
തിരുവനന്തപുരം: മലയാളകവിതയ്ക്ക് പ്രസാദാത്മകതയുടെ ചന്ദനസുഗന്ധം പകർന്ന കവിയും പണ്ഡിത ശ്രേഷ്ഠനും അദ്ധ്യാപകനുമായ പ്രൊഫ. വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തൈക്കാട് 'ശ്രീവല്ലി'യിലായിരുന്നു അന്ത്യം.
മറവിരോഗം ബാധിച്ച് ഒരു വർഷത്തോളമായി വീട്ടിൽ പൂർണവിശ്രമത്തിലായിരുന്നു. ഭാര്യ സാവിത്രി, മക്കൾ അദിതി, അപർണ, മരുമക്കൾ രാധാകൃഷ്ണൻ നമ്പൂതിരി, ശ്രീകുമാർ എന്നിവർ അന്ത്യനിമിഷങ്ങളിൽ അടുത്തുണ്ടായിരുന്നു. ഭൗതികശരീരം ഇന്ന് രാവിലെ 8 മുതൽ 12 വരെ തൈക്കാട് ഭാരത്‌ഭവനിൽ പൊതുദർശനത്തിനുവയ്ക്കും. ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.
2014ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച വിഷ്ണു നാരായണൻ നമ്പൂതിരിക്ക് കേന്ദ്ര – കേരള സാഹിത്യ അക്കാഡമി അവാർഡുകളും എഴുത്തച്ഛൻ പുരസ്‌കാരവും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1939 ജൂൺ രണ്ടിന് തിരുവല്ലയിലാണ് ജനനം. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തർജനം. സാമ്പ്രദായിക രീതിയിൽ മുത്തച്ഛനിൽനിന്ന് സംസ്‌കൃതവും വേദവും പുരാണങ്ങളും പഠിച്ചു. കൊച്ചുപെരിങ്ങര സ്‌കൂൾ, ചങ്ങനാശേരി എസ്.ബി കോളേജ്, കോഴിക്കോട് ദേവഗിരി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പെരിങ്ങര സ്‌കൂളിൽ കണക്ക് അദ്ധ്യാപകനായിരുന്നു. എം.എയ്ക്കുശേഷം മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലിഷ് അദ്ധ്യാപകനായി. കൊല്ലം എസ്.എൻ കോളജിലും വിവിധ സർക്കാർ കോളേജുകളിലും അദ്ധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്ന് ഇംഗ്ലീഷ് വകുപ്പ് മേധാവിയായി വിരമിച്ചു. തുടർന്ന് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ശാന്തിക്കാരനായി.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായിരുന്നു. കേരള സാഹിത്യ അക്കാഡമി, പ്രകൃതി സംരക്ഷണസമിതി, കേരളകലാമണ്ഡലം തുടങ്ങിയവയുടെ ഭാരവാഹിയായും പ്രവർത്തിച്ചു. യാത്രകൾ പ്രിയമായിരുന്ന കവി എട്ടുതവണ ഹിമാലയത്തിലേക്കു പോയി. അമേരിക്ക, ഇംഗ്ലണ്ട്, അയർലൻഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ?, അതിർത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപകലുകൾ, പരിക്രമം, ശ്രീവല്ലി, ഉത്തരായനം, തുളസീദളങ്ങൾ, രസക്കുടുക്ക, വൈഷ്ണവം (കവിത), കവിതയുടെ ഡി.എൻ.എ, അസാഹിതീയം, അലകടലുകളും നെയ്യാമ്പലുകളും (ലേഖനസമാഹാരം), ഗാന്ധി, സസ്യലോകം, ഋതുസംഹാരം (വിവർത്തനം), കുട്ടികളുടെ ഷേക്‌സ്പിയർ (ബാലസാഹിത്യം), പുതുമുദ്രകൾ, വനപർവം, സ്വതന്ത്ര്യസമരഗീതങ്ങൾ, ദേശഭക്തി കവിതകൾ (സമ്പാദനം) എന്നിവയാണ് പ്രധാന കൃതികൾ.