
തിരുവനന്തപുരം: സുഗതകുമാരി മിഴിപൂട്ടി മടങ്ങിയപ്പോൾ വിഷ്ണു നാരായണൻ നമ്പൂതിരി ഓർമ്മയുടെ വാതിലുകളെല്ലാം അടച്ച് കിടക്കുകയായിരുന്നു. പരസ്പാരാദരവും സൗഹൃദവും സഹോദര്യവും കലർന്ന സ്നേഹമായിരുന്നു രണ്ടു പേർക്കും. ഇപ്പോഴിതാ സുഗതയ്ക്കു പിന്നാലെ വിഷ്ണുവും യാത്രയായി.
സൈലന്റ് വാലി വിവാദകാലത്ത്, കവികൂട്ടായ്മയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരി. അക്കാലത്ത് അവർ ഒന്നിച്ച് കാടിനുവേണ്ടി പോരാടി. കവിതകൾ എഴുതി, നാടൊട്ടുക്കു ചൊല്ലിനടന്നു. 1985ൽ സുഗതകുമാരി 'അഭയ'യുടെ പ്രവർത്തനങ്ങളിൽ മുഴുകിയപ്പോൾ ആൾബലവും മനോബലവും സാമ്പത്തികബലവും ഒക്കെയായി വിഷ്ണു നാരായണൻ നമ്പൂതിരി ഉണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ മഹാഗണിമരങ്ങൾക്ക് പിന്തുണയായ 'ചിപ്‌കോ' സമരകാലത്ത് സുഗതകുമാരിക്കെതിരായുള്ള ആരോപണങ്ങളും അപവാദങ്ങളും കോളേജിന്റെ മതിലിൽ പതിച്ചു കണ്ടത് സഹിക്കാതെ ദേഷ്യത്തോടെ അദ്ദേഹം അതൊക്കെ വലിച്ചുകീറിക്കളഞ്ഞു. സമയവും സൗകര്യവും ആരോഗ്യവും ധനസ്ഥിതിയും കുടുംബകാര്യങ്ങൾപോലും കാര്യമാക്കാതെ സുഗതകുമാരി സ്ത്രീകൾക്കും മാനസിരോഗികൾക്കുംവേണ്ടി രാപകൽ ഇല്ലാതെ ഓടി നടക്കുമ്പോൾ, കരുതലിന്റെ പേരിലുളള കലഹങ്ങളും അവർക്കിടയിൽ പതിവായിരുന്നുവെന്ന് വിഷ്ണു നാരായണൻ നമ്പൂതിരിയുടെ മകൾ അദിതി ഓർക്കുന്നു.
തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ ശാന്തിക്കാരനായി കഴിയുന്ന കാലത്തെ
വിവാദസംഭവങ്ങളിൽ ഒന്ന്, വിഷ്ണുനാരായണൻ നമ്പൂതിരി 'നായർസ്ത്രീ'യായ സുഗതകുമാരിയെ പരസ്യമായി നമസ്‌കരിച്ചു എന്നതാണ്. 'സുഗതകുമാരി നായർസ്ത്രീ ആണെങ്കിൽ, സാക്ഷാൽ കൃഷ്ണദ്വൈപായനൻ മുക്കുവനാണ് എന്നു പറയേണ്ടി വരും.' എന്നായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരിയുടെ മറുപടി.
അദ്ധ്യാപനരംഗത്ത് വിഷ്ണു നാരായണൻ നമ്പൂതിരി ഹൃദയകുമാരിക്കും സുജാതാ ദേവിക്കും ഒപ്പമായിരുന്നു. അതുകൊണ്ടുതന്നെ ആ കുടുംബത്തിലെ ഒരാൺസന്തതിക്കെന്നപോലെയുള്ള സ്വാതന്ത്ര്യവും പരിഗണനയും ലഭിച്ചു. സുഗതകുമാരിയുടെ അമ്മ കാർത്ത്യായനി അമ്മയ്ക്കു വേണ്ടി വീട്ടീലെത്തി പൂജ നടത്തിയിരുന്നത് അദ്ദേഹമായിരുന്നു. ഹൃദയകുമാരി മരിച്ചതറിഞ്ഞ് രോഗാവസ്ഥയിലും ഓടിയെത്തിയതും സുഗതകുമാരി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ തോളത്തുവീണ് വിങ്ങിപ്പൊട്ടിക്കരഞ്ഞതും അവർ തമ്മിലുള്ള സാഹോദര്യത്തിന്റെ ഊഷ്മളതയെയാണ് കാണിച്ചതെന്ന് സുഗതകുമാരിയുടെ മകൾ ലക്ഷ്മി ഓർക്കുന്നു. ''എല്ലാ പിറന്നാളിനും അമ്മയെ ആദ്യം വിളിക്കുന്നത് സാറായിരുന്നു. ഓർമ്മ നശിച്ച് സാർ രോഗാവസ്ഥയിലായപ്പോൾ അമ്മ ഏറെ നീറി''- ലക്ഷ്മി പറഞ്ഞു.