n

തിരുവനന്തപുരം: ദേശീയതയെ ജനങ്ങളിലെത്തിക്കാൻ അക്ഷീണം യത്‌നിച്ച പി. പരമേശ്വരന് തന്റെ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും കേരളത്തിന്റെ ബൗദ്ധിക സംവാദങ്ങളുടെ ഭാവവും ഗതിയും മാറ്റിമറിക്കാൻ കഴിഞ്ഞെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. കവടിയാർ ഉദയ് പാലസ് കൺവെഷൻ സെന്ററിൽ പ്രഥമ പി. പരമേശ്വരൻ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദൻ, ശ്രീ അരബിന്ദോ, ശ്രീനാരായണഗുരു, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ തുടങ്ങിയവരുടെ ചിന്തകളെയും പഠനങ്ങളെയും യുവാക്കളിൽ എത്തിക്കുന്നതിൽ പരമേശ്വരൻ വ്യാപൃതനായിരുന്നു.

ഇന്ന് ഏറെ പ്രചാരം സിദ്ധിച്ച കേരളത്തിലെ രാമായണ മാസാചരണം പുനരുജ്ജീവിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.


ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന പുസ്തകത്തിലൂടെ പി. പരമേശ്വരൻ ഗുരുവിന്റെ ഉദ്ബോധനത്തെയും ജീവിതത്തെയും ശരിയായ വീക്ഷണത്തിൽ അവതരിപ്പിച്ചു. ശ്രീനാരായണഗുരു ഇല്ലായിരുന്നെങ്കിൽ കേരളം സാമൂഹ്യബൗദ്ധിക പതനത്തിന്റെ അന്ധകാരത്തിൽ മുങ്ങിപ്പോയേനെ എന്നും വെങ്കയ്യനായിഡു പറഞ്ഞു.

70 വർഷം നീണ്ട പി. പരമേശ്വരന്റെ വിശുദ്ധമായ പൊതുജീവിതം അച്ചടക്കമുള്ളതും ലളിതവുമായിരുന്നു. ദാർശനികനും രാഷ്ട്രതന്ത്രജ്ഞനും പ്രതിഭാശാലിയുമൊക്കെയായിരുന്നുവെങ്കിലും എല്ലാവർക്കും സമീപിക്കാവുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജാതി, മതം, നാട് ഇതിനൊക്കെ ഉപരിയായി രാഷ്ട്രത്തെ പ്രതിഷ്ഠിക്കുന്നതിൽ പരമേശ്വരന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കുന്നതായും ഉപരാഷ്ട്രപതി പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ധ്യക്ഷതവഹിച്ചു. കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, ഒ. രാജഗോപാൽ എം.എൽ.എ, വിചാര കേന്ദ്രം ജോയന്റ് ഡയറക്ടർ ആർ‌.സഞ്ജയൻ തുടങ്ങിയവർ പങ്കെടുത്തു. വിചാര കേന്ദ്രം ജനറൽ സെക്രട്ടറി കെ.സി.സുധീർബാബു സ്വാഗതവും ‌ഡോ. കെ.എൻ. മധുസൂദനൻ പിള്ള നന്ദിയും പറഞ്ഞു.