
തിരുവനന്തപുരം: ണിം..ണിം..ആ സൈക്കിൾ ബെല്ല് കേൾക്കുമ്പോൾ ആരുമൊന്ന് തിരിഞ്ഞുനോക്കും. സൈക്കിൾ ചവിട്ടി കയറ്റുന്നത് യൂണിവേഴ്സിറ്റി കോളേജിന്റെ കവാടത്തിലേക്ക്. സൈക്കിൾ സ്റ്റാൻഡിൽ നിറുത്തുമ്പോൾ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നൂറി ചിരിക്കും. അതിനെ സ്വാഗത ചിരികൊണ്ട് എതിരേറ്റ് അകത്തേക്ക് കയറുമ്പോൾ വിഷ്ണുനാരായണൻ നമ്പൂതിരി തീർത്തും അദ്ധ്യാപകനായി മാറും. കോളേജിൽ മാത്രമല്ല, നഗരത്തിൽ എവിടെ പോയാലും സൈക്കിളാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ തേര്. മുണ്ടും ജുബ്ബയുമണിഞ്ഞ് സൈക്കിളിൽ വരുന്ന ആ വരവ് ഒരു ചന്തമായിരുന്നു. അത് പ്രസംഗ വേദികളിലേക്കായാലും. കവിയുടെ സൈക്കിൾ യാത്ര അത്ര സുഖിക്കാത്ത ആരോ ആ സൈക്കിൾ അടിച്ചു മാറ്റി.
1970 മുതൽ 1980 വരെയുള്ള കാലയളവിലായിരുന്നു യൂണിവേഴ്സിറ്റി കോളേജിലേക്കുള്ള ഈ സൈക്കിൾ യാത്ര. അന്ന് സൈക്കിളിൽ അദ്ധ്യാപകർ വരിക എന്ന് വച്ചാൽ അതൊരു സുഖമുള്ള ഏർപ്പാടല്ലെന്നായിരുന്നു പൊതുവേയുള്ള ചിന്ത. ആ ചിന്താഗതിയെ തകിടം മറിച്ച മൂന്ന് പേരിൽ ഒരാളായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. രണ്ടാമൻ മാർ ഇവാനിയോസ് കോളേജിലെ ഇംഗ്ളീഷ് പ്രൊഫസർ ടി.കെ. ദ്വരസ്വാമിയും മൂന്നാമൻ സംവിധായകൻ ഷാജി എൻ.കരുണിന്റെ ഭാര്യാ പിതാവ് ഡോ. പി.കെ.ആർ. വാര്യരുമായിരുന്നു.