്നും ഒക്കെ സംബോധന ചെയ്യുന്ന കവിതാഭാഗങ്ങളാൽ അർച്ചന ചെയ്തിട്ടുണ്ട് ആ കാവ്യത്തിൽ എന്നതു കൊണ്ടു മാത്രമല്ല, ഈ കവിയിൽ ഒരു കാളിദാസത്വമുണ്ട് എന്നു പറയുന്നത്. ഋതുസംഹാരം പരിഭാഷപ്പെടുത്തിയെന്നതു കൊണ്ടോ, 'ഉജ്ജയിനിയിലെ രാപ്പകലുകൾ' എന്ന കവിത എഴുതിയെന്നതുകൊണ്ടോ പോലുമല്ല. പിന്നെയോ? കാളിദാസ കാവ്യഭാവനയുടെ ഹിമവൽഗാംഭീര്യം ഈ കാവ്യവ്യക്തിത്വത്തെ മഹനീയമായ ഒരു ഭാവഗരിമയാൽ അനുഗ്രഹിച്ചിട്ടുള്ളതിന്റെ പരാഗരേണുക്കൾ ആ കവിതാലോകത്തെയാകെ ദീപ്തമാക്കി നിറുത്തുന്നത് അനുഭവിച്ചിട്ടുള്ളതുകൊണ്ടാണ്.
ഗോർബച്ചേവിന്റെ 'ഗ്ലാസ്‌നോസ്റ്റും പെരസ്‌ട്രോയിക്ക'യും കടന്നുവന്നപ്പോൾ സോവിയറ്റ് യൂണിയന്റെയും അവിടുത്തെ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെയും സമ്പൂർണനാശത്തിന്റെ തുടക്കമാണിതെന്ന് ലോകത്തോടു വിളിച്ചുപറഞ്ഞ ആദ്യ കവി വിഷ്ണുനാരായണൻ നമ്പൂതിരിയാണ്.
'ധർമവ്യസനിത്വ'മാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കാവ്യമനസിന്റെ യഥാർത്ഥ ഭാവം. ഏതാണ് ധർമ്മം, ഏതാണ് അധർമ്മം! എങ്ങനെ ധർമ്മം ആചരിക്കാം, എങ്ങനെ അധർമത്തിൽ നിന്നൊഴിഞ്ഞുനിൽക്കാം! ഈ സമസ്യകൾ ഏറ്റവുമധികമായി പ്രകടമാവുന്നത് ഇദ്ദേഹത്തിന്റെ 'മിത്രാവതി'എന്ന കവിതയിലാണ്. കപടസദാചാര സങ്കൽപങ്ങളുടെ ധീരമായ വിചാരണ കൂടിയാവുന്നു 'മിത്രാവതി'.
കവിതയിൽ ഒരു അവകാശവാദവുമില്ലാതെ നിലകൊണ്ട മഹാനായ കവിയാണിത്. 'വഴികാട്ടിയല്ല, ചെറുതുണമാത്രമെൻ കവിത' എന്നേ അദ്ദേഹം പറഞ്ഞിട്ടുള്ളു. എന്നാൽ, അന്ധകാരഗ്രസ്തമായ ജീവിതരഥ്യകളിൽ ഈ കവിയും അദ്ദേഹത്തിന്റെ കവിതകളും നമുക്കു വെളിച്ചമായി.